നോട്ടു നിരോധനവും ജിഎസ്ടിയുമൊന്നുമല്ല സാമ്പത്തിക പ്രതിസന്ധിയ്ക്ക് കാരണം : ഹരീഷ് സാൽവെ

നോട്ടു നിരോധനവും ജിഎസ്ടിയുമൊന്നുമല്ല സാമ്പത്തിക പ്രതിസന്ധിയ്ക്ക് കാരണം : ഹരീഷ് സാൽവെ

സ്വന്തം ലേഖിക

ന്യൂഡൽഹി: രാജ്യത്തിന്റെ നിലവിലെ സാമ്പത്തിക തകർച്ചയ്ക്ക് കാരണം സുപ്രീംകോടതിയുടെ ചില വിധികളാണെന്ന് ഉന്നത അഭിഭാഷകനും മുൻ സോളിസിറ്റർ ജനറലുമായ ഹരീഷ് സാൽവെ. ‘ദ ലീഫ്‌ലെറ്റ്’ എന്ന നിയമ വെബ്‌സൈറ്റിൽ അഭിഭാഷകയായ ഇന്ദിരാ ജെയ്‌സിങ്ങിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്. ടുജി സെപ്ക്ട്രം കേസിലും കൽക്കരി ഖനി അഴിമതി കേസിലും അടക്കമുളള സുപ്രീം കോടതി വിധികൾ സാമ്പത്തിക തകർച്ചയിലേക്ക് വഴിവെച്ചുവെന്ന് ഹരീഷ് സാൽവെ അഭിമുഖത്തിൽ പറയുന്നു.

2012ൽ ടുജി സ്‌പെക്ട്രം കേസിൽ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയോടെയാണ് സാമ്പത്തിക പ്രതിസന്ധിക്ക് തുടക്കമായതെന്നും സാൽവെ കുറ്റപ്പെടുത്തുന്നു. സ്പെക്ട്രം കേസിൽ പതിനൊന്ന് ടെലികോം കമ്ബനികളുടെ അഭിഭാഷകനായിരുന്നു സാൽവെ. നിയമപരമല്ലെന്ന് പറഞ്ഞ് ഒറ്റയടിക്ക് 122 സ്‌പെക്ട്രം ലൈസൻസുകളാണ് സുപ്രീംകോടതി റദ്ദാക്കിയത്. അതു രാജ്യത്തെ ടെലികോം വ്യവസായം തകർത്തു. സുപ്രീം കോടതിയെ ആണ് ഇക്കാര്യത്തിൽ തനിക്ക് കുറ്റപ്പെടുത്താനുളളതെന്ന് ഹരീഷ് സാൽവെ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടു ജി ലൈസൻസുകൾ അനധികൃതമായി നേടിയവരുണ്ടാകാം. ലൈസൻസ് ഒന്നടങ്കം റദ്ദാക്കിയപ്പോൾ നിക്ഷേപം നടത്തിയ വിദേശികൾ ഉൾപ്പെടെയുള്ളവർക്കു നഷ്ടമുണ്ടായി. വിദേശികൾക്ക് നിക്ഷേപം നടത്താൻ ഇന്ത്യൻ പങ്കാളി വേണമെന്നത് ഇന്ത്യൻ നിയമമാണ്. ഇന്ത്യൻ പങ്കാളിക്ക് എങ്ങനെയാണ് ലൈസൻസ് കിട്ടിയതെന്നത് വിദേശനിക്ഷേപകർ അറിയണമെന്നില്ല. കോടിക്കണക്കിനു ഡോളറാണു വിദേശികൾ നിക്ഷേപിച്ചത്. പേനയെടുത്ത് സുപ്രീംകോടതി കടുംവെട്ട് വെട്ടിയപ്പോൾ അതെല്ലാം ഇല്ലാതായി. അന്നു തൊട്ടാണ് സമ്ബദ് രംഗത്തിന്റെ തകർച്ച തുടങ്ങിയതെന്ന് അദ്ദേഹം വ്യക്തമാക്കി.

കൽക്കരി ഖനി അഴിമതി കേസിലും ഗോവയിലെ ഇരുമ്ബയിര് ഖനനവുമായി ബന്ധപ്പെട്ട കേസിലും സുപ്രീം കോടതി ഇടപെടൽ സാമ്പത്തിക പ്രതിസന്ധിയുുടെ ആഴം കൂട്ടിയതായി സാൽവെ കുറ്റപ്പെടുത്തി. കൽക്കരി ഖനി അഴിമതി കേസിലെ വിധി ഖനന അനുമതി റദ്ദാക്കിക്കൊണ്ടുളളതായിരുന്നു. ഇതോടെ വിദേശ നിക്ഷേപം ഉൾപ്പെടെ നഷ്ടമായ കൽക്കരി വ്യവസായം തകർന്നു. സമാനമായി ഇരുമ്പയിര് ഖനനത്തിനുളള അനുമതി റദ്ദാക്കിയതും തെറ്റായ വിധിയാണെന്ന് ഹരീഷ് സാൽവെ ചൂണ്ടിക്കാട്ടി.