പാലാരിവട്ടം മേൽപ്പാലം പഞ്ചവടിപ്പാലം പോലെ ആയല്ലോ ;സിനിമാക്കഥ യാഥാർഥ്യമാകുകയാണോ ? : ഹൈക്കോടതി
സ്വന്തം ലേഖിക
കൊച്ചി: പാലാരിവട്ടം മേൽപ്പാലം തകർന്നതിന്റെ യഥാർഥ ഉത്തരവാദി ആരാണെന്ന് ഹൈക്കോടതി. വിജിലൻസ് അന്വേഷണ പുരോഗതിയും കേസിലെ ഓരോരുത്തരുടെയും പങ്കാളിത്തവും രേഖാമൂലം അറിയിക്കാൻ കോടതി സർക്കാരിനോടു നിർദേശിച്ചു.
പാലാരിവട്ടം മേൽപ്പാലം ‘പഞ്ചവടിപ്പാലം’ പോലെ ആയല്ലോ എന്ന വിമർശനമാണ് ഹൈക്കോടതിയിൽനിന്നുണ്ടായത്. ഒരു സിനിമാക്കഥയാണ് യാഥാർഥ്യമായത്. ഇതിന്റെ യഥാർഥ ഉത്തരവാദി ആരാണ്? – കോടതി ആരാഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മേൽപ്പാലം അഴിമതിയിലെ ഇതുവരെയുള്ള അന്വേഷണ പുരോഗതി, ഓരോരുത്തരുടെയും കേസിലെ പങ്കാളിത്തം, പാലം തകർന്നതിലൂടെ സർക്കാരിനുണ്ടായ സാമ്ബത്തികബാധ്യത എന്നിവ രേഖാമൂലം അറിയിക്കാനും കോടതി വിജിലൻസിന് നിർദേശം നൽകി. പാലം പൊളിച്ചു പണിയേണ്ടി വരുമ്പോൾ കോടികളുടെ നഷ്ടമല്ലേ പൊതുഖജനാവിന് ഉണ്ടാകാൻ പോകുന്നതെന്നും കോടതി ചോദിച്ചു. കേസിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്ന സൂചന വിജിലൻസ് നൽകിയിട്ടുണ്ട്.
മന്ത്രിസഭാ തീരുമാനം നടപ്പാക്കുക മാത്രമാണ് താൻ ചെയ്തതെന്ന് ടി ഒ സൂരജ് ജാമ്യഹർജിയിൽ കോടതിയെ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും വിജിലൻസ് പിടിച്ചെടുത്തു കഴിഞ്ഞു.
പാലാരിവട്ടം മേൽപ്പാലം അഴിമതിക്കു പിന്നിലെ യഥാർഥ കുറ്റവാളികളെ കണ്ടെത്തണമെന്ന് ഹൈക്കോടതി നിലപാടെടുത്തതോടെ കേസിൽ വിജിലൻസ് കോടതിയിൽ സമർപ്പിക്കുന്ന എതിർ സത്യവാങ്മൂലം നിർണായകമാകും.