
ഡല്‍ഹി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് എൻഎസ്‌എസ് സുപ്രീംകോടതിയില്‍ ഉന്നയിച്ച വാദങ്ങളെ തള്ളി തിരുവിതാംകൂർ ദേവസ്വം ബോർഡ്.
ക്ഷേത്രങ്ങളില്‍ ആരൊക്കെ പ്രവേശനം നല്‍കാമെന്ന് ആ പ്രത്യേക മതവിഭാഗത്തില്‍പ്പെട്ടവർ തന്നെ തീരുമാനിക്കണമെന്ന എൻഎസ്‌എസിന്റെ വാദത്തെയാണ് ബോർഡ് എതിർത്തത്. ദേവസ്വം ബോർഡിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മനു സിംഗ്‌വി എട്ട് പേജുകളുള്ള നിർണായകമായ ഒരു കുറിപ്പ് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന് മുൻപാകെ സമർപ്പിച്ചു.
പൊതുക്ഷേത്രങ്ങളില്‍ ജാതിയുടെയോ വർഗത്തിന്റെയോ അടിസ്ഥാനത്തിലുള്ള യാതൊരു വിധ വിലക്കുകളും തങ്ങള്‍ അംഗീകരിക്കുന്നില്ലെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കി. ജാതി – വർഗ അടിസ്ഥാനത്തിനുള്ള വിവേചനം അംഗീകരിക്കാനാവില്ലെന്ന് കുറിപ്പില്‍ എടുത്തുപറയുന്നുണ്ട്. അതുപോലെ തന്നെ ക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്നവർ അവിടുത്തെ ആചാരങ്ങള്‍ പാലിക്കാൻ ബാദ്ധ്യസ്ഥരാണെന്ന് ബോർഡ് കുറിപ്പില്‍ വ്യക്തമാക്കുന്നു. ശബരിമലയിലെ വിഷയത്തില്‍ അയ്യപ്പൻ നെെഷ്ഠിക ബ്രഹ്മചാരിയായതിനാല്‍ അവിടെ യുവതി പ്രവേശനത്തിനുള്ള വിലക്ക് അനിവാര്യമാണെന്നും അത് മാറ്റരുതെന്നും ദേവസ്വം ബോർഡ് സുപ്രീംകോടതിയെ അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ വ്യാഴാഴ്ച എൻഎസ്‌എസിനായി ഹാജരായ മുതിർന്ന അഭിഭാഷകൻ സി എസ് വെെദ്യനാഥനാണ് വിവാദമായ വാദം കോടതിയില്‍ ഉന്നയിച്ചത്. ഒരു പ്രത്യേക വിഭാഗവുമായി ബന്ധപ്പെട്ട ക്ഷേത്രങ്ങളില്‍ പ്രവേശന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് ആ വിഭാഗത്തില്‍പ്പെട്ടവർ തന്നെയായിരിക്കണമെന്നായിരുന്നു വാദം. എന്നാല്‍ ഈ വാദത്തോട് അന്ന് തന്നെ ഭരണഘടനാ ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് ബി വി നാഗരത്ന വിയോജിപ്പ് പ്രകടപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് ദേവസ്വം ബോർഡും വിയോജിപ്പ് അറിയിച്ചത്.







