സംസ്ഥാനത്ത് വിൽക്കുന്ന 22 കറിപ്പൊടികളിൽ മാരക വിഷം

സംസ്ഥാനത്ത് വിൽക്കുന്ന 22 കറിപ്പൊടികളിൽ മാരക വിഷം

ശ്രീകുമാർ

കോട്ടയം: സംസ്ഥാനത്ത് വിൽപ്പന നടത്തുന്ന പ്രമുഖ കമ്പനികളുടെയെല്ലാം മസാലപൊടികളിൽ മാരകമായ എത്തനോൾ വിഷാംശം കണ്ടെത്തി. എറണാകുളം റീജിയണൽ അനലറ്റിക്കൽ ലാബിലെ പരിശോധനാഫലത്തിലാണ് ഞെട്ടിക്കുന്ന വിവരം. കേരളത്തിൽ വിൽപ്പന നടത്തുന്ന കമ്പനികളുടെ മസാലപൊടി സാമ്പിളുകൾ പരിശോധിച്ചതിൽ 22 എണ്ണത്തിലാണ് മാരക വിഷാംശം കണ്ടെത്തിയത്. എന്നാൽ ഇത് സംബന്ധിച്ച വിവരങ്ങൾ ലഭിച്ചിട്ടും ഭക്ഷ്യ സുരക്ഷാ വകുപ്പ് നടപടി സ്വീകരിച്ചിട്ടില്ല. കറി പൗഡർ കമ്പനികളുടെയെല്ലാം പരസ്യം കിട്ടുന്നതിനാൽ പ്രമുഖ മാധ്യമങ്ങളെല്ലാം വാർത്ത മുക്കി. മുമ്പ് അനുപമ ഐ.എ.എസ് ഭക്ഷ്യ സുരക്ഷാ കമ്മീഷണറായിരിക്കെ നിറപറ മസാലകളിൽ മാരക വിഷം കണ്ടെത്തുകയും നടപടി എടുക്കുകയും ചെയ്തിരുന്നു. ഇപ്പോൾ ഈസ്‌റ്റേൺ, മേളം, സ്വാദ്, ഡബിൾ ഹോഴ്‌സ്, എയ്ഞ്ചൽ തുടങ്ങി പ്രമുഖ കമ്പനികളുടെയെല്ലാം മസാലകളിലാണ് ഏറിയ അളവിൽ എത്തനോൾ കണ്ടെത്തിയത്. ക്യാൻസർ അടക്കമുള്ള മാരകരോഗങ്ങൾക്ക് കാരണമാകുന്ന എത്തനോൾ യാതൊരു നിയന്ത്രണവുമില്ലാതെയാണ് മസാലപ്പൊടികളിൽ ചേർത്ത് മലയാളികളെ നിത്യ രോഗികളാക്കുന്നത്. 2006 ലെ ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം 10 ലക്ഷം രൂപ വരെ പിഴയും ജീവപര്യന്ത തടവും ലഭിക്കാവുന്ന കുറ്റമായിട്ടും സർക്കാർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല.