വൺ എം.പി – വൺ ഐഡിയ മത്സരം; വൈദ്യുതി വിതരണത്തിലെ നഷ്ടം ഒഴിവാക്കാനുള്ള ആശയത്തിന് ഒന്നാം സ്ഥാനം
സ്വന്തം ലേഖകൻ
കോട്ടയം : ജോസ് കെ.മാണി എം.പിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘വൺ എം.പി-വൺ ഐഡിയ’ മത്സരത്തിൽ പാത്താമുട്ടം സെന്റ് ഗിറ്റ്സ് കോളേജിലെ ഇലക്ട്രിക് ആൻഡ് ഇലക്ട്രോണിക്സ് വിഭാഗത്തിലെ അൽത്താഫ് മുഹമ്മദ് നേതൃത്വം നൽകിയ ടീമിന് ഒന്നാം സ്ഥാനം ലഭിച്ചു. പാമ്പാടി ആർ.ഐ.ടിയിലെ വൈശാഖ് എസ്.കുമാർ നേതൃത്വം നൽകിയ ടീമിനാണ് രണ്ടാം സ്ഥാനം ലഭിച്ചത്. മെക്കാനിക്കൽ എൻജിനീയറിംഗ് വിദ്യാർത്ഥിയായ ഷോൺ ജോൺ പ്രതിനിധാനം ചെയ്ത സെന്റ് ഗിറ്റസ് കോളേജ് തന്നെയാണ് മൂന്നാം സ്ഥാനം കരസ്ഥമാക്കിയത്. മത്സരത്തിലെ ഒന്നാം സ്ഥാനക്കാർക്ക് രണ്ടരലക്ഷവും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയവർക്ക് ഒന്നര ലക്ഷം, ഒരു ലക്ഷം രൂപയുടെ ക്യാഷ് അവാർഡാണ് സമ്മാനിക്കുന്നത്. വൈദ്യുതി മോഷണത്തിന്റെ തോത് അളക്കാനുള്ള ‘സ്മാർട്ട് അഡ്വാൻസ്ഡ് മീറ്ററിംഗ് ഇൻഫ്രാസ്ട്രക്ചർ’ എന്ന ഉപകരണത്തിന്റെ ആശയത്തിനാണ് ഒന്നാം സ്ഥാനം നേടിയത്. വിതരണത്തിലെ നഷ്ടം കണ്ടുപിടിക്കുവാനും ഒഴിവാക്കാനും ഈ ഉപകരണത്തിന് സാധിക്കും. വൈദ്യുതി മോഷണം നടക്കുകയോ, കറന്റ് ബിൽ യഥാസമയം അടക്കാതിരിക്കുകയോ ചെയ്താൽ കെ.എസ്.ഇ.ബി അധികൃതർക്ക് ഓഫീസിൽ ഇരുന്നുകൊണ്ട്തന്നെ വൈദ്യുതി ബന്ധം വിഛേദിക്കാൻ സാധിക്കും. ‘സ്മാർട്ട് ഫ്ളഷ് സാനിറ്റേഷൻ സിസ്റ്റം’ എന്ന ആശയത്തിനാണ് രണ്ടാം സ്ഥാനം ലഭിച്ചത്. വെള്ളപ്പൊക്ക പ്രദേശങ്ങളിൽ സെപ്റ്റിക് ടാങ്കുകളിൽ അമിതമായി വെള്ളം നിറയുന്നത് പ്രതിരോധിക്കുന്നതിന് സഹായിക്കുന്ന സംവിധാനത്തിനാണ് രണ്ടാം സ്ഥാനം. ഈ ആശയം കുട്ടനാടൻ മേഖലയിലെ ജനങ്ങൾക്ക് വളരെയേറെ പ്രയോജനകരമാകുന്നതാണ്. ‘ഫ്യൂഷൻ 3ഡി’ എന്ന 3ഡി പ്രിന്റിംഗ് ചെലവുകുറഞ്ഞ രീതിയിൽ സാധ്യമാകുന്ന ആശയത്തിനാണ് മൂന്നാം സ്ഥാനം. സാധാരണ സി.എൻ.സി മെഷീനുകളിൽ തന്നെ വളരെ ചെലവുകുറഞ്ഞ രീതിയിൽ ഒരു ഉപകരണം ഘടിപ്പിച്ചാണ് ഫ്യൂഷൻ 3 ഡി എന്ന ആശയം രൂപീകരിച്ചത്. ഇതുവഴി ഈ മേഖലയിൽ ഉള്ള യുവജനങ്ങൾക്ക് കൂടുതൽ തൊഴിൽ സാധ്യതയും കൈവരിക്കാൻ സാധിക്കും. നാലാം സ്ഥാനം പാലാ സെന്റ് ജോസഫ് എൻജിനീയറിങ്ങ് കോളേജിലെ ഐറിൻ ട്രീസ് ജോസ് നേതൃത്വം നൽകിയ ടീമിനും, അഞ്ചാം സ്ഥാനം ഈ കോളേജിലെ തന്നെ ആന്റണി ജോസ് നേതൃത്വം നൽകിയ ടീമിനും ആറാം സ്ഥാനം സെന്റ് ഗിറ്റ്സ് കോളേജിലെ പ്രദീഷ് രാജൻ നേതൃത്വം നൽകിയ ടീമിനും ഏഴാം സ്ഥാനം കിടങ്ങൂർ എൻജിനീയറിംഗ് കോളേജിലെ അഭിനന്ദ് കെ.എ നേതൃത്വം നൽകിയ ടീമിനും എട്ടാം സ്ഥാനം ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജിലെ പ്രിൻസിപ്പൽ ഡോ.ഷൈനി ബേബി നേതൃത്വം നൽകിയ ടീമിനും ലഭിച്ചു. ഈ അഞ്ച് സ്ഥാനക്കാർക്ക് പ്രത്യേക പ്രശസ്തിപത്രം സമ്മാനിക്കുന്നതാണ്. മത്സരത്തിനായി ലഭിച്ച 500ലധികം എൻട്രികളിൽനിന്നും ഗ്രാന്റ് ഫിനാലെയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട 10 മത്സരാർത്ഥികളിൽ നിന്നാണ് വിജയികളെ പ്രഖ്യാപിച്ചത്. കോട്ടയം ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ദരാണ് വിധി കർത്താക്കളായത്. അടുത്ത മാസം കോട്ടയത്ത് നടക്കുന്ന പൊതു ചടങ്ങിൽ വിജയികൾക്ക് സമ്മാനം വിതരണം ചെയ്യുമെന്നും മികച്ച രീതിയിൽ പദ്ധതികൾ അവതരിപ്പിച്ച സ്റ്റാർട്ട് – അപ്പ് ടീമുകൾക്ക് ഇൻകുബേഷൻ സൗകര്യം നൽകുന്നതാണെന്ന് ജോസ് കെ.മാണി എം.പി അറിയിച്ചു