പാലായിൽ ചെക്ക്ഡാം തുറക്കാനുള്ള ശ്രമത്തിനിടെ ഒരു മരണം ; അപകടം പലകകൾക്കിടയിൽ കയർ കുരുക്കുന്നതിനിടയിൽ

Spread the love

കോട്ടയം :  പാലായിൽ ചെക്ക്ഡാം തുറന്നുവിടാനുള്ള ശ്രമത്തിനിടെ ഒരു മരണം. കരൂർ സ്വദേശി ഉറുമ്പിൽ രാജു (53) ആണ് മരിച്ചത്. പാലാ പയപ്പാർ അമ്പലത്തിന് സമീപം കവറുമുണ്ടയിൽ ചെക്ക്ഡാം തുറന്നുവിടാനുള്ള ശ്രമത്തിനിടെ കൈ പലകകൾക്കിടയിൽ കുരുങ്ങി മുങ്ങിമരിക്കുകയായിരുന്നു.

video
play-sharp-fill

ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം. കരൂർ പഞ്ചായത്തിലെ 7-ാം വാർഡ് കവറുമുണ്ടയിലാണ് സംഭവം. ചെക്ക്ഡാമിന് മറുകരയിൽ 3 കുടുംബങ്ങളാണ് താമസിക്കുന്നത്. ഇവർക്ക് പ്രധാന ജംഗ്ഷനിലേയ്ക്കെത്താൻ ചെക്ക്ഡാമിന് മുകളിലൂടെയാണ് വഴി. അല്ലെങ്കിൽ 2 കിലോമീറ്റർ ഓളം ചുറ്റി സഞ്ചരിക്കണം.

ഇത്തവണ മഴ ശക്തിപ്രാപിക്കും മുൻപേ വെള്ളം തടഞ്ഞുനിർത്തുന്ന പലകകൾ മാറ്റണമെന്ന് കുടുംബങ്ങൾ പഞ്ചായത്തിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടിയുണ്ടായില്ല. തുടർന്ന് പഞ്ചായത്ത് അനുമതിയോടെ ഇന്ന് ഇവർതന്നെ പലകകൾ മാറ്റാനുള്ള ശ്രമത്തിനിടെയായിരുന്നു അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മറുകരയിലെ താമസക്കാരും സുഹൃത്തുക്കളും ചേർന്നാണ് രാജുവിനൊപ്പം പലകകൾ മാറ്റിയത്. ചെക്ക്ഡാമിന് 4 ഷട്ടറുകളാണുള്ളത്. 3 ഷട്ടറുകൾ മാറ്റിയശേഷം അവസാനത്തെ ഷട്ടറിന്റെ പലകകൾ മാറ്റാനുള്ള ശ്രമത്തിനിടെ രാജുവിന്റെ കൈ പലകകൾക്കിടയിൽ കുരുങ്ങി അപകടം സംഭവിക്കുകയായിരുന്നു.

ഒരാൾ താഴ്ചയിലധികം വെള്ളമുള്ളപ്പോഴാണ് പലകകൾ മാറ്റാനുള്ള ശ്രമം നടത്തിയത്. എന്നാൽ ഏതാനും ദിവസം മുൻപ് അധികൃതർ നടപടി സ്വീകരിച്ചിരുന്നുവെങ്കിൽ ഈ അപകടം ഒഴിവാക്കാനാകുമായിരുന്നു എന്ന് പ്രദേശ വാസികൾ പറഞ്ഞു.