ഓൺലൈനിൽ പോൺ വീഡിയോ കാണുന്നവരെ പൂട്ടാൻ കേരള പൊലീസിന്റെ രണ്ട് പദ്ധതികൾ ; സൂക്ഷിച്ചാൽ അഴിയെണ്ണാതിരിക്കാം
സ്വന്തം ലേഖകൻ
പാലക്കാട്: ഓൺലൈനിൽ പോൺ വീഡിയോ കാണുന്നവരുടെ എണ്ണം കൂടിവരികയാണ്.കുട്ടികൾക്കെതിരായ ഓൺലൈൻ ലൈംഗിക അതിക്രമങ്ങൾ അന്വേഷിക്കാൻ കേരള പൊലീസിന്റെ നേതൃത്വത്തിൽ പ്രത്യേക സംവിധാനം ആരംഭിക്കുകയാണ്. കൂടാതെ കുട്ടികൾക്കുവേണ്ടി പൊലീസ് നടപ്പാക്കുന്ന പദ്ധതികളുടെ ഏകോപനത്തിനായി റിസോഴ്‌സ് സെന്റർ സ്ഥാപിക്കും.
കേസുകളുടെ ഏകോപനവും നിരീക്ഷണവും എ.ഡി.ജി.പി മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തിൽ നടക്കും. തിരുവനന്തപുരം പേരൂർക്കട പൊലീസ് ബറ്റാലിയന് സമീപത്താവും രണ്ടു സ്ഥാപനത്തിന്റെയും ആസ്ഥാനം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ, ഇന്റർപോൾ എന്നിവയുടെ സഹകരണത്തോടെയാവും രണ്ട് സ്ഥാപനങ്ങളും പ്രവർത്തിക്കുക. ഇതോടൊപ്പം കാണാതായ കുട്ടികൾക്കായി പ്രവർത്തിക്കുന്ന രാജ്യാന്തര കേന്ദ്രത്തിന്റെ സഹായവും ലഭിക്കും.
കുട്ടികൾക്കെതിരായ ഓൺലൈൻ അതിക്രമങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ ഓൺലൈനിൽ കാണുന്നവർക്കെതിരെയുള്ള അന്വേഷണവും സംഘത്തിന്റെ പരിധിയിൽ വരും.
നേരത്തെ കുട്ടികളുടെ നഗ്‌ന ദൃശ്യങ്ങൾ തുടർച്ചയായി സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ച 12പേരെ ഓപ്പറേഷൻ പി-ഹണ്ടിലൂടെ പൊലീസ് പിടികൂടിയിരുന്നു. പതിനെട്ട് വയസിന് താഴെയുള്ള കുട്ടികളുടെ അശ്ലീല വീഡിയോകൾ പ്രചരിക്കുന്നത് തടയുന്നതിനായി സൈബർഡോം ആരംഭിച്ച ‘ഓപ്പറേഷൻ പി-ഹണ്ടി’ന്റെ റെയ്ഡിലാണ് പ്രതികൾ പിടിയിലായത്. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും നിരവധി നഗ്‌ന ചിത്രങ്ങൾ ഇവർ പ്രചരിപ്പിച്ചിട്ടുണ്ട്.
ഓരോ കേസുകളുടെ അന്വേഷണത്തിന്റെ പുരോഗതി ഡി.ജി.പിയെ നേരിട്ട് അറിയിക്കും. കുട്ടികളുമായി ബന്ധപ്പെട്ട ഏതു വിവരങ്ങളും നൽകാവുന്ന കോൾസെന്ററും സജ്ജമാണ്. സൈബർ സാങ്കേതിക വിദ്യയിൽ വിദഗ്ധ പരിശീലനം ലഭിച്ച 70 ഉദ്യോഗസ്ഥർ അന്വേഷണ സംഘത്തിലുണ്ട്. ഐജി പി. വിജയനാണ് ഈ കേന്ദ്രത്തിന്റെ നോഡൽ ഓഫീസർ.