തിരുവനന്തപുരത്ത് ലാൽ തന്നെയെന്ന് ഉറപ്പിച്ച് ബിജെപി: പത്മയിട്ട് ലാലിനെ താമരയിൽ വീഴ്ത്തി; പുരസ്കാരം നൽകിയതിലൂടെ വെട്ടിയത് നമ്പി നാരായണന്റെ സ്ഥാനാർത്ഥിത്വവും

തിരുവനന്തപുരത്ത് ലാൽ തന്നെയെന്ന് ഉറപ്പിച്ച് ബിജെപി: പത്മയിട്ട് ലാലിനെ താമരയിൽ വീഴ്ത്തി; പുരസ്കാരം നൽകിയതിലൂടെ വെട്ടിയത് നമ്പി നാരായണന്റെ സ്ഥാനാർത്ഥിത്വവും

സ്വന്തം ലേഖകൻ

ന്യൂഡൽഹി: രണ്ട് മലയാളികൾക്ക് പത്മ പുരസ്കാരം സമ്മാനിച്ചതിലൂടെ ബിജെപി സ്വന്തമാക്കിയത് ഇരട്ട രാഷ്ട്രീയ നേട്ടം. പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർത്ഥിത്വം ഉറപ്പിച്ച ബിജെപി , ഒന്നിന് കൃത്യമായി തടയിടുകയും ചെയ്തു. പത്മഭൂഷൺ നൽകിയതിലൂടെ മോഹൻ ലാലിനെ തിരുവനന്തപുരത്ത് ബി ജെ പി സ്ഥാനാർത്ഥിയാക്കുമെന്ന് ഏതാണ്ട് ഉറപ്പായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഏറെ അടുപ്പമുള്ള മോഹൻ ലാലിനെ കെണിയിൽപ്പെടുത്തി തിരുവനന്തപുരത്ത് മത്സരിപ്പിക്കാനുള്ള നീക്കമാണ് പത്മ പുരസ്കാര ദാനത്തിലുടെ പുറത്ത് വന്നിരിക്കുന്നത്. തിരുവനന്തപുരത്ത് സി പി ഐ സ്ഥാനാർത്ഥിയായി പരിഗണിച്ചിരുന്ന നമ്പി നാരായണന് പത്മ പുരസ്കാരം നൽകിയതിലൂടെ സിപിഐയെയും ഇടത് മുന്നണിയെയും ബിജെപി അക്ഷരാർത്ഥത്തിൽ തുലാസിലാക്കി.
മോഹന്‍ലാല്‍ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്ന പ്രചരണം തിരഞ്ഞെടുപ്പിന് മുൻപ് തന്നെ ശക്തമാണ്. എന്നാല്‍, താന്‍ മത്സരിക്കാനില്ലെന്ന് മോഹൻലാൽ തന്നെ പറഞ്ഞിട്ടും പല തവണ ഈ പേര് തിരഞ്ഞെടുപ്പ് ചർച്ചയിൽ വീണ്ടും വീണ്ടും എത്തുകയും ചെയ്തു . ഈ സമയത്താണ് പത്മഭൂഷന്‍ പുരസ്‌ക്കാരവും തേടിയെത്തുന്നത്. ഇതോടെ ഇനി മോദി ആവശ്യപ്പെട്ടാല്‍ ലാല്‍ എങ്ങനെ സ്ഥാനാര്‍ത്ഥിത്വം നിരസിക്കുമെന്ന ചോദ്യമാണ് ഉയരുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് മോഹന്‍ലാലിനെ തന്നെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന അഭിപ്രായം ബിജെപിയില്‍ ശക്തമാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ബിജെപിക്ക് വിജയപ്രതീക്ഷയുള്ള സീറ്റാണ് തിരുവനന്തപുരം.

ഇവിടെ സ്ഥാനാര്‍ത്ഥിയില്ലെന്നതാണ് ആകെയുള്ള പ്രശ്‌നം. അതുകൊണ്ടാണ് ലാലിനെ പരിഗണിക്കുന്നത്. ആര്‍എസ്‌എസ് നിലപാടും മോഹന്‍ലാലിനൊപ്പമാണ്. എന്നാല്‍ ബിജെപി. സ്ഥാനാര്‍ത്ഥിയാകാന്‍ മോഹന്‍ലാല്‍ ഇതുവരെ സമ്മതംമൂളിയിരുന്നില്ല. പ്രധാനമന്ത്രിയെ കൊണ്ട് ലാലില്‍ സമ്മര്‍ദ്ദം ചെലുത്താനാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ ശ്രമം. എന്‍ എസ് എസിനും മോഹന്‍ലാലിനോട് താല്‍പ്പര്യമാണ്. ഇതോടെയാണ് പുരസ്‌ക്കാരം ലഭിച്ച താരത്തെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള സമ്മര്‍ദ്ദം നടക്കുമോ എന്ന ആശങ്കയും ഉയരുന്നത്. തന്റെ മേഖല സിനിമ ആണെന്ന് അദ്ദേഹം നേരത്തെയും വ്യക്തമാക്കിയതാണ്. എന്നാല്‍, ഇപ്പോഴത്തെ നിലയിൽ അദ്ദേഹത്തെ ഊരാക്കുടുക്കിലേക്ക് ആക്കുന്ന വിധത്തില്‍ കാര്യങ്ങള്‍ എത്തുമോ എന്ന ചോദ്യമാണ് ഉയരുന്നത്.

അതിനിടെ മിസോറാം ഗവര്‍ണ്ണര്‍ കുമ്മനം രാജശേഖരനെ തിരുവനന്തപുരത്ത് മത്സരിപ്പിക്കാനുള്ള നീക്കവും സജീവമാണ്. ലാലോ കുമ്മനമോ അല്ലെങ്കില്‍ എന്‍ എസ് എസ് നോമിനിയെ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാക്കേണ്ടി വരുമെന്ന ആശങ്ക ബിജെപിക്കുണ്ട്. പ്രയാര്‍ ഗോപാലകൃഷ്ണന് വേണ്ടിയാണ് എന്‍ എസ് എസ് നിലപാട് എടുക്കുന്നത്. മോഹന്‍ലാല്‍ ബിജെപിയിലേക്കെന്ന, തുടക്കത്തിലേ പ്രചരിച്ച അഭ്യൂഹം അദ്ദേഹത്തിന്റെ പേര് സ്ഥാനാര്‍ത്ഥിപ്പട്ടികയിലേക്ക് എത്തിക്കുകയായിരുന്നു. മാസങ്ങള്‍ക്കുമുമ്പ് അച്ഛന്റെയും അമ്മയുടെയും പേരിലുള്ള ട്രസ്റ്റിന്റെ ആവശ്യത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടതുമുതലാണ് ലാല്‍ ബിജെപി.യുമായി അടുക്കുന്നെന്ന പ്രചാരണമുയര്‍ന്നത്.

തിരുവനന്തപുരത്ത് മോഹന്‍ലാല്‍ മത്സരിച്ചാല്‍ വിജയിക്കുമെന്നാണ് ബിജെപി.യുടെ വിലയിരുത്തലെങ്കിലും കുഞ്ഞാലി മരയ്ക്കാര്‍ ഉള്‍പ്പെടെയുള്ള സിനിമകളുടെ തിരക്കിലാണ് അദ്ദേഹം. മത്സരത്തിനുള്ള വിസമ്മതം നേരിട്ടല്ലാതെ പാര്‍ട്ടിയെ അദ്ദേഹം അറിയിച്ചതായാണ് വിവരം. പ്രിയദര്‍ശനാണ് കുഞ്ഞാലിമരയ്ക്കാറിന്റെ സംവിധായകന്‍. ആര്‍എസ്‌എസ് ചാനലായ ജനംടിവിയുടെ ചെയര്‍മാനാണ് പ്രിയന്‍. ലാലിന്റെ അടുത്ത കൂട്ടുകാരനായ പ്രിയനെ കൊണ്ടും പരിവാറുകാര്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്.

പ്രിയനോടും രാഷ്ട്രീയ താത്പര്യങ്ങള്‍ ഇല്ലെന്നു നേരത്തേതന്നെ ലാല്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അവസാനശ്രമമെന്ന നിലയില്‍ പ്രധാനമന്ത്രി മുഖേന സമ്മര്‍ദം ചെലുത്തി മത്സരത്തിനിറക്കാനും നീക്കമുണ്ട്. സ്ഥാനാര്‍ത്ഥിയാകില്ലെങ്കില്‍ രാജ്യസഭാംഗമാക്കണമെന്ന് പാര്‍ട്ടിയിലുയര്‍ന്ന ആവശ്യത്തോടും അദ്ദേഹം പ്രതികരിച്ചിട്ടില്ല. സിനിമാ മേഖലയില്‍ നിന്ന് മോഹന്‍ലാലിനെപ്പോലെ തിരുവനന്തപുരത്ത് സുരേഷ്‌ഗോപിയുടെ പേരും ചര്‍ച്ചയാകുന്നുണ്ട്. പലര്‍ക്കൊപ്പം തന്റെ പേരും പ്രചരിക്കുന്നു എന്നല്ലാതെ തനിക്കൊന്നും അറിയില്ലെന്നു സുരേഷ് ഗോപി പറഞ്ഞു. കൊല്ലത്തും സുരേഷ് ഗോപി സജീവ ചര്‍ച്ചയാണ്. എന്നാല്‍ തിരുവനന്തപുരത്തേക്ക് മോഹന്‍ലാല്‍ കഴിഞ്ഞാല്‍ പരിവാറുകാര്‍ക്ക് താല്‍പ്പര്യം കുമ്മനത്തേയാണ്. കുമ്മനം നിലപാട് എടുത്തിട്ടുമില്ല. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനത്തിന് എല്ലാം വിട്ടിരിക്കുകയാണ് കുമ്മനം. ശബരിമല വിഷയം വോട്ടാക്കി മാറ്റാന്‍ ഏറ്റവും അനുയോജ്യനായ സ്ഥാനാര്‍ത്ഥി കുമ്മനമാണെന്നാണ് പൊതു വിലയിരുത്തല്‍.

അതേസമയം പത്മപുരസ്‌ക്കാരം കിട്ടിയ നമ്പി നാരായണനെ തിരുവനന്തപുരത്ത് സിപിഐ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നു എന്ന വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ പുരസ്‌ക്കാരം നല്‍കിയതോടെ ഇടതുസ്ഥാനാര്‍ത്ഥി പ്രതീക്ഷകളെ കൂടിയാണ് മോദി കടയ്ക്കല്‍ വെട്ടിയത്. എന്തായാലും തിരുവനന്തപുരം മണ്ഡലത്തെ ചുറ്റിപ്പറ്റിയാണ് ഇരുവരുടെയും സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ നടക്കുന്നത്. ബിജെപി ടിക്കറ്റില്‍ നടന്‍ മത്സരിക്കുമെന്ന് ദേശീയ മാധ്യമങ്ങളായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ സോഷ്യല്‍ മീഡിയയും മാധ്യമങ്ങളും വിഷയം ചൂടുള്ള ചര്‍ച്ചയാക്കി. വാര്‍ത്ത വന്ന പിന്നാലെ മോഹന്‍ലാലിനെ പ്രകീര്‍ത്തിച്ച്‌ പ്രധാനമന്ത്രിയും ട്വീറ്റ് പങ്കുവെച്ചതോടെ ലാലിന്റെ രാഷ്ട്രീയ പ്രവേശനം യാഥാര്‍ത്ഥ്യമാകുന്നെന്നും അഭ്യൂഹങ്ങള്‍ പരന്നു.

ജന്മാഷ്ടമി ദിനത്തിലായിരുന്നു പ്രധാനമന്ത്രി മോദിയുടെ ഔദ്യോഗിക വസതിയിലെത്തി മോഹന്‍ലാല്‍ കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയെ കുറിച്ചും മോദിയുമൊത്തുള്ള ചിത്രവും മോഹന്‍ലാല്‍ തന്നെയായിരുന്നു സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. 15 മിനിറ്റ് നീണ്ട് നിന്ന് ചര്‍ച്ചയില്‍ മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷനുമായുള്ള കാര്യങ്ങളാണ് ചര്‍ച്ചയായതെന്നും താരം വ്യക്തമാക്കി.വിശ്വാശാന്തി ഫൊണ്ടേഷന്റെ കീഴില്‍ ഒരു കാന്‍സര്‍ സെന്റര്‍ തുടങ്ങാന്‍ പോകുന്നുണ്ടെന്നുംഅതിന് മോദി എല്ലാവിധ പിന്തുണയും അറിയിച്ചിട്ടുണ്ടെന്നും മോഹന്‍ലാല്‍ ഫേസ്‌ബുക്കില്‍ കുറിച്ചു.

ഇതോടെയാണ് മോഹന്‍ലാല്‍ ബിജെപി ടിക്കറ്റില്‍ മത്സരിക്കാന്‍ പോകുകയാണെന്ന വാര്‍ത്തകള്‍ക്ക് ചൂട് പിടിച്ചത്. ദേശീയ മാധ്യമമായ ഡെക്കാന്‍ ഹെറാള്‍ഡ് ആയിരുന്നു വാര്‍ത്ത ആദ്യം പുറത്തുവിട്ടത്. ഇതോടെ സോഷ്യല്‍ മീഡിയ വാര്‍ത്ത ഏറ്റെടുത്തു. നേരത്തേ തന്നെ സംഘപരിവാര്‍ നിലപാട് പുലര്‍ത്തിയ താരം ഒടുവില്‍ ബിജെപി ക്യാമ്പിൽ എത്തി എന്ന രീതിയിലായിരുന്നു വാര്‍ത്തകള്‍ പരന്നത്. ബിജെപി ടിക്കറ്റില്‍ ശശി തരൂരിനെതിരായി തിരുവനന്തപുരത്ത് നിന്ന് ലാല്‍ മത്സരിക്കുമെന്ന് ആര്‍എസ്‌എസ് നേതാവ് വെളിപ്പെടുത്തിയെന്നായിരുന്നു ഡെക്കാന്‍ ഹെറാള്‍ഡ് വാര്‍ത്ത. ഇതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും മാധ്യമത്തോട് നേതാവ് വ്യക്തമാക്കി. ഇതോടെയാണ് ലാലിന്റെ പേര് തിരുവനന്തപുരത്തെ ബിജെപി ടിക്കറ്റിലേക്ക് പറഞ്ഞു കേട്ടത്.