അസാധു നോട്ട് നിക്ഷേപം; അമിത് ഷാ ഡയറക്ടറായുള്ള ധനകാര്യ ബാങ്കിൽ എത്തിയത് 746 കോടി രൂപ, ബിജെപി വീണ്ടും പ്രതിക്കൂട്ടിൽ

അസാധു നോട്ട് നിക്ഷേപം; അമിത് ഷാ ഡയറക്ടറായുള്ള ധനകാര്യ ബാങ്കിൽ എത്തിയത് 746 കോടി രൂപ, ബിജെപി വീണ്ടും പ്രതിക്കൂട്ടിൽ

Spread the love

സ്വന്തം ലേഖകൻ

മുംബൈ: കേന്ദ്രസർക്കാർ നോട്ട് നിരോധിച്ചതിനു ശേഷം സഹകരണ ബാങ്കുകളുടെ കൂട്ടത്തിൽ ഏറ്റവുമധികം അസാധുനോട്ട് നിക്ഷേപമായി സ്വീകരിച്ചത് ബിജെപി അധ്യക്ഷൻ അമിത് ഷാ ഡയറക്ടറായുള്ള ബാങ്ക്. ഗുജറാത്തിലെ അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കാണ് നിക്ഷേപത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുള്ളത്. ഇതോടെ വീണ്ടും ബിജെപി വെട്ടിലായിരിക്കുകയാണ്. കള്ളപ്പണം വെളുപ്പിക്കാനെന്ന് ഉയർത്തിപ്പിടിച്ച് നടപ്പാക്കിയ വിപ്ലവ മാറ്റം ബിജെപിയെ കടുത്ത പ്രതിസന്ധിയിലാക്കിയിരുന്നു.
2016 നവംബറിൽ പ്രധാനമന്ത്രി നരേന്ദ്രമോഡി അന്ന് നിലവിലുള്ള 500 രൂപ, 1000 രൂപ നോട്ടുകൾ അസാധുവാക്കിയതായി പ്രഖ്യാപിച്ച് അഞ്ചുദിവസത്തിനകം 745.59 കോടി രൂപയുടെ അസാധുനോട്ടുകളാണ് ഇവിടെ നിക്ഷേപമായിവന്നതെന്ന് വിവരാവകാശം വെളിപ്പെടുത്തുന്നു. രണ്ടാം സ്ഥാനത്തുള്ളത് 693.19 കോടി രൂപയുടെ അസാധുനോട്ട് സ്വീകരിച്ച രാജ്‌കോട്ട് ജില്ലാ സഹകരണബാങ്ക് ആണ്. ഇതിന്റെ ഡയറക്ടറായ ജയേഷ്ഭായി വിത്തൽഭായി രാദാദിയ ബിജെപി. നേതാവും ഗുജറാത്തിലെ കാബിനറ്റ് മന്ത്രിയുമാണ്. നോട്ടു നിരോധന വേളയിൽ ജില്ലാ സഹകരണ ബാങ്കുകൾക്ക് അസാധുനോട്ട് നിക്ഷേപമായി സ്വീകരിക്കാൻ അനുമതി നൽകിയിരുന്നെങ്കിലും അഞ്ചുദിവസം കഴിഞ്ഞപ്പോൾ അതിന് വിലക്കേർപ്പെടുത്തി. തിരിച്ചെത്തിയ അസാധുനോട്ടുകളുടെ മൊത്തം കണക്ക് കേന്ദ്രസർക്കാരോ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയോ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.