ഓപ്പറേഷൻ ‘കാവേരിക്ക് ‘സമാപനം..! 3,862 ഇന്ത്യക്കാരെ സുഡാനില്‍നിന്ന് എത്തിച്ചു
സ്വന്തം ലേഖകൻ
ജിദ്ദ:ആഭ്യന്തരയുദ്ധം രൂക്ഷമായ സുഡാനില്‍നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് ആരംഭിച്ച ഓപറേഷന്‍ ‘കാവേരി’പദ്ധതിക്ക് വിജയകരമായ പരിസമാപ്തി.
ഇന്ത്യന്‍ വ്യോമസേനയുടെ കപ്പലിലും വിമാനങ്ങളിലുമായി മൊത്തം 3,862 ഇന്ത്യക്കാരെ സുഡാനില്‍നിന്ന് ജിദ്ദ വഴി എത്തിച്ചതായാണ് കണക്ക്. പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം ഏപ്രില്‍ 25 നാണ് പദ്ധതിക്ക് തുടക്കമായത്. കേന്ദ്രമന്ത്രി വി. മുരളീധരനെയായിരുന്നു ഈ ദൗത്യത്തിനായി കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചിരുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നേരത്തേ ജിദ്ദയിലെത്തിച്ച വ്യോമസേനയുടെ 17 വിമാനങ്ങളിലും അഞ്ചു കപ്പലുകളിലുമായാണ് ഇന്ത്യക്കാരെ സുഡാനില്‍നിന്ന് രക്ഷപ്പെടുത്തി ജിദ്ദയിലെത്തിച്ചത്. പോര്‍ട്ട് സുഡാനില്‍നിന്ന് 270 ഇന്ത്യക്കാരെയും വഹിച്ച് ഐ.എന്‍.എസ് ‘സുമേധ’കപ്പലാണ് ആദ്യ സംഘവുമായി എത്തിയത്. ഏറ്റവുമൊടുവിലെത്തിയ വ്യോമസേനവിമാനത്തില്‍ 47 പേരാണുണ്ടായിരുന്നത്.
വിവിധ ബാച്ചുകളിലായി ജിദ്ദയിലെത്തിച്ചവരെ സ്വീകരിക്കാനും പിന്നീട് ഇന്ത്യയിലേക്ക് യാത്രയയക്കാനും മന്ത്രി വി. മുരളീധരനും ഇന്ത്യന്‍ അംബാസഡര്‍ സുഹേല്‍ ഇഅ്ജാസ് ഖാനും കോണ്‍സല്‍ ജനറല്‍ മുഹമ്മദ് ശാഹിദ് ആലമും വിദേശകാര്യാലയത്തിലെയും എംബസികളിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുമെല്ലാം ജിദ്ദയിലെ പ്രവേശന കവാടങ്ങളിലെത്തിയിരുന്നു.
ജിദ്ദയിലെത്തിച്ചവര്‍ക്ക് ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്കൂളിലായിരുന്നു താല്‍ക്കാലിക താമസമൊരുക്കിയിരുന്നത്.
താമസത്തിനും ചികിത്സക്കും ഭക്ഷണത്തിനും വേണ്ട എല്ലാ സംവിധാനങ്ങളും സജ്ജീകരണങ്ങളും ഇന്ത്യന്‍ എംബസിയും ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റും ചേര്‍ന്ന് ഒരുക്കിയിരുന്നു. സഹായത്തിനായി പ്രത്യേക കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിച്ചിരുന്നു. സുഡാനില്‍നിന്നെത്തുന്നവരെ സ്വീകരിക്കുന്നതിനും ആവശ്യമായ സേവനങ്ങള്‍ക്കും ഇന്ത്യന്‍ എംബസിയും ജിദ്ദ കോണ്‍സുലേറ്റും വലിയ ഉദ്യോഗസ്ഥ സംഘത്തെയാണ് നിയോഗിച്ചത്. കൂടാതെ, ജിദ്ദയിലെ സന്നദ്ധ സേവന സംഘടനകളും മുഴുസമയ സേവനവുമായി രംഗത്തുണ്ടായിരുന്നു.
ആരോഗ്യ സേവനത്തിനായി അബീര്‍ മെഡിക്കല്‍ ഗ്രൂപ് ടീമും സൗദി ഇന്ത്യന്‍ ഹെല്‍ത്ത് കെയര്‍ ഫോറം പ്രവര്‍ത്തകരും സ്ഥലത്ത് ക്യാമ്ബ് ചെയ്തിരുന്നു. ആദ്യസംഘം ജിദ്ദയിലെത്തി തൊട്ടടുത്ത ദിവസം മുതല്‍ ഇന്ത്യയിലേക്ക് ആളുകളെയും വഹിച്ചുള്ള വിമാനങ്ങള്‍ പുറപ്പെട്ടു. 360 പേരുമായി സൗദി എയര്‍ലൈന്‍സിന്റെ എസ്.വി 3620 പ്രത്യേകവിമാനത്തില്‍ ഡല്‍ഹിയിലേക്കാണ് ആദ്യസംഘം പുറപ്പെട്ടത്. തൊട്ടടുത്ത ദിവസങ്ങളിലായി ഡല്‍ഹിക്ക് പുറമെ മുംബൈ, ബംഗളൂരു, അലഹബാദ്, കൊച്ചി എന്നിവിടങ്ങളിലേക്കും ആളുകളെ അയച്ചു.