കോട്ടയം: നരേന്ദ്രമോഡി സർക്കാരിനെ അപകീർത്തിപ്പെടുത്തുവാനുള്ള ശ്രമങ്ങളാണ് കോൺഗ്രസ്-സി.പി.എം. നേതൃത്വം നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ഒ. രാജഗോപാൽ എം. എൽ.
എ. അടിയന്തിരാവസ്ഥ പ്രഖ്യാപനത്തിന്റെ 43-ാം വാർഷികം കോട്ടയത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വതന്ത്രഭാരതത്തിന്റെ കറുത്ത അദ്ധ്യായമായിരുന്നു അടിയന്തിരാവസ്ഥ.
പൗരാവകാശങ്ങൾ ഹനിച്ചുകൊണ്ടും ദേശീയ നേതാക്കളെ തുറുങ്കിലടച്ച് നീതിനിഷേധം നടത്തുകയായിരുന്നു ഏകാധിപതിയായിരുന്ന ഇന്ദിരാഗാന്ധി. അടിയന്തിരാവസ്ഥയെ ചെറുത്തു തോൽപ്പിക്കുന്നതിനു പകരം, പിന്നിൽനിന്ന് കുത്തിയ ചരിത്രമാണ് കമ്മ്യൂണിസ്റ്റുകളുടേത്.
അടിയന്തിരാവസ്ഥ സേനാനികൾക്ക് പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ മറ്റു സംസ്ഥാനങ്ങൾ നൽകുമ്പോൾ, കേരളം മുഖംതിരിച്ചു നിൽക്കുന്ന കാഴ്ചയാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എൻ. ഹരി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കെ. ജി. രാജ്‌മോഹൻ, ഏറ്റുമാനൂർ രാധാകൃഷ്ണൻ, അഡ്വ. എൻ. ശങ്കർ റാം, കനകരാജ് എന്നിവർ സംസാരിച്ചു.