ഡയബറ്റിസിനെ പടിക്കുപുറത്തു നിര്‍ത്താൻ പഞ്ചസാര മാത്രമല്ല ഉപ്പും കുറയ്ക്കണം; ആരോഗ്യം മെച്ചപ്പെടുത്താൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇതാ 

ഡയബറ്റിസിനെ പടിക്കുപുറത്തു നിര്‍ത്താൻ പഞ്ചസാര മാത്രമല്ല ഉപ്പും കുറയ്ക്കണം; ആരോഗ്യം മെച്ചപ്പെടുത്താൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇതാ 

Spread the love

 

സ്വന്തം ലേഖിക

 

ഡയബറ്റിസ് അഥവാ പ്രമേഹം എന്നു കേള്‍ക്കുമ്പോഴേക്കും ഇനി പഞ്ചസാര കുറയ്ക്കണം എന്നു കരുതുന്നവരാകും മിക്കയാളുകളും. എന്നാല്‍ പഞ്ചസാര മാത്രം കുറച്ചാല്‍ ഡയബറ്റിസിനെ നിയന്ത്രിക്കാനാവില്ല.

 

മറിച്ച്‌ കഴിക്കുന്ന ഉപ്പിന്റെ അളവും ഡയബറ്റിസും തമ്മില്‍ വലിയ ബന്ധമുണ്ട് എന്ന് വ്യക്തമാക്കുന്ന പഠനമാണ് പുറത്തുവന്നിരിക്കുന്നത്. ടൈപ്പ് 2 ഡയബറ്റിസും ഉപ്പും തമ്മിലുള്ള ബന്ധത്തേക്കുറിച്ചുള്ള പഠനമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

അമിതമായി ഉപ്പു കഴിക്കുന്നതും ടൈപ്പ്2 ഡയബറ്റിസ് സാധ്യത വര്‍ധിപ്പിക്കുമെന്നാണ് പഠനത്തില്‍ പറയുന്നത്. ലൂസിയാനയിലെ ട്യുലെയ്ൻ സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്. മയോക്ലിനിക്കില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. യു.കെ.ബയോബാങ്കില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 4,00,000 പേരുടെ ആരോഗ്യവിവരങ്ങള്‍ ശേഖരിച്ചാണ് പഠനം നടത്തിയത്.

 

ഇവരുടെ ഭക്ഷണശീലവും കഴിക്കുന്ന ഉപ്പിന്റെ അളവും കേന്ദ്രീകരിച്ചാണ് അവലോകനം നടത്തിയത്. 11.8 വര്‍ഷത്തോളം നീണ്ട പഠനത്തിനൊടുവില്‍ 13,000-ത്തോളം പേരില്‍ ടൈപ്പ്2 ഡയബറ്റിസ് സ്ഥിരീകരിക്കുകയുണ്ടായി. ഉപ്പ് ഇടയ്ക്കിടെയും പതിവായും എല്ലായ്പ്പോഴും ഉപയോഗിക്കുകയും ചെയ്ത വിഭാഗത്തില്‍ യഥാക്രമം 13%, 20%, 39% ടൈപ്പ്2 ഡയബറ്റിസ് സാധ്യത കണ്ടെത്തി.

 

ഉപ്പ് വല്ലപ്പോഴും ഉപയോഗിക്കുന്നവരില്‍ ഈ നില കുറവുമായിരുന്നു. ഉപ്പിന്റെ ഉപയോഗം കുറയ്ക്കുന്നത് ഹൃദ്രോഗ, രക്താതിമര്‍ദ സാധ്യതകള്‍ കുറയ്ക്കുമെന്നത് നേരത്തേ അറിയുന്നതാണെങ്കിലും ഉപ്പും ടൈപ്പ്2 ഡയബറ്റിസും തമ്മിലുള്ള ബന്ധം കണ്ടെത്തുന്നത് ആദ്യമായാണെന്ന് പഠനത്തിന് നേതൃത്വം കൊടുത്ത ഡോ.ലു ക്വി പറഞ്ഞു.

 

ഭക്ഷണത്തില്‍ ഉപ്പിന്റെ അളവ് എത്ര കുറയ്ക്കാമോ അത്രയും ടൈപ്പ്2 ഡയബറ്റിസ് സാധ്യതയും കുറയ്ക്കാമെന്ന് അദ്ദേഹം പറഞ്ഞു. ഉപ്പിന്റെ അളവ് കൂടുന്നതിനനുസരിച്ച്‌ കഴിക്കുന്ന ഭക്ഷണത്തിന്റെ തോതും കൂടും. ഇത് അമിതവണ്ണത്തിനും ഇടയാക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി.

 

ഉപ്പ് കൂടുന്നതും ആരോഗ്യപ്രശ്നങ്ങളും തമ്മിലുള്ള ബന്ധത്തില്‍ കൂടുതല്‍ പഠനം നടത്താനുതകുന്ന ക്ലിനിക്കല്‍ ട്രയലുകള്‍ നടത്തേണ്ടതുണ്ടെന്നും ഡോ.ലു ക്വി പറഞ്ഞു. ഉപ്പ് കുറയ്ക്കുക വഴി ഭക്ഷണത്തിന്റെ രുചിയില്‍ വ്യത്യാസമുണ്ടാകാമെങ്കിലും ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് അതുവലിയ സ്വാധീനം ചെലുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.