ഓപ്പറേഷൻ ട്രോജൻ; പുളിക്കീഴ് പോലീസ് സ്റ്റേഷനിൽ നിന്നും രക്ഷപെട്ട പ്രതി വീണ്ടും പിടിയിൽ; പൊലീസിനെ ആക്രമിച്ച് കടന്നുകളഞ്ഞ പ്രതി പിടിയിലായത് ഭാര്യയുടെ ബന്ധുവീട്ടിൽ നിന്ന്
സ്വന്തം ലേഖകൻ
തിരുവല്ല: പുളിക്കീഴ് പോലീസ് സ്റ്റേഷനിൽ നിന്നും രക്ഷപെട്ട പ്രതി വീണ്ടും പിടിയിലായി. യുവാവിനെ വീട് കയറി വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതി നിരണം കൊമ്പങ്കേരി സ്വദേശി സജനെയാണ് ഭാര്യയുടെ അമ്പലപ്പുഴയിലെ ബന്ധുവീട്ടിൽ നിന്നും പിടികൂടിയത്.
കൊമ്പങ്കേരി മാനേച്ചിറ വീട്ടിൽ രഘുവിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ കഴിഞ്ഞ ഏഴ് മാസക്കാലമായി ഒളിവിൽ കഴിഞ്ഞിരുന്ന സജൻ കഴിഞ്ഞദിവസം പുലർച്ചെയാണ് പോലീസിന്റെ പിടിയിലായത്. പ്രാഥമിക കൃത്യം നിർവഹിക്കാനെന്ന വ്യാജേന വൈകിട്ട് ഏഴു മണിയോടെ പോലീസ് കാവലിൽ സ്റ്റേഷന് പുറത്തിറങ്ങിയ പ്രതി പോലീസിനെ വെട്ടിച്ച് കടന്നുകളയുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇയാളുടെ സഹോദരൻ സജിത്തി(26)നെ ഈ കേസിൽ റിമാൻഡ് ചെയ്തിരുന്നു. ആലപ്പുഴ ഇരട്ടക്കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ഗുണ്ടകളെ അറസ്റ്റ് ചെയ്യണമെന്ന് ഡിജിപി കർശന നിർദ്ദേശം നൽകിയിരുന്നു. ഓപ്പറേഷൻ ട്രോജൻ എന്ന പേരിൽ ഇതിനായി പൊലീസിനെ നിയോഗിക്കുകയും ചെയ്തു. കഞ്ചാവ് വില്പന നടത്തുന്ന വിവരം പറഞ്ഞു പരത്തി എന്നാരോപിച്ച് ഗൃഹനാഥനെ വീട്ടിൽ കയറി വെട്ടുകയും വീട് അടിച്ചു തകർക്കുകയും ചെയ്ത കേസിൽ ഒളിവിൽപോയ സഹോദരന്മാരിൽ സജിത്ത് വ്യാഴാഴ്ച പിടിയിലാവുകയും വെള്ളിയാഴ്ച റിമാൻഡ് ചെയ്യുകയും ചെയ്തു.
സജനെയും തൊട്ടുപിന്നാലെ പിടികൂടി. അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കാൻ തയ്യാറെടുക്കുമ്പോൾ മൂത്രമൊഴിക്കണമെന്ന് സജൻ ആവശ്യപ്പെട്ടു. ഒരു കൈയിൽ വിലങ്ങുമായി സജിത്തിനെ ഹരിദാസ് എന്ന പൊലീസുകാരനാണ് പുറത്തേക്ക് കൊണ്ടു പോയത്. ഈ സമയം ഹരിദാസിനെ ആക്രമിച്ച ശേഷം കടന്നു കളയുകയായിരുന്നു.
തിരുവല്ല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.