video
play-sharp-fill
ഊരാളുങ്കൽ സൊസൈറ്റിക്കായി വഴിവിട്ട നീക്കങ്ങൾ ; സാധ്യതാ പഠനത്തിന് 35 ലക്ഷം നൽകാൻ ഉത്തരവ്

ഊരാളുങ്കൽ സൊസൈറ്റിക്കായി വഴിവിട്ട നീക്കങ്ങൾ ; സാധ്യതാ പഠനത്തിന് 35 ലക്ഷം നൽകാൻ ഉത്തരവ്

 

സ്വന്തം ലേഖകൻ

കൊച്ചി: സംസ്ഥാന പൊലീസിന്റെ ഡേറ്റാ ബേസ് കോഴിക്കോട്ടെ സി.പി.എം നിയന്ത്രണത്തിലുള്ള ഊരാളുങ്കൽ സൊസൈറ്റിക്കായി തുറന്നുകൊടുക്കാനുള്ള ഉത്തരവിന് പിന്നാലെ ആഭ്യന്തരവകുപ്പിന്റെ കൂടുതൽ ഒളിച്ചുകളികൾ പുറത്ത്.

കൊച്ചിയിലെ സാധ്യതാ പഠനത്തിന് കേന്ദ്രഫണ്ടിൽ നിന്ന് 35 ലക്ഷം അനുവദിക്കാനാണ് ഉത്തരവിട്ടിരിക്കുന്നത്. പാസ്പോർട്ട് പരിശോധനയ്ക്കുള്ള സോഫ്റ്റ് വെയർ പദ്ധതിക്കായാണ് പണം അനുവദിച്ചത്. ഇതുസംബന്ധിച്ച് കഴിഞ്ഞയാഴ്ചയാണ് ഡിജിപി ഉത്തരവ് ഇറക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാസ്പോർട്ട് അപേക്ഷാ പരിശോധനയ്ക്കുളള സോഫ്റ്റ്വെയർ നിർമാണത്തിനായി സംസ്ഥാന പൊലീസിന്റെ ഡേറ്റാ ബേസ് സിപിഎം നിയന്ത്രണത്തിലുളള കോഴിക്കോട്ടെ ഊരാളുങ്കൽ സൊസൈറ്റിക്ക് തുറന്നു കൊടുക്കണമെന്ന ഡിജിപി ലോക്നാഥ് ബെഹ്റയുടെ ഉത്തരവ് ഇക്കഴിഞ്ഞ ഒക്ടോബർ 29 നാണ് പുറത്തുവന്നത്.

അതീവ പ്രധാന്യമുളള ക്രൈം ആന്റ് ക്രിമിനൽ ട്രാക്കിങ് നെറ്റ്വർക്ക് സിസ്റ്റത്തിലെ മുഴുവൻ വിവരങ്ങളും പരിശോധിക്കാൻ കഴിയുന്ന തരത്തിലുള്ള സ്വതന്ത്രാനുമതിയാണ് നൽകിയത്.

മാത്രമല്ല, സംസ്ഥാന പൊലീസിന്റെ സൈബർ സുരക്ഷാ മുൻകരുതൽ മറികടന്ന് ഡേറ്റാ ബേസിൽ പ്രവേശിക്കാനുളള അനുവാദവുമുണ്ട്.സംസ്ഥാനത്തെ മുഴുവൻ പൊലീസ് വിവരങ്ങളും ഊരാളുങ്കൽ സൊസൈറ്റിക്ക് ഞൊടിയിടയിൽ കിട്ടുന്ന വിധത്തിലാണ് അനുമതി നൽകിയിരിക്കുന്നത്.

ഉന്നത പൊലീസ് ഉദ്യോഗസ്ഥർ മുതൽ കുറ്റവാളികൾ വരെയുളളവരുടെ മുഴുവൻ വിശദാംശങ്ങളും ഊരാളുങ്കൽ സൊസൈറ്റിയുടെ സോഫ്റ്റ് വെയർ നിർമാണ യൂണിറ്റിന് ലഭിക്കും. സാധാരണ ഗതിയിൽ സാമ്പിൾ ഡേറ്റ ഉപയോഗിച്ച് സ്വകാര്യ കമ്പനികൾ സോഫ്റ്റ്വെയറുകൾ നിർമിക്കുമ്പോഴാണ് ഊരാളുങ്കലിനായി ഈ നീക്കം.

ഒക്ടോബർ 25ന് നൽകിയ അപേക്ഷയിൽ നാലു ദിവസത്തിനുളളിൽത്തന്നെ സൈാസൈറ്റിക്ക് ഡേറ്റാ ബേസിൽ പ്രവേശിക്കാൻ ഡിജിപി അനുമതി നൽകുകയായിരുന്നു. എന്നാൽ നവംബർ 2ന് മാത്രമാണ് പദ്ധതിയെക്കുറിച്ച് പഠിക്കാൻ സമിതിയെ നിയോഗിച്ചത്.

എന്നാൽ ഊരാളുങ്കലിന് ഡേറ്റാ ബേസിലെ മുഴുവുൻ വിവരങ്ങളും കിട്ടില്ലെന്നും പാസ്പോർട്ടുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് മാത്രമാണ് അനുമതിയെന്നുമാണ് ഡിജിപി ഓഫീസിന്റെ വിശദീകരണം.