അടിമാലി പള്ളിവാസലിലെ പതിനേഴുകാരിയുടെ മരണം ; പ്രതിയെന്ന് സംശയിക്കുന്ന ബന്ധുവായ അരുണ്‍ തൂങ്ങി മരിച്ചനിലയില്‍ : മൃതദേഹം കണ്ടെത്തിയത് രേഷ്മയുടെ മൃതദേഹം കണ്ടെത്തിയതിന് ഒരു കിലോമീറ്റര്‍ അകലെ

സ്വന്തം ലേഖകന്‍

അടിമാലി : പള്ളിവാസല്‍ പവര്‍ഹൗസ് സമീപത്ത് പതിനേഴുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന അരുണിനെ മരിച്ച നിലയില്‍ കണ്ടെത്തി. രേഷ്മയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയതിന് ഒരു കിലോമീറ്റര്‍ അകലെയാണ് അരുണിന്റെ മൃതദേഹവും കണ്ടെത്തിയത്.

രേഷ്മയുടെ മരണത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ അരുണിന്റെ മുറിയില്‍ നിന്നും ആത്മഹത്യ ചെയ്യും എന്നുള്ള കുറിപ്പും കണ്ടെത്തിയിരുന്നു.

സമീപത്തെ റിസോര്‍ട്ടിലെ സി സി ടി വിയില്‍ പെണ്‍കുട്ടിയും ബന്ധുവായ അരുണും നടന്നുപോകുന്ന ദൃശ്യങ്ങള്‍ കണ്ടെത്തിയതോടെയാണ് അന്വേഷണം അരുണിലേയ്ക്ക് എത്തിയത്. ഇയാളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാക്കിയതും പൊലീസിന് സംശയം ജനിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പള്ളിവാസല്‍ പവര്‍ഹൗസിന് സമീപം കഴിഞ്ഞ ഇരുപതാം തീയതിയാണ് പതിനേഴ് കാരിയായ രേഷ്മയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അരുണിന് പെണ്‍കുട്ടിയോട് പ്രണയ ബന്ധം ഉണ്ടായിരുന്നെന്നു പൊലീസ് പറഞ്ഞു.

എന്നാല്‍ ഇത് രേഷ്മ അംഗീകരിച്ചിരുന്നില്ല. ഒപ്പം തന്റെ കൊച്ചച്ഛനാണ് അരുണെന്ന് ഓര്‍മ്മിപ്പിക്കുകയും ചെയ്തിരുന്നു. ഇതു സംബന്ധിച്ചുണ്ടായ തര്‍ക്കമാകാം കൊലപാതകത്തിലേക്കു വഴിവച്ചതെന്നാണു പൊലീസിന്റെ നിഗമനം.

ബൈസണ്‍വാലി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പഠിക്കുന്ന രേഷ്മ വെള്ളിയാഴ്ച സ്‌കൂളില്‍ നിന്നു വരാന്‍ വൈകിയതോടെ ബന്ധുക്കള്‍ വെള്ളത്തൂവല്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. രേഷ്മയും അരുണും വൈകിട്ട് നാലരയോടെ പവര്‍ഹൗസിനു സമീപം റോഡിലൂടെ നടന്നുവരുന്നതു നാട്ടുകാര്‍ കണ്ടിരുന്നു.

ഇവര്‍ ഒരുമിച്ചു നടക്കുന്ന ദൃശ്യങ്ങള്‍ റോഡരികിലുള്ള റിസോര്‍ട്ടിലെ സിസിടിവിയില്‍ നിന്നു പൊലീസിനു ലഭിച്ചിരുന്നു. ഈ റോഡിനു താഴെ കാടുപിടിച്ചു കിടന്ന സ്ഥലത്ത് നിന്നാണ് രേഷ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.