വാറ്റ് ചാരായം നിർമിച്ച ബിജെപി പ്രവർത്തകൻ എക്സൈസ് പിടിയിൽ

വാറ്റ് ചാരായം നിർമിച്ച ബിജെപി പ്രവർത്തകൻ എക്സൈസ് പിടിയിൽ

സ്വന്തം ലേഖകൻ

പാലാ: വീട്ടിൽ ചാരായം വാറ്റി വിതരണം നടത്തിവന്ന ബിജെപി പ്രവർത്തകനും ചാരായം വാങ്ങാനെത്തിയ ആളും ഉൾപ്പെടെ രണ്ടുപേരെ എക്സൈസ് സംഘം പിടികൂടി. ബിജെപി പ്രവർത്തകനായ ഏഴാച്ചേരി താമരമുക്ക് പൂവക്കാട്ടിൽ സുരേഷ് ലാൽ (42), ചാരായം വാങ്ങാൻ എത്തിയ അന്തീനാട് മങ്കര വാക്കമറ്റത്തിൽ അശോകൻ (45) എന്നിവരെയാണ് വാറ്റുപകരണങ്ങളും ചാരായവും ഉൾപ്പെടെ പാലാ എക്സൈസ് ഇൻസ്പെക്ടർ സിറിൾ കെ മാത്യൂസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. 16 ലിറ്റർ ചാരായവും 170 ലിറ്റർ വാഷ്, വാറ്റ് ഉപകരണങ്ങളുമാണ് സുരേഷ് ലാലിന്റെ വീട്ടിൽ നിന്നും എക്‌സൈസ് പിടിച്ചെടുത്തത്. വീടിന്റെ അടുക്കളയോട് ചേർന്നുള്ള മുറിയിൽ 20 ലിറ്റർ പ്രഷർകുക്കറും അനുബന്ധ ഉപകരണങ്ങളും സ്ഥാപിച്ചായിരുന്നു ചാരായ വിൽപ്പന നടത്തിവന്നത്. കാലങ്ങളായി ഇവിടെ ചാരായം വാറ്റി വന്നതിന്റെ ലക്ഷണങ്ങൾ കണ്ടെത്തി. ആവശ്യക്കാർക്ക് വീട്ടിൽനിന്ന് വിതരണം ചെയ്യുന്നതോടൊപ്പം വിവിധ സ്ഥലങ്ങളിൽ വിൽപ്പനക്കായും വാറ്റു ചാരായം എത്തിച്ചിരുന്നതായി എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രതികളെ ഇന്ന് പാലാ കോടതിയിൽ ഹാജരാക്കും