വി.എസിനെ മുന്നിൽ നിർത്തി ഓർത്തഡോക്‌സ് സഭ പിടിക്കാൻ സിപിഎം: വൈദിക പീഡനക്കേസിൽ സഭ അധ്യക്ഷനെയും പ്രതി ചേർത്തേക്കും; കേസ് നിർണ്ണായക വഴിത്തിരിവിലേയ്ക്ക്

വി.എസിനെ മുന്നിൽ നിർത്തി ഓർത്തഡോക്‌സ് സഭ പിടിക്കാൻ സിപിഎം: വൈദിക പീഡനക്കേസിൽ സഭ അധ്യക്ഷനെയും പ്രതി ചേർത്തേക്കും; കേസ് നിർണ്ണായക വഴിത്തിരിവിലേയ്ക്ക്

തോമസ്  എബ്രഹാം

കോട്ടയം: വീട്ടമ്മയെ ലൈംഗികമായി ഉപയോഗിച്ച കേസിൽ അഞ്ചു വൈദികർ പ്രതിസന്ഥാനത്ത് എത്തിയ സംഭവത്തിൽ ഓർത്തഡോസ്‌ക് സഭയെ വരുതിയിൽ നിർത്താൻ തുറുപ്പ് ചീട്ട് പുറത്തിറക്കി സിപിഎം. കോൺഗ്രസുമായി അടുപ്പത്തിൽ നിൽക്കുന്ന സഭയെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ സിപിഎം പാളയത്തിൽ എത്തിക്കുന്നതിനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്. ഇതിന്റെ ഭാഗമായാണ് ഇപ്പോൾ വിഎസിനെ ഉപയോഗിച്ച് സിപിഎം നടത്തിയ തുറുപ്പ് ചീട്ട്. ഇതിനിടെ വിഎസിന്റെ പരാതിയിൽ ഓർത്തഡോക്‌സ് സഭാദ്ധ്യക്ഷൻ ബസേലിയോസ് പൗലോസ് ദ്വിതീയൻ കാത്തോലിക്കാ ബാവയെയും പ്രതിചേർക്കാൻ നീക്കം നടക്കുന്നുണ്ട്. വൈദികർക്കെതിരായി ഉയർന്ന ക്രിമിനൽ സ്വഭാവമുള്ള പരാതി ഒത്തു തീർക്കാൻ ബിഷപ്പ് ശ്രമിച്ചതായുള്ള യുവതിയുടെ ഭർത്താവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സഭാ അധ്യക്ഷനെ പ്രതി ചേർക്കൊൻ ഒരു വിഭാഗം നീക്കം നടത്തുന്നത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അനുകൂല നിലപാടാണ് സഭ സ്വീകരിച്ചിരുന്നത്. എന്നാൽ, ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ സഭ ആർക്കും അനുകൂലമായ നിലപാട് സ്വീകരിച്ചില്ല. പൂർണമായ മൗനമായിരുന്നു ഇവിടെ സഭയുടെ നിലപാട്. ഇത് ഗുണം ചെയ്തതാകട്ടെ സിപിഎമ്മിനായിരുന്നു. ഈ സാഹചര്യത്തിൽ സഭയുടെ പൂർണ പിൻതുണ ആവശ്യമാണെന്നു സിപിഎമ്മും സർക്കാരും കരുതുന്നു. അടുത്ത പാർലമെന്റ് തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നും ഏറ്റവും കൂടുതൽ സീറ്റ് ലക്ഷ്യമിടുന്ന സിപിഎം സംസ്ഥാന നേതൃത്വം ഓർത്തഡോക്‌സ് സഭയുമായി കൂടുതൽ അടുക്കാനാണ് ലക്ഷ്യമിടുന്നത്. സഭാ നേതൃത്വം ഇനി കോൺഗ്രസുമായി അടുക്കാതിരിക്കണമെങ്കിൽ സഭയെ കുടുക്കാൻ സാധിക്കുന്ന തുറുപ്പ് ചീട്ട് തന്നെ കയ്യിൽ വേണമെന്നാണ് സിപിഎം നേതൃത്വം കരുതിയിരുന്നത്. ഇതിനിടെയാണ് അപ്രതീക്ഷിതമായി വൈദിക പീഡനക്കേസ് വീണു കിട്ടിയത്.
പാർട്ടിയ്‌ക്കോ സർക്കാരിനോ പക്ഷേ, ഈ വിഷയത്തിൽ നേരിട്ട് ഇടപെടാൻ സാധിക്കില്ല. അതുകൊണ്ടു തന്നെയാണ് വിഎസ് അച്യുതാനന്ദനെ പാർട്ടി നേരിട്ട് കളത്തിലിറക്കിയത്. പാർട്ടി വിരുദ്ധനെന്ന് മുദ്രകുത്തിയിരിക്കുന്ന വിഎസ് നൽകുന്ന പരാതികൾ പാർട്ടിക്കു ബാധ്യതയാകുകയുമില്ല. ഈ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് പൊലീസിനു അന്വേഷണവുമായി മുന്നോട്ടു പോകുകയും ചെയ്യാം. നിയമപരമായി പൊലീസ് ചെയ്യേണ്ടതെല്ലാം ചെയ്യുമ്പോൾ സർക്കാർ കൃത്യമായി ഇടപെടുകയും പ്രതികളെ രക്ഷിച്ച് സഭയുടെ മുഖം രക്ഷിക്കാനുള്ള നടപടി സ്വീകരിക്കുകയും ചെയ്യും. ഇതുവഴി സിപിഎം സഭയുമായി കൂടുതൽ അടുക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. പക്ഷേ, സഭയുടെ ബുദ്ധി കേന്ദ്രങ്ങൾക്കു മുന്നിൽ ഇത് എത്രത്തോളം വിലപ്പോകുമെന്നാണ് കാത്തിരുന്നു കാണേണ്ടത്.