ഓർത്തഡോക്സ് ബലാത്സംഗ കേസ്; പീഢനത്തിനിരയായ യുവതി സുപ്രീം കോടതിയിലേക്ക്

ഓർത്തഡോക്സ് ബലാത്സംഗ കേസ്; പീഢനത്തിനിരയായ യുവതി സുപ്രീം കോടതിയിലേക്ക്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഓർത്തഡോക്സ് ബലാത്സംഗ കേസിലെ പീഡനത്തിനിരയായ യുവതിയും സുപ്രിം കോടതിയിലേക്ക്. അന്വേഷണ സംഘത്തോട് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദേശിച്ചിരുന്നു. ഇതിനിടയിലാണ് യുവതി കേസിൽ കക്ഷി ചേരാൻ അഭിഭാഷകൻ ബോബി അഗസ്റ്റിൻ മുഖാന്തരം സുപ്രിം കോടതിയിൽ അപേക്ഷ നൽകിയത്. ബലാത്സംഗ കേസിൽ ഒന്നാം പ്രതി ഫാദർ എബ്രഹാം വർഗീസ്, നാലാം പ്രതി ഫാദർ ജെയിസ് കെ ജോർജ് എന്നിവർ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ സുപ്രിം കോടതിയിൽ രഹസ്യ വാദം പൂർത്തിയായി. കോടതി നിർദ്ദേശിച്ച പ്രകാരം അന്വേഷണ പുരോഗതി റിപ്പോർട്ട് അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ജോസി ചെറിയാൻ സുപ്രിം കോടതിയിൽ സമർപ്പിച്ചു. ഇത് വരെ നടന്ന അന്വേഷണത്തിൽ ഇരയായ യുവതിയെ സംശയിക്കേണ്ട വസ്തുതകൾ ഒന്നും കണ്ടെത്തിയിട്ടില്ല എന്നും യുവതി മജിസ്ട്രേറ്റിന് മുമ്പാകെ നൽകിയ രഹസ്യമൊഴിയും പരാതിയും തമ്മിൽ പൊരുത്തക്കേടില്ലെന്നും വൈദ്യപരിശോധന നടത്തിയതിൽ യുവതിയുടെ പരാതി ശരി ആണെന്നും കണ്ടെത്തിയതായി അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇരയായ യുവതിയെ അപമാനിക്കാൻ പ്രതികൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുക ആണെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ നൽകിയ സത്യവാങ് മൂലത്തിൽ പറയുന്നു. വൈദികർ യുവതിക്ക് അശ്ലീല സന്ദേശങ്ങൾ അയച്ച മൊബൈൽ ഫോൺ പിടിച്ചെടുത്ത് ഫോറൻസിക് പരിശോധനയ്ക്ക് അയക്കണമെന്ന് പൊലീസ് കോടതിയെ അറിയിച്ചു. മുൻകൂർ ജാമ്യം ലഭിച്ചാൽ സഭയിലെ സ്വാധീനം ഉപയോഗിച്ച് പ്രതികൾ തെളിവ് നശിപ്പിക്കാനുള്ള സാധ്യതയുണ്ട് എന്നും അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.