video
play-sharp-fill
ഓർത്തഡോക്സ് സഭ പ്രതിഷേധദിനം ആചരിക്കും

ഓർത്തഡോക്സ് സഭ പ്രതിഷേധദിനം ആചരിക്കും

സ്വന്തം ലേഖകൻ

കോട്ടയം: ക്രൈസ്തവ വിശ്വാസത്തിന്റെയും കൂദാശാധിഷ്ഠിതവും മതാധിഷ്ഠിതവുമായ ജീവിതത്തിന്റെയും അവിഭാജ്യ ഘടകമായ കുമ്പസാരം നിർത്തലാക്കണമെന്ന ദേശീയ വനിതാകമ്മീഷൻ അദ്ധ്യക്ഷയുടെ നിർദ്ദേശത്തിനെതിരെ മലങ്കര ഓർത്തഡോക്സ് സഭ ആഗസ്റ്റ് 5 ഞായർ പ്രതിഷേധദിനമായി ആചരിക്കുമെന്ന് എപ്പിസ്‌ക്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദിയസ്‌ക്കോറോസ് മെത്രാപ്പോലീത്തായും, സഭാ അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മനും അറിയിച്ചു. നിക്ഷിപ്ത താല്പര്യങ്ങളോടെ മതസ്പർദ്ധ വളർത്താനുളള തന്ത്രത്തിന്റെ ഭാഗമാണോ ഈ നീക്കം എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മനുഷ്യന്റെ ആകുലതയ്ക്ക് ആശ്വാസം നൽകുന്നതും ആത്മബലം വർദ്ധിപ്പിക്കുന്നതിന് ഉപകരിക്കുന്നതുമായ ഒരു മതാനുഷ്ഠാനം നിരോധിക്കണമെന്ന വികലവും വിചിത്രവുമായ ശുപാർശ വേണ്ടത്ര അന്വേഷണമോ പഠനമോ വിശകലനമോ നടത്താതെയാണ് സമർപ്പിച്ചിട്ടുളളതെന്നതിന്റെ തെളിവാണ് വ്യത്യസ്ത കേന്ദ്രങ്ങളിൽ നിന്നുളള ഭിന്നാഭിപ്രായങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. മതേതരത്വവും ബഹുസ്വരതയുമാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ കരുത്ത് എന്നത് തിരിച്ചറിഞ്ഞ് മതസൗഹാർദ്ദം തകർക്കാനിടയുളള നീക്കങ്ങളിൽ നിന്ന് അതിന് തുനിയുന്നവർ പിന്മാറണമെന്ന് അവർ അഭ്യർത്ഥിച്ചു.