
തിരുവനന്തപുരം: നിപാ ബാധിതന്റെ സമ്പർക്കപ്പട്ടികയിലെ എല്ലാവരും സുരക്ഷിതമായി ക്വാറന്റൈൻ പൂർത്തിയാക്കിയതായി ആരോഗ്യവകുപ്പ് മന്ത്രി കെ.മുരളീധരൻ അറിയിച്ചു.
കൃത്യമായ രോഗനിർണയത്തിന്റെയും ശക്തമായ പ്രതിരോധ നടപടികളുടെയും വിജയമാണിത്. കണ്‍ടൈൻമെന്റ്സോണ്‍ ഉള്‍പ്പെടെയുള്ള ജനങ്ങളുടെ ഉപജീവനവും സഞ്ചാരസ്വാതന്ത്ര്യവും തടസപ്പെടുത്തുന്ന നടപടിക്കളിലേക്കു കടക്കാതെ രോഗം നിയന്ത്രിക്കാൻ കഴിഞ്ഞത് കൂടുതല്‍ സന്തോഷം നല്‍കുന്നുവെന്ന് മന്ത്രി പറഞ്ഞു.
രോഗം കൂടുതല്‍ പേരിലേക്ക് വ്യാപിക്കുന്നതിന് മുൻപ് കണ്ടെത്താൻകഴിഞ്ഞതും കൃത്യതയോടെ സമ്പർക്കപ്പട്ടിക തയാറാക്കി നിരീക്ഷണം ഏർപ്പെടുത്തിയതുമാണ് രോഗവ്യാപനം തടയാൻ സഹായിച്ചത്. ഇതിനു പിന്നില്‍ പ്രവർത്തിച്ച ജില്ലാ ഭരണകൂടം, ജില്ലയിലെ ആരോഗ്യ പ്രവർത്തകർ എന്നിവരെ മന്ത്രി അഭിനന്ദിച്ചു. മാനദണ്ഡപ്രകാരമുള്ള തുടർ നിരീക്ഷണ നടപടികള്‍ തുടരും. 42 ദിവസത്തെ നിരീക്ഷണം പൂർത്തിയാക്കുന്ന മുറയ്ക്ക് പ്രദേശത്തെ നിപ രഹിതമായി പ്രഖ്യാപിക്കാനാകുമെന്ന് മന്ത്രി പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
21 ദിവസത്തെ നിരീക്ഷണം പൂർത്തിയാക്കിയ വളരെ ഉയർന്ന റിസ്ക് വിഭാഗത്തില്‍പ്പെട്ട 4 പേരെയും ഇന്ന് ക്വാറന്റൈനില്‍ നിന്നും ഒഴിവാക്കി. ഇതില്‍ 2 പേർ രോഗബാധിതന്റെ കുടുംബാംഗങ്ങളും 2 പേർ ആരോഗ്യ പ്രവർത്തകരുമാണ്. നിരീക്ഷണ വേളയില്‍ ഒരു രോഗലക്ഷണങ്ങളും ഉണ്ടാകാത്തതിനെ തുടർന്നാണിത്. രോഗനിരീക്ഷണത്തിന്റെ ഭാഗമായി ജൂണ്‍ 10 മുതല്‍ നിപ സമാന ലക്ഷണങ്ങള്‍ ഉള്ളവരുടെയിടയില്‍ ജില്ലയില്‍ നടത്തിയ പരിശോധനയില്‍ 58 പേരുടെ ഫലവും നെഗറ്റീവാണ്
കൂടാതെ ഉയർന്ന റിസ്ക് വിഭാഗത്തില്‍ ഉണ്ടായിരുന്ന 3 പേരെയും ഇന്ന് ക്വാറന്റൈനില്‍ നിന്ന് ഒഴിവാക്കി. ഇതോടെ വളരെ ഉയർന്ന റിസ്ക് വിഭാഗം, ഉയർന്ന റിസ്ക് വിഭാഗം എന്നിവയില്‍ നിന്നുള്ള എല്ലാവരും ക്വാറന്റൈൻ പൂർത്തിയാക്കി. കൂടാതെ കുറഞ്ഞ റിസ്ക് വിഭാത്തില്‍പ്പെട്ട 24 പേരെയും ഇന്ന് നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി. കുറഞ്ഞ റിസ്ക് വിഭാഗത്തില്‍പ്പെട്ട 3 പേർ മാത്രമാണ് ഇനി നിരീക്ഷണത്തില്‍ ഉള്ളത്.
നിപ രോഗ ബാധിതൻ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെൻറിലേറ്ററില്‍ ചികിത്സ തുടരുന്നു. എന്നാല്‍ രോഗിയുടെ ഒരാഴ്ചക്കുള്ളിലെ രണ്ടു സ്രവസാമ്പിളുകളും നെഗറ്റീവ് ആയിട്ടുണ്ട്. തുടർ ചികിത്സാനടപടികള്‍ മെഡിക്കല്‍ ബോർഡ് തീരുമാനിക്കും.







