വൃക്ക നൽകിയതിന്റെ പ്രതിഫലം ആവശ്യപ്പെട്ട യുവതിയോട് ലോഡ്ജിലേക്കു വരാൻ പറഞ്ഞു; നേരിട്ടത് ലൈംഗിക പീഡനവും ഭീഷണിയും; ഇടനിലക്കാരനെതിരെയിട്ട പോസ്റ്റ് വധഭീഷണിമൂലം പിൻവലിച്ചു; പൊലീസും ഏജന്റിന് ഒപ്പമായിരുന്നു; പരാതിയുമായി യുവതി
കൊച്ചി: വൃക്ക നൽകിയതിന്റെ പ്രതിഫലം ആവശ്യപ്പെട്ട യുവതി ലൈംഗിക പീഡനവും നേരിട്ടു.
ശസ്ത്രക്രിയയ്ക്കു ശേഷം ഏജന്റിനോട് മുഴുവൻ തുക ആവശ്യപ്പെട്ട യുവതിയോട് ലോഡ്ജിലേക്കു വരാൻ പറഞ്ഞ ഏജന്റ് ലൈംഗികമായി പീഡിപ്പിച്ചെന്നു യുവതി പറഞ്ഞു. പിന്നീട് ഫോട്ടോകൾ കാണിച്ച് ഭീഷണി തുടർന്നു. അവയവദാനത്തിനായി കൂടുതൽ പേരെ സംഘടിപ്പിച്ചു നൽകാൻ ആവശ്യപ്പെട്ടെന്നും യുവതി പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു.
അവയവദാതാക്കളിൽ ദമ്പതികളും സഹോദരങ്ങളും
എന്നും കാണുന്ന ആളായതിനാൽ ബാക്കി തുക ആവശ്യം വരുമ്പോൾ ചോദിക്കാമല്ലോ എന്നു കരുതി. തന്നെയും റാക്കറ്റിന്റെ കുരുക്കിലാക്കുകയാണെന്ന് മനസ്സിലായപ്പോഴാണ് പൊലീസിൽ പരാതി നൽകിയത്. എന്നാൽ പൊലീസ് ഏജന്റിന് ഒപ്പമായിരുന്നു– യുവതി ആരോപിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അവയവ കച്ചവട തട്ടിപ്പിന് ഇരയായ യുവതി റാക്കറ്റിന്റെ കണ്ണിയായ ഇടനിലക്കാരനെതിരെ 2 മാസം മുൻപു സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ഇട്ടിരുന്നു. റാക്കറ്റിന്റെ വധഭീഷണി കാരണം 2 ദിവസത്തിനു ശേഷം പോസ്റ്റ് പിൻവലിക്കേണ്ടിവന്നു.
ഇടനിലക്കാരന്റെ ചിത്രം അടക്കം യുവതിയിട്ട പോസ്റ്റ് ഇങ്ങനെയാണ്: ‘ഇയാൾ കൊള്ളനടത്തുന്നവനാണ്. ഈ പോസ്റ്റ് ഇട്ടതിന്റെ പേരിൽ എന്നെ കൊല്ലുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഇയാൾ 25 ലക്ഷം രൂപ ഒരു പേഷ്യന്റിന്റെ കയ്യിൽ നിന്നു വാങ്ങിയാണു കിഡ്നി ഡൊണേറ്റ് ചെയ്യിപ്പിക്കുന്നത്. എന്നിട്ട് കിഡ്നി കൊടുക്കാൻ വരുന്നവർക്ക് എന്തെങ്കിലും കൊടുക്കും അത്രേയുള്ളു. പരാതി പറയാൻ പോയാൽ പരാതിക്കാരെ തന്നെ അകത്താക്കുമെന്നു പേടിച്ച് ആരും ഇയാൾക്കെതിരെ തുനിയില്ല. അതാണ് സത്യം. ഇനി എന്റെ അവസ്ഥ എന്താകുമെന്ന് അറിയില്ല. എന്റെ മരണത്തിന് ഉത്തരവാദി ഇവരായിരിക്കും’.
യുവതിയുടെ പരാതിയിൽ അന്വേഷണം നടക്കുന്നതായി പനങ്ങാട് പൊലീസ് അറിയിച്ചു. ഏജന്റിനെതിരെ പീഡനക്കേസും റജിസ്റ്റർ ചെയ്തിട്ടുണ്ട്.