ഇന്ന് ഓശാനത്തിരുനാള്‍; പെസഹ വ്യാഴവും ദുഃഖവെള്ളിയും ഈസ്റ്ററും ഉള്‍പ്പെടുന്ന വിശുദ്ധവാര ചടങ്ങുകള്‍ക്കും ഇന്ന് തുടക്കം
സ്വന്തം ലേഖകന്‍
കോട്ടയം: യേശുദേവന്റെ ജറുസലേം പ്രവേശനം അനുസ്മരിച്ച് ക്രൈസ്തവര്‍ ഇന്ന് ഓശാന ഞായര്‍ ആഘോഷിക്കും. കഴുതയുടെ പുറത്ത് വിനയാന്വിതനായി ക്രിസ്തുവിന്റെ ജറുസലേമിലേക്കുള്ള രാജകീയ പ്രവേശനത്തിന്റെ ഓര്‍മയാചരണമാണ് ഓശാന ഞായര്‍. ഓശാന, ഓശാന എന്നു പറഞ്ഞാണ് ജറുസലേം ജനത ക്രിസ്തുവിനെ വരവേറ്റത്. ഓശാന, ഹോസാന എന്നതിന് ‘രക്ഷിക്കണേ’, ‘സഹായിക്കണേ’ എന്നൊക്കെയാണ് അര്‍ത്ഥം.
ജെറുസലേം നഗരത്തിലേക്ക് കഴുതപ്പുറത്ത് യേശുദേവന്‍ കടന്നു ചെല്ലുമ്പോള്‍ നഗരവാസികള്‍ ഒലീവ് ഇലകളുമായി സ്വീകരിച്ചതിന്റെ ഓര്‍മ്മ പുതുക്കലാണ് ഓശാനത്തിരുനാള്‍. ഒലിവ് ചില്ലകള്‍ക്ക് പകരം കുരുത്തോലകളുമായാണ് കേരളത്തിലെ വിശ്വാസികള്‍ ഈ ദിനം ചടങ്ങുകളില്‍ പങ്കെടുക്കുക.
ജറുസലേം നഗരം മുഴുവന്‍ ഇളകിമറിഞ്ഞ് സൈത്തിന്‍ കൊമ്ബുകളും ഒലിവിലകളും വീശി ക്രിസ്തുവിനെ ആര്‍പ്പുവിളിച്ച് സ്വീകരിച്ചതിന്റെ ഓര്‍മയാണ് ഓരോ ഓശാന ഞായറും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ ദിവസം പള്ളികളില്‍, പ്രത്യേക പ്രാര്‍ത്ഥനകളും കുരുത്തോല വെഞ്ചരിപ്പും, കുരുത്തോലകളുമേന്തിയുള്ള പ്രദക്ഷിണവും ഉണ്ടായിരിക്കും. വിശ്വാസികള്‍ കുരുത്തോലയെ വളരെ ഭക്തിയോടെ കൈകാര്യം ചെയ്യുകയും വീട്ടില്‍ ഭദ്രമായി സൂക്ഷിക്കുകയും ചെയ്യുന്നു. ഓശാന ഞായറിന്റെ ഭാഗമായി വിവിധ ദേവാലയങ്ങളില്‍ ചടങ്ങുകള്‍ നടക്കും.
പെസഹ വ്യാഴവും ദുഃഖവെള്ളിയും ഈസ്റ്ററും ഉള്‍പ്പെടുന്ന വിശുദ്ധവാര ചടങ്ങുകള്‍ക്കും ഓശാന ഞായറോടെ തുടക്കമാകും.