
മാനന്തവാടി: അയല്‍വാസിയായ വൃദ്ധയുടെ കമ്മല്‍ കവർന്ന സംഭവത്തില്‍ പ്രതി പിടിയിലായി.
സൗഹൃദം നടിച്ച് വീട്ടില്‍ കയറിയായിരുന്നു യുവാവ് വൃദ്ധയുടെ കമ്മല്‍ വലിച്ചുപറിച്ചുകൊണ്ട് പോയത്. സംഭവത്തില്‍ വള്ളിയൂര്‍ക്കാവ് കാരത്തങ്കല് വീട്ടില്‍ സനീഷ് തോമസിനെ(46) പോലീസ് പിടികൂടി.
85 വയസുകാരിയായ കല്യാണി എന്ന അമ്മയുടെ ആഭരണമാണ് പ്രതി അപഹരിച്ചത്. ഇടതു കാതിലെ അര പവനോളം വരുന്ന കമ്മലാണ് ഇയാള്‍ വലിച്ചുപറിച്ചുകൊണ്ട് പോയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശേഷം മോഷണ മുതല്‍ ഇയാള്‍ മാനന്തവാടിയിലെ ഒരു ജ്വല്ലറിയില്‍ വില്‍പ്പന നടത്തുകയും ചെയ്തു. ഇത് പോലീസ് മഹസ്സര്‍ പ്രകാരം പിടിച്ചെടുത്തു.
മെയ് 17-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്നേ ദിവസം വൈകുന്നേരം കല്യാണിയുടെ വീട്ടില്‍ എത്തിയ പ്രതി സനീഷ് തോമസ് കുശലന്വേഷണമെന്ന പേരില്‍ സംസാരിക്കുകയും ഇതിനിടെ വയോധികയുടെ ഇരു ചെവിയിലും പിടിച്ചു വലിക്കുകയും ചെയ്യുകയായിരുന്നു.
ചെവിക്ക് വേദന അനുഭവപ്പെട്ട വയോധിക ഇയാള്‍ വീട്ടില്‍നിന്നും പോയ ശേഷം മരുമകളോട് കാര്യം പറഞ്ഞു. മരുമകള്‍ പരിശോധിച്ചപ്പോള്‍ ഇടത് കാതിലെ കമ്മല്‍ കാണാനുണ്ടായിരുന്നില്ല. പിന്നാലെ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.
ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ പി. റഫീഖിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍ റെജി സ്കറിയയാണ് കേസില്‍ അന്വേഷണം നടത്തിയതും പ്രതിയെ പിടികൂടിയതും.







