അധിക്ഷേപം തുടരുന്നു: പിസി ജോർജിനെതിരെ കന്യാസ്ത്രീ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി; ജയിലിൽ ബിഷപ്പിനെ സന്ദർശിച്ച പി സി ജോർജ്ജ് ബിഷപ്പിന്റെ കൈമുത്തി പിന്തുണ അറിയിച്ചു
സ്വന്തം ലേഖകൻ
കോട്ടയം: ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ പരാതി നൽകിയ കന്യാസ്ത്രീയെ അപമാനിച്ച പി.സി ജോർജ് എംഎൽഎയ്ക്കെതിരെ പൊലീസ് കേസെടുത്തു. കന്യാസ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് അന്വേഷിക്കുന്ന വൈക്കം ഡിവൈഎസ്പി കെ.സുഭാഷാണ് കേസെടുത്തത്. ബിഷപ്പ് അറസ്റ്റിലായതിനു പിന്നാലെ കന്യാസ്ത്രീ ജോർജിനെതിരെ അന്വേഷണ സംഘത്തിനു പരാതിയും, പിന്നാലെ മൊഴിയും നൽകുകയായിരുന്നു. ഇതോടെയാണ് പൊലീസ് ജോർജിനെതിരെ കേസെടുത്തത്.
ഇതിനിടെ പാലാ സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ജയിലിലെത്തി സന്ദർശിച്ച് പി.സി ജോർജ് പിൻതുണ അറിയിച്ചു.
തടവിൽ കഴിയുന്ന ബിഷപ്പിന്റെ കൈമുത്തിയ ജോർജ് അനുഗ്രഹം നേടിയ ശേഷം എല്ലാ വിധ പിൻതുണയും അറിയിക്കുകയായിരുന്നു. നടിയെ ആക്രമിച്ച കേസിൽ ജയിലിലായ നടൻ ദിലീപിനെയും ആദ്യ ഘട്ടം മുതൽ തന്നെ ജോർജ്ജ് പിൻതുണച്ചിരുന്നു.
ഫ്രാങ്കോ മുളയ്ക്കലിനെതിരെ ബലാത്സംഗ പരാതി നൽകിയ കന്യാസ്ത്രീയെയും അവരെ പിന്തുണച്ച് സമരം നടത്തിയ മറ്റു കന്യാസ്ത്രീകളെയും വാർത്താസമ്മേളനം നടത്തിയാണ് പി.സി. ജോർജ് അധിക്ഷേപിച്ചത്. ഇതിനെതിരെ ചൊവ്വാഴ്ച രാവിലെയാണ് കന്യാസ്ത്രീ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയത്. കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീയായ പരാതിക്കാരിയാണ് കോട്ടയം എസ്.പിയെ നേരിൽ കണ്ട് പരാതി സമർപ്പിച്ചത്. പി.സി ജോർജ് കോട്ടയം പ്രസ് ക്ലബിലും പൂഞ്ഞാറിലെ അദ്ദേഹത്തിന്റെ വസതിയിലും ചാനൽ ചർച്ചകളിലൂടെയും തന്നെയും തന്റെ കുടുംബത്തേയും തന്നെ പിന്തുണയ്ക്കുന്ന മറ്റ് സിസ്റ്റേഴ്സിനെയും നിരന്തരമായി അപകീർത്തിപ്പെടുത്തുകയും അപമാനിക്കുകയും മാനക്കേടുണ്ടാക്കുകയും സ്ത്രീത്വത്തെ അപമാനിക്കുന്ന വിധത്തിലുള്ള വാക്കുപയോഗിക്കുകയും തന്നെ പിന്തുണയ്ക്കുന്ന മറ്റ് സിസ്റ്റേഴ്സിനെയും അപമാനിക്കുകയും ചെയ്തത് തങ്ങൾക്ക് മാനഹാനിയും കഠിനമായ മനോവേദനയും ഉണ്ടാക്കിയെന്ന് പരാതിയിൽ പറയുന്നു. ഇതിൽ പി.സി ജോർജിനെതിരെ വേണ്ട നടപടി സ്വീകരിക്കണമെന്ന് കാണിച്ചാണ് നടപടി. ജില്ലാ പൊലീസ് മേധാവി പരാതി അന്വേഷണ സംഘത്തിനു കൈമാറി. തുടർന്ന് അന്വേഷണ സംഘം മഠത്തിൽ എത്തി, കന്യാസ്ത്രീയുടെ മൊഴിയെടുക്കുകയും ചെയ്തു. തുടർന്നാണ് ജോർജിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അടുത്ത ഘട്ടമായി ജോർജിനെ വിളിച്ചു വരുത്തി മൊഴിയെടുക്കുകയും, അറസ്റ്റ് അടക്കമുള്ള നടപടികളിലേയ്ക്ക് കടക്കുകയും ചെയ്യും.
എന്നാൽ, ചൊവ്വാഴ്ച ഉച്ചയോടെ പാലാ സബ് ജയിലിൽ എത്തിയ ജോർജ് ബിഷപ്പിനെ സെല്ലിൽ എത്തി കണ്ടു. ജോർജും ബിഷപ്പും തമ്മിൽ പതിനഞ്ച് മിനിറ്റോളം നീണ്ടു നിന്ന ചർച്ച നടത്തുകയും ചെയ്തു. തുടർന്ന് ബിഷപ്പിന്റെ കൈമുത്തി അനുഗ്രഹം വാങ്ങിയ ശേഷമാണ് മടങ്ങിയത്.