ഉമ്മൻ ചാണ്ടി അന്തരിച്ചു, അതുകൊണ്ട് തന്നെ ആരോപണങ്ങള്‍ അന്തരീക്ഷത്തില്‍ നില്‍ക്കുന്നത് ശരിയല്ല; അത് ഉമ്മൻ ചാണ്ടിയുടെ ആത്മാവ് പൊറുക്കില്ല; ഇനി ആരോപണം തെറ്റാണെങ്കില്‍ ഗണേശിന്റെ സത്യസന്ധത തെളിയട്ടേ; കോടതിയുടെ വാക്കുകള്‍ കേസില്‍ ഇനി അതിനിര്‍ണ്ണായകം; ജസ്റ്റീസ് പിവി കുഞ്ഞികൃഷ്ണന്റേത് ‘ആത്മാവില്‍ തൊടുന്ന’ ഉത്തരവ്; സോളാര്‍ കത്തില്‍ നിയമപരമായ തീര്‍പ്പ് അനിവാര്യം

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊച്ചി: സോളര്‍ കേസിലെ പരാതിക്കാരിയുടെ കത്തില്‍ കൂട്ടിച്ചേര്‍ക്കലുകളുണ്ടായെന്നും ഗൂഢാലോചന നടത്തിയെന്നും ആരോപിച്ചു തനിക്കെതിരെയുള്ള കൊട്ടാരക്കര ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിലെ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു മുൻ മന്ത്രി കെ.ബി.ഗണേശ് കുമാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളുന്നത് നിര്‍ണ്ണായക പരമാര്‍ശവുമായി.

കോടതിയുടെ വാക്കുകള്‍ കേസില്‍ ഇനി അതിനിര്‍ണ്ണായകമായി മാറും. സിബിഐയുടെ കണ്ടെത്തലുകള്‍ക്കൊപ്പം പ്രധാനപ്പെട്ടതാണ് ജസ്റ്റിസിന്റെ വാക്കുകളും. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആത്മാവിനു നീതി ലഭിക്കണമെങ്കില്‍ ഈ കേസ് മുന്നോട്ടുപോകണമെന്നും നിയമപരമായ തീരുമാനത്തിലെത്തണമെന്നും ജസ്റ്റിസ് പി.വി.കുഞ്ഞിക്കൃഷ്ണൻ ഉത്തരവില്‍ വിശദീകരിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മറിച്ച്‌, ഹര്‍ജിക്കാരനെതിരെയുള്ള ആരോപണങ്ങള്‍ തെറ്റാണെങ്കില്‍ എംഎല്‍എയായ ഗണേശ് കുമാറിന്റെ സത്യസന്ധത തെളിയിക്കപ്പെടുമെന്നും കോടതി കൂട്ടിച്ചേര്‍ത്തു. കെ.ബി. ഗണേശ് കുമാറിനെയും സോളര്‍ കേസിലെ പരാതിക്കാരിയെയും എതിര്‍കക്ഷികളാക്കി അഡ്വ. സുധീര്‍ ജേക്കബാണ് പരാതി നല്‍കിയത്. ഗൂഢാലോചന ആരോപണമായി നിലനില്‍ക്കുന്നിടത്തോളം കാലം ഉമ്മൻ ചാണ്ടിയുടെ ആത്മാവ് പൊറുക്കില്ലെന്നും ഹൈക്കോടതി പറഞ്ഞു.

മുൻ മുഖ്യമന്ത്രി കൂടിയായ ഉമ്മൻ ചാണ്ടി അന്തരിച്ചു. അതുകൊണ്ട് തന്നെ ആരോപണങ്ങള്‍ അന്തരീക്ഷത്തില്‍ നില്‍ക്കുന്നത് ശരിയല്ല. അത് ഉമ്മൻ ചാണ്ടിയുടെ ആത്മാവ് പൊറുക്കില്ല. കേസ് തുടരേണ്ടത് ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിനും അനിവാര്യതയാണ്. അദ്ദേഹത്തിന്റെ ആത്മാവ് നിത്യശാന്തി കിട്ടട്ടേ. ഈ ഹര്‍ജി കളവാണെന്ന് തെളിഞ്ഞാല്‍ ഗണേശ് കുമാറിന് പരാതിക്കാരനെതിരെ നിയമ നടപടികളും എടുക്കാം. ഹൈക്കോടതി നിരീക്ഷണങ്ങളെ വിചാരണ കോടതി മുൻവിധിയോടെ എടുക്കരുതെന്നും ഹൈക്കോടതി വിധിയില്‍ പറയുന്നു.

കൊട്ടാരക്കര കോടതിയില്‍ കുറ്റം ആരോപിക്കപ്പെട്ടാല്‍ അതിനെതിരെ ഗണേശ് കുമാറിന് നിയമപരമായി തന്നെ വിടുതല്‍ ഹര്‍ജി നല്‍കാം. അങ്ങനെ ഗണേശിന് നിരപരാധിത്വം തെളിയിക്കാൻ അവസരമൊരുങ്ങുമെന്ന നിരീക്ഷണങ്ങളും ജസ്റ്റീസ് പി വി കുഞ്ഞികൃഷ്ണന്റെ വിധിയിലുണ്ട്. അഡ്വക്കേറ്റ് ബി രാമൻപിള്ളയുടെ വാദങ്ങളെല്ലാം കേട്ട ശേഷമാണ് ഇത്തരത്തിലൊരു വിധിയിലേക്ക് കോടതി എത്തുന്നത്.

ഗണേശ് കുമാറിന് വേണ്ടിയാണ് വിവിധ കേസുകളടക്കം പരാമര്‍ശിച്ച്‌ രാമൻപിള്ള വാദമുയര്‍ത്തിയത്. എന്നാല്‍ നിയമവും ധാര്‍മികതയും എല്ലാം ചര്‍ച്ചയാക്കി കേസ് തുടരണമെന്ന് ഹൈക്കോടതിയും പറയുന്നു. സോളര്‍ കമ്മിഷന് മുന്നില്‍ പരാതിക്കാരി ഹാജരാക്കിയ കത്തില്‍ കൃത്രിമത്വം നടത്തിയെന്ന ഹര്‍ജിയില്‍ കെ.ബി.ഗണേശ് കുമാര്‍ എംഎല്‍എ നേരിട്ട് ഹാജരാകണമെന്ന് കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടിരുന്നു.

പരാതിയില്‍ കഴമ്ബുണ്ടെന്ന് കണ്ടെത്തിയ കൊട്ടാരക്കര കോടതി 624- 2021 നമ്ബറായി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസ് റദ്ദാക്കണമെന്നതായിരുന്നു ഗണേശിന്റെ ആവശ്യം. ഹര്‍ജി ഹൈക്കോടതി തള്ളിയതോടെ കൊട്ടാരക്കര കോടതി നിയമ നടപടികളിലേക്ക് കടക്കും. ഗണേശ് കുമാറിനെ മന്ത്രിയാക്കുന്നത് ഇടതുപക്ഷത്തിന്റെ പരിഗണനയിലാണ്. അതിനിടെയാണ് സോളാര്‍ കേസ് ചര്‍ച്ചയാകുന്നതും.

സോളാര്‍ പീഡനക്കേസിലെ പരാതിക്കാരിയുടെ കത്തില്‍ ഗൂഢാലോചന നടത്തിയെന്നായിരുന്നു ഗണേശ് കുമാറിനെതിരെയുള്ള പരാതി. കത്തില്‍ പേജുകള്‍ എഴുതിച്ചേര്‍ത്തെന്നും മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേര് എഴുതിച്ചേര്‍ക്കാനുമായി ഗൂഢാലോചന നടത്തിയെന്നായിരുന്നു പരാതി. തുടര്‍ന്ന് കൊട്ടാരക്കര മജിസ്‌ട്രേറ്റ് കോടതി ഈ വിഷയത്തില്‍ കേസ് എടുക്കുകയും ഗണേശ് കുമാറിനോടും പരാതിക്കാരിയോടും നേരിട്ട് ഹാജരാകാൻ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഗണേശ് കുമാര്‍ ഹാജരായിരുന്നില്ലെന്ന് മാത്രമല്ല കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

കേസിന്റെ തുടര്‍ നടപടികള്‍ക്കുള്ള സ്റ്റേ ഹൈക്കോടതി കഴിഞ്ഞതവണ നീക്കിയിരുന്നു. സോളര്‍ കേസില്‍ പരാതിക്കാരിയുടെ കത്തില്‍ തിരുത്തല്‍ വരുത്താൻ ഗൂഢാലോചന നടത്തിയെന്നും, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേര് പിന്നീട് എഴുതിച്ചേര്‍ത്തതാണെന്നുമാണ് പരാതി. കേസില്‍ ഗണേശ് കുമാറിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കണ്ടെത്തി നേരിട്ട് ഹാജരാകാൻ കൊട്ടാരക്കര കോടതി സമൻസ് അയച്ചിരുന്നു.

സോളാര്‍ കേസിലെ പരാതിക്കാരിയായ സ്ത്രീ 21 പേജുള്ള കത്ത് പത്തനംതിട്ട ജില്ലയില്‍ കഴിയുമ്ബോള്‍ എഴുതുകയുണ്ടായി. അതില്‍ നാല് പേജ് കൂടി പുതുതായി എഴുതിച്ചേര്‍ത്തു എന്നതായിരുന്നു സിബഐയുടെ കണ്ടെത്തല്‍. ഉമ്മൻ ചാണ്ടിക്കെതിരേയുള്ള ഗൂഢാലോചനയുടെ ഭാഗമായിരുന്നെന്നും സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ റിപ്പോര്‍ട്ട് കൊട്ടാരക്കര കോടതിയിലെ കേസില്‍ നിര്‍ണ്ണായകമായി മാറും.

സോളാര്‍ ആരോപണങ്ങളില്‍ നിയമസഭയില്‍ താൻ അര്‍ധസത്യങ്ങള്‍ മാത്രമേ പറഞ്ഞിട്ടുള്ളൂവെന്നും ബാക്കി സത്യം കൈയിലിരിപ്പുണ്ടെന്നും കെ.ബി.ഗണേശ്കുമാര്‍ നേരത്തെ കൊട്ടാരക്കരയില്‍ കേരള കോണ്‍ഗ്രസ് (ബി) നടത്തിയ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. സോളാര്‍ കേസില്‍ ആര്‍.ബാലകൃഷ്ണപിള്ള ഇടപെട്ടിട്ടുണ്ടെങ്കില്‍ യു.ഡി.എഫിന്റെ ചില പ്രമുഖനേതാക്കള്‍ ആവശ്യപ്പെട്ടിട്ടാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ മനസ്സിലാക്കണമെന്നും ഗണേശ് വിശദീകരിച്ചിരുന്നു.

എനിക്കെതിരേ പറഞ്ഞാല്‍ കഥ മുഴുവൻ പറയാൻ കഴിയുന്ന അനേകം ആളുകളുണ്ട്. മുഖ്യമന്ത്രിയും ഞാനും ഗൂഢാലോചന നടത്തിയെന്ന് 77 പേജുള്ള സിബിഐ. റിപ്പോര്‍ട്ടിലെങ്ങും പറഞ്ഞിട്ടില്ല. ഗൂഢാലോചന നടത്തി ജീവിക്കേണ്ട ഗതികേട് ഗണേശ്കുമാറിനില്ല. കഴിഞ്ഞ 22 വര്‍ഷമായി തന്നെക്കുറിച്ചു പറയാൻ പാടില്ലാത്ത വൃത്തികേടുകള്‍ പറഞ്ഞിട്ടും ഇരു മുന്നണിയിലും മത്സരിച്ച്‌ ഭൂരിപക്ഷംകൂട്ടിയെന്നത് അഭിമാനമാണെന്നും ഗണേശ്കുമാര്‍ പറഞ്ഞിരുന്നു.