എന്‍ജിഒ യൂണിയന്‍ ഏരിയ വൈസ് പ്രസിഡന്റ് നിര്യാതനായി

കോട്ടയം: എന്‍ജിഒ യൂണിയന്‍ പാമ്പാടി ഏരിയ വൈസ് പ്രസിഡന്റ് അരീപ്പറമ്പ് ഉറുമ്പില്‍കുന്നേല്‍ കെ കെ ഗോപാലന്‍ ചെട്ടിയാര്‍ (63) നിര്യാതനായി. ളാക്കാട്ടൂര്‍ ഗവഃ എല്‍പി സ്കൂളില്‍ പിടിഎസ് ആയിരുന്നു. ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെ കുഴഞ്ഞുവീണ ഇദേഹത്തെ ഉടന്‍തന്നെ മണര്‍കാട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നിലവില്‍ എന്‍ജിഒ യൂണിയന്‍ ജില്ലാ കൗണ്‍സിലംഗവും കോട്ടയം ഗവഃ എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി നം.47 ഡയറക്ടര്‍ ബോര്‍ഡംഗവുമാണ്.

ആര്‍ട്ടിസാന്‍സ് യൂണിയനിലൂടെ ബഹുജനസംഘടനാ രംഗത്ത് എത്തിയ സഖാവ് വാട്ടര്‍ അതോറിറ്റിയിലും ജില്ലാ സഹകരണബാങ്കിലും മുമ്പ് ജോലി ചെയ്തിരുന്നു. സ്വദേശത്ത് പൈനാപ്പിള്‍ കൃഷി വ്യാപിച്ചപ്പോള്‍ ആ മേഖലയില്‍ സിഐടിയു യൂണിയന്‍ കെട്ടിപ്പടുക്കുന്നതിന് നേതൃത്വം വഹിച്ചു. 40-ലേറെ വര്‍ഷം മുമ്പ് പുരോഗമനപ്രസ്ഥാനത്തോടൊപ്പം ചേർന്ന് ഏറ്റെടുത്ത ചുമതലകളെല്ലാം സ്തുത്യര്‍ഹമായി നിര്‍വഹിച്ചു.
സംസ്കാരം ഫെബ്രുവരി 21 ഞായറാഴ്ച നാലു മണിക്ക് അരീപ്പറമ്പ് സ്കൂളിനു സമീപം വീട്ടുവളപ്പില്‍.

പന്നിമറ്റം കളപ്പറമ്പില്‍ രാജേശ്വരി കെ എസ് ആണ് പരേതന്റെ ഭാര്യ. മക്കള്‍ പ്രവീണ്‍ ഗോപാല്‍, പ്രദീപ് ഗോപാല്‍, മരുമക്കള്‍ മായാ പ്രവീണ്‍, അനുമോള്‍ കെ ബി, കൊച്ചുമക്കള്‍ ഐശ്വര്യ, അനശ്വര, ദേവിക.