ഉമ്മൻചാണ്ടിയുടെ നിയമസഭാ പ്രവേശനത്തിന്റെ വാർഷികം: ആഘോഷങ്ങളുടെ തയ്യാറെടുപ്പ് അന്തിമഘട്ടത്തിൽ; ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫിസും മാമ്മൻ മാപ്പിള ഹാളും അണിഞ്ഞൊരുങ്ങി; വീഡിയോ ഇവിടെ കാണാം

തേർഡ് ഐ ബ്യൂറോ

കോട്ടയം: നിയമസഭാ പ്രവേശനത്തിന്റെ അൻപതാം വാർഷികം ആഘോഷിക്കുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ആദരിക്കാൻ കോട്ടയം അണിഞ്ഞൊരുങ്ങി. കോട്ടയം നഗരത്തിന്റെ മുക്കിലും മൂലയിലും പരിപാടിയുടെ ഫ്‌ളക്‌സ് ബോർഡുകൾ നിരന്നു കഴിഞ്ഞിട്ടുണ്ട്. ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫിസിൽ ലൈറ്റുകൾ ക്രമീകരിച്ചു കഴിഞ്ഞു.വീഡിയോ ഇവിടെ കാണാം

കോട്ടയത്തിന് ഉമ്മൻചാണ്ടി എന്ന വ്യക്തിത്വം എത്രത്തോളം പ്രധാനപ്പെട്ടതാണ് എന്നു വ്യക്തമാക്കുന്നതാണ് പരിപാടികൾക്കായി കോട്ടയം നഗരം അണിഞ്ഞൊരുങ്ങിയിരിക്കുന്നത്. ഒരാഴ്ച മുൻപ് തന്നെ കോട്ടയം ഡി.സി.സി ഓഫിസ് ദീപാലംകൃതമായി കഴിഞ്ഞു. ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫിസിൽ നേതാക്കൾ ദിവസങ്ങൾക്കു മുൻപ് തന്നെ ഒത്തു ചേർന്നിട്ടുണ്ട്. ഉമ്മൻചാണ്ടിയുടെ നിയമസഭാ പ്രവേശത്തിന്റെ അൻപതാം വർഷം ആഘോഷമാക്കുന്നതിനുള്ള പദ്ധതികളാണ് ഇവിടെ ഒരുങ്ങുന്നത്.

കെ.സി മാമ്മൻമാപ്പിള ഹാളിൽ ചരിത്രം സൃഷ്ടിക്കുന്നതിനാണ് ജില്ലാ കോൺഗ്രസ് കമ്മിറ്റി പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഒരു മാസം മുൻപ് തന്നെ കോട്ടയം ഡിസിസി ആഘോഷ പരിപാടികളുടെ കൃത്യമായ ചിത്രം തയ്യാറാക്കിയിരുന്നു. പുതുപ്പള്ളിയിൽ നൂറുകണക്കിന് ആളുകളാണ് പരിപാടികളിൽ പങ്കെടുക്കുന്നതിനായി തയ്യാറെടുത്തിരിക്കുന്നത്.

ആഘോഷ പരിപാടികൾക്കു കൺവീനർ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയാണ് നേതൃത്വം നൽകുന്നത്. കോട്ടയം നഗരം അക്ഷരാർത്ഥത്തിൽ ഉമ്മൻചാണ്ടിയുടെ നിയമസഭാ സുവർണ ജൂബിലി ആഘോഷങ്ങളുടെ ആവേശത്തിലാണ്. ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോഷി ഫിലിപ്പ്, മുൻ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ടോമി കല്ലാനി, നഗരസഭ അദ്ധ്യക്ഷയും കെ.പി.സി.സി സെക്രട്ടറിയുമായ ഡോ.പി.ആർ സോന, കെ.പി.സി.സി സെക്രട്ടറി ഫിലിപ്പ് ജോസഫ്, നാട്ടകം സുരേഷ്, പി.എ സലീം എന്നിവരാണ് ജില്ലയിൽ ഉമ്മൻചാണ്ടിയുടെ സുവർണ ജൂബിലി ആഘോഷങ്ങൾക്കു തയ്യാറെടുപ്പുകൾ നടത്തുന്നത്.