
കൊച്ചി: പാഠപുസ്തകങ്ങളുടെ പുറംചട്ട അച്ചടിക്കാനുള്ള പേപ്പർ തീർന്നതോടെ കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റിയില്‍ (കെബിപിഎസ്) അച്ചടി പ്രവൃത്തി മന്ദഗതിയിലായി.
പുറംചട്ട പേപ്പർ തീർന്നിട്ട് ഒരാഴ്ചയായി. ആവശ്യമായ പേപ്പർ ഉടൻ ലഭിക്കാത്ത പക്ഷം അടുത്ത രണ്ട് ദിവസത്തിനകം അച്ചടി പൂർണമായി നിലയ്ക്കാൻ സാധ്യതയുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയായി പുറം ചട്ടയില്ലാതെയാണ് പുസ്തക അച്ചടി തുടരുന്നത്. ഉള്‍ പേജുകളും പുറം ചട്ടയും വേർതിരിച്ച് അച്ചടിച്ച് പിന്നീട് ബൈൻഡിങ് വിഭാഗത്തില്‍ പുസ്തകരൂപത്തിലാക്കുന്നതാണ് നിലവിലുള്ള സംവിധാനം.
പുറംചട്ട ലഭിക്കാത്തതിനാല്‍ ബൈൻഡിങ് പ്രവർത്തനങ്ങള്‍ തടസ്സപ്പെട്ടിരിക്കുകയാണ്. അച്ചടിച്ച ഉള്‍പ്പേജുകള്‍ പ്ലാന്റിനകത്ത് കൂമ്പാരമായി കിടക്കുന്ന സാഹചര്യമാണുള്ളത്. ഇത് നീക്കാനാകാതെ വന്നാല്‍ പ്രസില്‍ പ്രവർത്തനം തുടരാൻ ഇടമില്ലാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.
കവർ പേജിനുള്ള പേപ്പർ സർക്കാർ നല്‍കേണ്ടതാണ്. മുമ്പ് കെബിപിഎസ് നേരിട്ട് പേപ്പർ വാങ്ങി അച്ചടി നടത്തി, തുടർന്ന് ബില്‍ തുക സർക്കാർ നല്‍കുന്നതായിരുന്നു പതിവ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍ ഈ തുക ലഭിക്കാതെ വന്നതോടെ കുടിശ്ശിക ഏകദേശം 300 കോടി രൂപയായി. ഇതിനെ തുടർന്ന് കെബിപിഎസ് പേപ്പർ വാങ്ങല്‍ നിർത്തുകയും സർക്കാർ നേരിട്ട് പേപ്പർ നല്‍കുന്ന സംവിധാനം ആരംഭിക്കുകയും ചെയ്തു. പുതിയ അധ്യയന വർഷം ആരംഭിക്കാൻ ഒന്നര മാസം മാത്രം ബാക്കി നില്‍ക്കെയാണ് കവർ പേപ്പർ ലഭിക്കാത്ത പ്രതിസന്ധി നിലനില്‍ക്കുന്നത്.
മൂന്നര കോടിയിലധികം പാഠ പുസ്തകങ്ങളാണ് കെബിപിഎസില്‍ അച്ചടിക്കുന്നത്. ഇതില്‍ 64 ശതമാനം പുസ്തകങ്ങളുടെ അച്ചടിയാണ് ഇതുവരെ പൂർത്തിയായത്.
..



