മോഹൻലാലിനും നമ്പിനാരായണും പത്മഭൂഷൺ: പ്രണബ് മുഖർജിയ്ക്ക് ഭാരത രത്‌നം; സ്വാമി വിശുദ്ധാനന്ദയ്ക്ക് പത്മശ്രീ
സ്വന്തം ലേഖകൻ
ന്യൂഡൽഹി: രാജ്യത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതികൾ റിപബ്ലിക്ക് ദിനത്തിൽ പ്രഖ്യാപിച്ചു. മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജിയ്ക്ക് ഭാരതരത്‌ന പുരസ്‌കാരം. ഗായകനും സംഗീതജ്ഞനുമായ ഭൂപൻ ഹസാരികയ്ക്കും, സാമൂഹിക പ്രവർത്തകനായ നാനാജി ദേശ്മുഖിനും മരണാനന്തര ബഹുമതിയായി ഭാരതരത്‌നം പ്രഖ്യാപിച്ചിട്ടുണ്ട്. മോഹൻലാലും, നമ്പി നാരായണനും അടക്കം നിരവധി മലയാളികൾക്കും പത്മപുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.
സിനിമാതാരം മോഹൻലാൽ, ചാരക്കേസിൽ കുടുങ്ങിയ ശേഷം നിയമപോരാട്ടത്തിലൂടെ ജീവിതം തിരികെ പിടിച്ച ശാസ്ത്രജ്ഞൻ നമ്പിനാരായണൻ എന്നിവരെ പത്മഭൂഷൺ നൽകി രാജ്യം ആദരിച്ചു. ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, ഗായകൻ കെ.ജി ജയൻ, പുരാവസ്തു ശാസ്ത്രജ്ഞൻ കെ.കെ മുഹമ്മദ് എന്നീ മലയാളികളെയാണ് പത്മശ്രീ പുരസ്‌കാരത്തിനായി തിരഞ്ഞൈടുത്തത്. നടനും നർത്തകനുമായ പ്രഭുദേവ, ഡ്രമ്മർ ശിവമണി എന്നിവർക്കും പത്മശ്രീ പുരസ്‌കാരം നൽകി രാജ്യം അദരിച്ചിട്ടുണ്ട്.
എഴുത്തുകാരൻ കുൽദീപ് നയ്യാറിനു മരണാനന്തപ ബഹുമതിയായി പത്മഭുഷൺ നൽകിയാണ് രാജ്യം ആദരിച്ചത്. ഇന്ത്യൻ ഫുട്‌ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രി, ക്രിക്കറ്റ് താരം ഗൗതം ഗംഭീർ, ചെസ് താരം ഹരിക ദ്രോണവല്ലി, ബാസ്‌ക്കറ്റ് ബോൾ താരം പ്രശാന്തി സിംങ് എന്നിവർക്കും പത്മശ്രീ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 14 പത്മഭൂഷൺ പുരസ്‌കാരങ്ങളും, 94 പത്മശ്രീ പുരസ്‌കാരങ്ങളുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.