ഭൂരാഹിത്വം പരിഹരിക്കാൻ സർക്കാർ തയ്യാറാകണം  :ഭൂ അവകാശ സംരക്ഷണ സമിതി

ഭൂരാഹിത്വം പരിഹരിക്കാൻ സർക്കാർ തയ്യാറാകണം :ഭൂ അവകാശ സംരക്ഷണ സമിതി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കേരളത്തിൽ അഞ്ചര ലക്ഷം ഏക്കർ ഭൂമി വിദേശ കമ്പനികളുടെയും ഇന്ത്യൻ കുത്തക കമ്പനികളുടെയും കൈവശം അനധികൃതമായി കൈവശപ്പെടുത്തിയിരിക്കുന്നു. ഈ ഭൂമി നിയമനിർമ്മാണത്തിലൂടെ പിടിച്ചെടുത്ത് നാലര ലക്ഷം വരുന്ന ഭൂരഹിതർക്ക് വിതരണം ചെയ്ത് ഭൂരാഹിത്വം പരിഹരിക്കാൻ സർക്കാർ തയ്യാറാകണമെന്ന് കെ.പി.എം.എസ്.സംസ്ഥാന സമിതി അംഗം എൻ .കെ. നീലകണ്ഠൻ ആവശ്യപ്പെട്ടു. ഭൂ അവകാശ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പാട്ട കാലാവധി കഴിഞ്ഞ മുഴുവൻ ഭൂമിയും സർക്കാർ ഏറ്റെടുത്ത് ഭൂരഹിതർക്ക് വിതരണം ചെയ്യുക, സമഗ്രമായ ഭൂപരിഷ്കരണം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് നടന്ന കളക്ട്രേറ്റ് ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ഇപ്പോൾ നടക്കുന്ന ഭൂസമരങ്ങളോട് സർക്കാർ സ്വീകരിക്കുന്ന നിഷേധാത്മക നിലപാടുകൾ തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എ.കെ.സി.എച്ച്.എം.എസ് സംസ്ഥാന പ്രസിഡൻറ് പി.എസ്. പ്രസാദിന്റെ അദ്ധ്യക്ഷതയിൽ ഭൂ അവകാശ സംരക്ഷണ സമിതി സംസ്ഥാന കൺവീനർ എസ്.രാമനുണ്ണി മുഖ്യ പ്രഭാഷണം നടത്തി, വെണ്ണിയൂർ ഹരി, റ്റി.എൻ.നളിനാക്ഷൻ, ഭൂ അവകാശ സംരക്ഷണ സമിതി ജില്ലാ ഭാരവാഹികളായ വി.എസ്.അജി, രാജേഷ് നട്ടാശേരി, ജി.സജീവ് എന്നിവർ പ്രസംഗിച്ചു. ആർ.രാജേഷ്, ഡി. ശശികുമാർ, പി. കേരളവർമ്മ, ഗീതാ രവി എന്നിവർ ധർണ്ണയ്ക്ക് നേതൃത്വം നൽകി.