വിവാഹത്തിന് വസ്ത്രം എടുക്കാനെത്തിയവരുടെ കാറിന്റെ ചില്ല് തകർത്ത് ഒന്നരലക്ഷം രൂപയും മൊബൈൽ ഫോണും കവർന്നു ; മോഷണം പോയ ബാഗ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി
സ്വന്തം ലേഖകൻ
പാലക്കാട്: വിവാഹത്തിന് വസ്ത്രം എടുക്കാനെത്തിയവരുടെ കാറിന്റെ വിൻഡോ ഗ്ലാസ് തകർത്ത് ഒന്നര ലക്ഷം രൂപയും മൊബൈൽ ഫോണും കവർന്നു. ഒറ്റപ്പാലം എസ്,ആർ.കെ നഗർ മാറാമ്പിൽ കെ.എസ്.ഇ.ബി ജീവനക്കാരനായ എം.സി ആന്റണിയുടെ കാറിൽ നിന്നാണ് പണവും ഫോണും മോഷണം പോയത്.
മകളുടെ വിവാഹത്തിനായി വസ്ത്രം എടുക്കാനെത്തിയതായിരുന്നു ആന്റണിയും കുടുംബവും. നഗരത്തിലെ സ്വകാര്യ വസ്ത്രശാലയ്ക്കു മുന്നിൽ പാർക്ക് ചെയ്ത കാറിന്റെ ചില്ലു തകർത്താണ് പണവും ഫോണും തിരിച്ചറിയൽ രേഖകളും അടക്കം മോഷ്ടിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ദിവസം വൈകുന്നേരം പാലക്കാട് മുനിസിപ്പൽ ബസ് സ്റ്റാൻഡിനു സമീപത്തെ വസ്ത്രശാലയ്ക്ക് സമീപമാണ് സംഭവം. വസ്ത്രശാലയുടെ പാർക്കിങ് ഏരിയയിൽ സ്ഥലമില്ലാതിരുന്നതിനാൽ സെക്യൂരിറ്റിയുടെ നിർദേശമനുസരിച്ച് റോഡിന്റെ ഓപ്പോസിറ്റായിരുന്നു കാർ പാർക്ക് ചെയ്തത്.
കാറിന്റെ പിറകുവശത്ത് ബാഗിനുള്ളിലായിരുന്നു പണവും മൊബൈൽ ഫോണും സൂക്ഷിച്ചിരുന്നത്. വസ്ത്രങ്ങൾ വാങ്ങി വൈകിട്ട് ഏഴോടെ തിരികെയെത്തിയപ്പോഴാണ് കാറിന്റെ വിൻഡോ ഗ്ലാസ് തകർത്ത് പണം മോഷ്ടിച്ച വിവരം അറിയുന്നത്.
എം.സി. ആന്റണിയും ഭാര്യ വി. സിസിലിയും കുടുംബ സുഹൃത്തായ കെ.സി. മാണിക്കും അദ്ദേഹത്തിന്റെ ഭാര്യ ത്രേസ്യക്കുട്ടിക്കും (മീര മാണി) ഒപ്പമാണ് ഉണ്ടായിരുന്നത്. തുടർന്ന് പാലക്കാട് ടൗൺ നോർത്ത് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
പൊലീസെത്തി വാഹനത്തിൽ പരിശോധന നടത്തി.മോഷണം പോയ ബാഗ് പിന്നീട് ഉപേക്ഷിക്കപ്പെട്ട നിലയിൽ പാലക്കാട് പ്രിയദർശിനി തിയറ്ററിന് എതിർവശത്തു നിന്ന് കണ്ടെടുത്തു. എന്നാൽ, അതിൽ പണവും മൊബൈൽ ഫോണും ഉണ്ടായിരുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി.