play-sharp-fill
ഓർത്തഡോക്‌സ് വൈദികരുടെ പീഡനം;കേരള ഹൈക്കോടതി മുൻ ജഡ്ജിമാർ ഇന്ന് വാദിക്കും പ്രതിക്കും വേണ്ടി സുപ്രീംകോടതിയിൽ ഹാജരാകും

ഓർത്തഡോക്‌സ് വൈദികരുടെ പീഡനം;കേരള ഹൈക്കോടതി മുൻ ജഡ്ജിമാർ ഇന്ന് വാദിക്കും പ്രതിക്കും വേണ്ടി സുപ്രീംകോടതിയിൽ ഹാജരാകും

ശ്രീകുമാർ

കോട്ടയം:കുമ്പസാര രഹസ്യം പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഢിപ്പിച്ച കേസ് ഇന്ന് സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വരുമ്പോൾ അപൂർവ്വം ഒരു കാഴ്ചയ്ക്ക് കോടതി മുറി സാക്ഷ്യം വഹിക്കും. കേരള ഹൈകോടതിയിലെ മുൻ ജഡ്ജിമാർ വാദിക്കും പ്രതിക്കുമായി ഇരുവശത്തും നിന്ന് വാദിക്കുമ്പോൾ, ഹർജി കേൾക്കുന്ന ബെഞ്ചിൽ കേരള ഹൈകോടതിയിലെ ഒരു മുൻ ചീഫ് ജസ്റ്റിസുമുണ്ടെന്ന അപൂർവ്വ കാഴ്ചയാകും സുപ്രീംകോടതിയിലേത്. കുമ്പസാര രഹസ്യം മറയാക്കി ഓർത്തോഡോക്‌സ് വൈദികർ യുവതിയെ ബലാത്സംഗം ചെയ്തു എന്ന കേസിലെ ഒന്നാം പ്രതി ഫാദർ എബ്രഹാം വർഗീസും നാലാം പ്രതി ഫാദർ ജെയിസ് കെ ജോർജുമാണ് സുപ്രീംകോടതിയിൽ മുൻകൂർ ജാമ്യാപേക്ഷകൾ നൽകിയിരിക്കുന്നത്. ഒന്നാം പ്രതിക്കുവേണ്ടി ഹാജർ ആകുന്നത് പത്ത് വർഷകാലം കേരള ഹൈകോടതി ജഡ്ജി ആയിരുന്ന ജസ്റ്റിസ് ആർ ബസന്ത് ആണ്. സുപ്രീംകോടതിയിൽ ഇന്ന് ക്രിമിനൽ കേസ്സുകൾ കൈകാര്യം ചെയ്യുന്ന പ്രമുഖ അഭിഭാഷകനാണ് ആർ ബസന്ത്. നാലാം പ്രതിക്കുവേണ്ടി ഹാജർ ആകുന്നത് 2008 മുതൽ 2014 വരെ കേരള ഹൈകോടതിയിൽ ജഡ്ജി ആയിരുന്ന തോമസ് പി ജോസഫ് ആണ്. ഒന്നാം പ്രതിയുടെയും നാലാം പ്രതിയുടെയും മുൻകൂർ ജാമ്യാപേക്ഷകളെ എതിർക്കുന്നതാകട്ടെ 2007 ൽ കേരള ഹൈകോടതി ജഡ്ജി ആയിരുന്ന വി. ഗിരി ആണ്. മൂന്ന് പേരുടെയും വാദം കേൾക്കുന്നത് ജസ്റ്റിസ് മാരായ എ കെ സിക്രി , അശോക് ഭൂഷൺ എന്നിവർ അടങ്ങിയ ബെഞ്ചാണ്. ഇതിൽ ജസ്റ്റിസ് അശോക് ഭൂഷൺ 2014 മുതൽ 2016 വരെ രണ്ടു കൊല്ലം കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്നു.