play-sharp-fill
ഇരന്ന് വാങ്ങുന്നത് ശീലമായിപ്പോയി എന്ന് ജയരാജന്റെ മകന്റെ ഒറ്റവരി ഫേസ്ബുക്ക് പോസ്റ്റ്; ജയിന്‍ രാജിന്റെ പോസ്റ്റിലുള്ളത് മന്‍സൂറിന്റെ കൊലപാതക ഗൂഢാലോചനയെന്ന് അഭ്യൂഹങ്ങള്‍; പാനൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണെങ്കില്‍ മകന്റെ അഭിപ്രായവുമായി യോജിക്കുന്നില്ലെന്ന് അച്ഛന്‍ പി ജയരാജന്‍

ഇരന്ന് വാങ്ങുന്നത് ശീലമായിപ്പോയി എന്ന് ജയരാജന്റെ മകന്റെ ഒറ്റവരി ഫേസ്ബുക്ക് പോസ്റ്റ്; ജയിന്‍ രാജിന്റെ പോസ്റ്റിലുള്ളത് മന്‍സൂറിന്റെ കൊലപാതക ഗൂഢാലോചനയെന്ന് അഭ്യൂഹങ്ങള്‍; പാനൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണെങ്കില്‍ മകന്റെ അഭിപ്രായവുമായി യോജിക്കുന്നില്ലെന്ന് അച്ഛന്‍ പി ജയരാജന്‍

സ്വന്തം ലേഖകന്‍

കണ്ണൂര്‍: രാഷ്ട്രീയം പറയാത്ത പി ജയരാജന്റെ മകനും ഒടുവില്‍ വിവാദത്തില്‍. പി ജയരാജന്റെ മകന്‍ ജയിന്‍ രാജിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് വിവാദമാകുന്നത്. ‘ഇരന്ന് വാങ്ങുന്നത് ശീലമായിപ്പോയി’ എന്ന ഒറ്റവരി പോസ്റ്റാണ് വിവാദമായത്. മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ കൊലപാതകത്തിന് പിന്നാലെയുള്ള ജെയിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

കൂത്തുപറമ്പിലേത് ആസൂത്രിത കൊലപാതകമാണെന്നതിന്റെ തെളിവാണ് ഫേസ്ബുക്ക് പോസ്റ്റെന്ന് യൂത്ത് ലീഗ് നേതാവ് പി. കെ ഫിറോസ് പ്രതികരിച്ചു. ഇതിന് പിന്നാലെ പി ജയരാജന്‍ തിരുത്തുമായി രംഗത്തു വന്നു. ഇപ്പോള്‍ ചാനലുകളില്‍ എന്റെ മകന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റ് വാര്‍ത്തയായതായി കണ്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏത് സാഹചര്യത്തിലാണ് മകന്‍ അത്തരമൊരു പോസ്റ്റിട്ടത് എന്നറിയില്ല. പാനൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണെങ്കില്‍ ഇത്തരമൊരു അഭിപ്രായപ്രകടനത്തോട് ഞാന്‍ യോജിക്കുന്നില്ല. ദൗര്‍ഭാഗ്യകരമായ മരണം നടന്ന ആ പ്രദേശത്ത് സമാധാനമുണ്ടാക്കാനുള്ള യജ്ഞത്തിലാണ് പാര്‍ട്ടി അനുഭാവികള്‍ ഏര്‍പ്പെടേണ്ടത്- എന്നായിരുന്നു ജയരാജന്റെ പോസ്റ്റ്.

മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ പുല്ലൂക്കര പാറാല്‍ സ്വദേശി മന്‍സൂറിന് ഇന്നലെയാണ് വെട്ടേറ്റത്. വോട്ടെടുപ്പുമായി ബന്ധപ്പെട്ട് ഇന്നലെ ഉച്ചയോടെ സിപിഐഎം -ലീഗ് സംഘര്‍ഷമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്നലെ രാത്രിയോടെ ആക്രമണമുണ്ടായത്.

കണ്ണൂര്‍ പാനൂരിന് അടുത്ത് കടവത്തൂര്‍ മുക്കില്‍പീടികയിലാണ് ആക്രമണം നടന്നത്. ബോംബ് എറിഞ്ഞ് ഭീതിപടര്‍ത്തിയശേഷം മുഹ്സിനെയും മന്‍സൂറിനെയും വെട്ടുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചയോടെ മന്‍സൂര്‍ മരിക്കുകയായിരുന്നു.

സിപിഎമ്മിന് ഈ കൊലപാതകത്തില്‍ പങ്കില്ലെന്നാണ് പാര്‍ട്ടി നിലപാട്. ഇതിനിടെയാണ് ഇരന്നു വാങ്ങുന്നത് ശീലമായി എന്ന ജയിന്‍ രാജിന്റെ പോസ്റ്റ് ചര്‍ച്ചയായത്.