കുന്നത്ത്കളത്തിൽ ചിട്ടി തട്ടിപ്പ്; കേസ് അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറി; മകൾക്കും മരുമകനും ജാമ്യമില്ല; ഞായറാഴ്ച നിക്ഷേപകർ യോഗം ചേരും

കുന്നത്ത്കളത്തിൽ ചിട്ടി തട്ടിപ്പ്; കേസ് അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറി; മകൾക്കും മരുമകനും ജാമ്യമില്ല; ഞായറാഴ്ച നിക്ഷേപകർ യോഗം ചേരും

 സ്വന്തം ലേഖകൻ
കോട്ടയം: നൂറു വർഷത്തിലേറെ പഴക്കമുള്ള നഗരത്തിലെ പ്രമുഖ ധനകാര്യ – ജ്വല്ലറി സ്ഥാപനമായ കുന്നത്ത്കളത്തിൽ ഗ്രൂപ്പ് ആയിരം പേരിൽ നിന്നും നൂറു കോടിയിലേറെ രൂപ തട്ടിയെടുത്ത കേസ് ഇനി ക്രൈംബ്രാഞ്ച് അന്വേഷിക്കും. രണ്ടു കോടിയ്ക്കു മുകളിലുള്ള തട്ടിപ്പു കേസുകൾ ക്രൈംബ്രാ്ഞ്ചിനു കൈമാറണമെന്ന സംസ്ഥാന സർക്കാരിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കേസ് കൈമാറുന്നത്. കോട്ടയം ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഡിവൈഎസ്പിയാവും ഇനി കേസ് അന്വേഷിക്കുക. സർക്കാർ ഉത്തരവ് പുറത്തിറങ്ങിയെങ്കിലും, ഇത് രേഖാമൂലം ലഭിച്ച ശേഷം ക്രൈംബ്രാഞ്ച് സംഘം കോട്ടയം വെസ്റ്റ് സി.ഐ ഓഫിസിൽ എത്തി കേസിന്റെ രേഖകൾ പൊലീസിൽ നിന്നും ഏറ്റുവാങ്ങും.
പക്ഷേ, കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത് അന്വേഷണത്തെ ദുർബലപ്പെടുത്തുമെന്ന ആശങ്ക ഒരു വിഭാഗത്തിനുണ്ട്. നിലവിൽ ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന്റെ നേതൃത്വത്തിൽ മികച്ച രീതിയിലുള്ള അന്വേഷണമാണ് കേസിൽ നടക്കുന്നത്. കേസ് രജിസ്റ്റർ ചെയ്ത് കൃത്യം ഒരു മാസമായപ്പോൾ തന്നെ പ്രത്യേക അന്വേഷണ സംഘം പ്രതികളെ തൃശൂരിൽ നിന്നും അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതിനു ശേഷം ഇതുവരെ വെസ്റ്റ് സ്റ്റേഷനിൽ മാത്രം ഏഴു കേസുകളാണ് പൊലീസ് സംഘം രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൂടുതൽ പേരെ പരാതിക്കാരാക്കി പൊലീസ് സംഘം കേസുകൾ രജിസ്റ്റർ ചെയ്യുന്നതോടെ പ്രതികൾക്ക് ജാമ്യം ലഭിക്കാൻ വൈകും. എന്നാൽ, ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ച് നിർദിഷ്ട സമയത്തിനുള്ളിൽ കേസിൽ കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ പ്രതികൾക്ക് ജാമ്യം ലഭിക്കുന്ന സാഹചര്യം ഉണ്ടാകും. ഇത് കേസിനെ ദുർബലപ്പെടുത്തുമെന്ന സംശയമാണ് ഉയരുന്നത്.
നിലവിൽ വെസ്റ്റ് പൊലീസ് എട്ടു കേസുകളാണ് കുന്നത്ത്കളത്തിൽ ഗ്രൂപ്പ് ഉടമ കാരാപ്പുഴ തെക്കുംഗോപുരം ജിനോഭവനിൽ വിശ്വനാഥൻ (66), ഭാര്യ രമണി (64), മകൾ നീതു, മരുമകൻ ഡോ.ജയചന്ദ്രൻ എന്നിവർക്കെതിരെ പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഈ കേസുകളിൽ ഒന്നിൽ പോലും ഇവർക്ക് ഇതുവരെയും ജാമ്യം ലഭിച്ചിട്ടുമില്ല. കഴിഞ്ഞ ദിവസം കോട്ടയം ജുഡീഷ്യൽ ഒന്നാം ക്ല്ാസ് മജിസ്‌ട്രേറ്റ് കോടതി മൂന്നിൽ നീതുവും ഭർത്താവും ജാമ്യാപേക്ഷ നൽകിയിരുന്നു. എന്നാൽ, ആ അപേക്ഷ കോടതി കഴിഞ്ഞ ദിവസം തള്ളി. മജിസ്‌ട്രേറ്റ് കോടതിയിൽ ആദ്യ ദിവസം തന്നെ സമർപ്പിച്ച അപേക്ഷ തള്ളിയതിനെ തുടർന്ന് ഇന്നലെ ജില്ലാ കോടതിയിൽ ഇരുവരും ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ, ഈ ജാമ്യാപേക്ഷയും ഇന്നലെ കോടതി തള്ളി. ഇതോടെ കേസുകളിൽ എല്ലാം നാലു പേരുടെയും ജാമ്യം തള്ളിയ സ്ഥിതിയായി. ഇതിനിടെ ഹൈക്കോടതിയെ സമീപിച്ച് എല്ലാക്കേസിലും ഒന്നിച്ച് ജാമ്യം എടുക്കുന്നതിനുള്ള നടപടിയും പ്രതികൾ ആരംഭിച്ചിട്ടുണ്ട്.
ഇതിനിടെ ഞായറാഴ്ച രാവിലെ പത്തിനു ഹോട്ടൽ ആനന്ദമന്ദിരം ഓഡിറ്റോറിയത്തിൽ തട്ടിപ്പിനു ഇരയായ നിക്ഷേപകർ യോഗം ചേരുന്നുണ്ട്. ഭാവി സമര പരിപാടികൾ ഇവിടെ ആവിഷ്‌കരിക്കുമെന്നാണ് സൂചന.

Leave a Reply

Your email address will not be published.