
കടുത്തുരുത്തി ഞീഴൂര്‍ പഞ്ചായത്തിലെ പൂവക്കോടില്‍ വെള്ളാമ്പാറ മലയിടിച്ചു വ്യാപകമായി മണ്ണ് കടത്തുന്നു; നിയന്ത്രണമില്ലാതെ പായുന്ന ടോറസ് ലോറികൾ മൂലം പൊടിശല്ല്യവും ഗതാഗതക്കുരുക്കിലും വലഞ്ഞ് ജനങ്ങൾ; പ്രതിഷേധവുമായി പ്രദേശവാസികൾ
കടുത്തുരുത്തി: ഞീഴൂര്‍ പഞ്ചായത്തിലെ പൂവക്കോടില്‍ വെള്ളാമ്പാറ മലയിടിച്ചു മണ്ണ് കടത്തുന്നു.
മല ഇടിച്ചു താഴ്‌വരയാക്കുന്നതിനൊപ്പം ഭാവിയില്‍ രൂക്ഷമായ കുടിവെള്ളക്ഷാമമാകും പ്രദേശവാസികള്‍ നേരിടുക.
മണ്ണെടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടാകുന്ന പൊടിശല്ല്യം പ്രദേശവാസികളെ രോഗികളാക്കുമെന്ന ഭയവും നാട്ടുകാര്‍ക്കുണ്ട്.
മലയില്‍നിന്നും മണ്ണെടുക്കുന്നതിനായി വരുന്ന ടോറസ് ലോറികള്‍ വ്യാപകമായ ഗതാഗതക്കുരുക്കും പൊടിശല്യവും ഉണ്ടാക്കുന്നതായ പരാതി വ്യാപകമാണ്. പല ലോറികളും അമിത വേഗത്തിലാണ് ഇടുങ്ങിയ വഴികളിലൂടെ ലോഡുമായി പോകുന്നതെന്നും ആക്ഷേപമുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനെതിരേ ഞീഴൂര്‍ പഞ്ചായത്തിലെ 12-ാം വാര്‍ഡ് മെംബര്‍ ഷൈനി സ്റ്റീഫന്‍റെ നേതൃത്വത്തില്‍ നാട്ടുകാരെത്തി ലോറികള്‍ തടഞ്ഞിരുന്നു.
പ്രതിഷേധത്തെത്തുടര്‍ന്ന് കടുത്തുരുത്തി പോലീസ് സ്ഥലത്തെത്തി റോഡ് നനച്ചു പൊടിശല്യം കുറയ്ക്കാനും ഗതാഗതകുരുക്ക് ഉണ്ടാകാത്ത രീതിയില്‍ വാഹനങ്ങള്‍ പ്രവേശിക്കുവാനുമുള്ള നിര്‍ദേശം നല്‍കിയിരുന്നു.
പോലീസ് നല്‍കിയ നിര്‍ദേശം നടപ്പാക്കാമെന്ന് മണ്ണെടുക്കുന്നവര്‍ ഉറപ്പ് നല്‍കിയതോടെയാണ് നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചത്. സമവായ ചര്‍ച്ചയെത്തുടര്‍ന്ന് മണ്ണെടുക്കാനെത്തിയ വാഹനങ്ങളെ കടത്തിവിടാന്‍ പ്രതിഷേധക്കാര്‍ അനുവദിച്ചു.
ആയിരത്തിലേറേ വിദ്യാര്‍ഥികള്‍ പഠിക്കുന്ന എസ്‌കെപിഎസ് സ്‌കൂളിലെ വിദ്യാര്‍ഥികളുമായി പോകുന്ന സ്‌കൂള്‍ ബസുകള്‍ പോലും മണ്ണെടുക്കാനെത്തുന്ന ടോറസ് ലോറികളുണ്ടാക്കുന്ന ഗതാഗതക്കുരുക്കില്‍ അകപ്പെടുന്നതായി നാട്ടുകാരും രക്ഷിതാക്കളും പരാതിപ്പെടുന്നു. സ്‌കൂള്‍ സമയത്തുപോലും നിയമം കാറ്റില്‍ പറത്തി നിയന്ത്രണങ്ങളില്ലാതെ വലിയ ടോറസ് ലോറികള്‍ റോഡിലൂടെ പായുകയാണ്.