സ്വന്തം ലേഖകൻ
കോട്ടയം : പാമ്പാടിയിൽ തൂക്കത്തിൽ കൃത്രിമം കാണിച്ച കോഴിക്കടയ്ക്ക് പൂട്ടിട്ട് പൊലീസ്. ഒന്ന് ഇരുട്ടി വെളുത്തപ്പോൾ പുതിയ കോഴി വിൽപ്പന കേന്ദ്രം തുറന്ന് ഉടമയും. കോഴിയെ വിൽക്കുന്ന സമയത്ത് തൂക്കത്തിൽ കൃത്രിമം കാണിക്കുന്നുണ്ടെന്ന നാട്ടുകാരുടെ പരാതിയെ തുടർന്നാണ് പൊലീസ് എത്തിയാണ് കട അടപ്പിച്ചത്.
എന്നാൽ പൊലീസ് ഉടനെ അടച്ചിട്ട കോഴിക്കട പുതിയ ഉടമക്ക് കൈമാറി പ്രവർത്തനം ആരംഭിക്കുകയായിരുന്നു. പാമ്പാടി ടൗണിൽ എസ്.ബി. ഐ ശാഖയ്ക്കു സമീപം കഴിഞ്ഞ രണ്ടു വർഷമായി പ്രവർത്തിച്ച് വന്നിരുന്ന കോഴിവിൽപന കേന്ദ്രത്തിലാണ് തൂക്കത്തിൽ കൃത്രിമം കാണിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തൂക്കത്തിൽ വ്യത്യാസം വരുത്തുന്നതിനായി ത്രാസിൽ നിന്നും ഒരു വള്ളി നിലത്തേയ്ക്ക് തൂക്കിയിട്ടിരുന്നു. കോഴിയെ ത്രാസിൽ വെച്ചിരിക്കുന്ന ട്രേയിൽ ഇട്ട ശേഷം ഈ വള്ളിയിൽ ചവിട്ടി നിൽക്കുന്നതായിരുന്നുപതിവ്. ഉപഭോക്താവാട്ടെ ഇതു കാണുകയില്ല.
500 ഗ്രാം വരെ ഇങ്ങനെ വ്യത്യാസം ഉണ്ടായതായി നാട്ടുകാർ പറയുന്നു.മറ്റെല്ലാ കടകളിൽ നിന്നും ഒരു കിലോയ്ക്ക് 10 രൂപാ കുറച്ചാണ് ഇവിടെ കോഴിയെ വിറ്റ് വന്നിരുന്നത്.
വള്ളി കെട്ടിയിട്ട് ചവിട്ടി വ്യത്യാസം വരുത്തുന്നത് നാട്ടുകാരും പോലീസും മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു പാമ്പാടി പൊലീസ് അളവുതൂക്ക വിഭാഗത്തെ അറിയിച്ചിട്ടും നടപടിയൊന്നും ഉണ്ടായില്ല.
രണ്ട് ബംഗാൾ സ്വദേശികളാണ് വിൽപനക്ക് കടയിൽ ഉണ്ടായിരുന്നത്.
രാവിലെ എത്തിയ നാട്ടുകാർ കണ്ടത് തലേ ദിവസം അടപ്പിച്ച കട ബോർഡുകളെല്ലാം മാറ്റി പുതിയ വ്യാപാരം തുടരുന്നതാണ്. എന്നാൽ പുതിയ ഉടമ കട ഏറ്റെടുക്കുകയായിരുന്നന്ന് പുതിയ തൊഴിലാളിയും പറഞ്ഞു.