
ഒരു നാടിന്റെ മുഴുവൻ കണ്ണീരായി നിതിൻ യാത്രയായി. നിതിന്റെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. സഹോദരിയുടെ വീട്ടുവളപ്പിൽ ഇനി നിതിൻ അന്ത്യവിശ്രമം കൊള്ളും. സങ്കടം അലയടിച്ച വീട്ടിൽ ഏവരുടെയും ഹൃദയം തകർക്കുന്ന കാഴ്ചകളാണ് അരങ്ങേറിയത്. മകൻ ഡോക്ടറായി വരുന്നത് കാണാൻ കാത്തിരുന്ന ആ അമ്മയ്ക്ക് കാണേണ്ടി വന്നത് മകന്റെ ചേതനയറ്റ ശരീരമായിരുന്നു. ജാതിവെറിയുടെ പേരിൽ അധ്യാപകർ തകർത്തുകളഞ്ഞത് ഒരു കുടുംബത്തിന്റെ സ്വപ്നം കൂടിയാണ്.
നിതിൻ രാജിന്റെ മരണത്തിൽ ഡിജിപിക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് കുടുംബം. മകനെ തള്ളിയിട്ടു കൊന്നതെന്നാണ് കുടുംബത്തിന്റെ പരാതി. കോളജ് അധികൃതർ നിരന്തരം ജാതി അധിക്ഷേപം നടത്തിയിരുന്നെന്ന് നിതിൻ രാജിന്റെ സഹോദരിയും ,സഹോദരി ഭർത്താവും ആരോപിച്ചു. അതിനിടെ നിതിൻ രാജ് ആത്മഹത്യ ചെയ്തത് അധ്യാപകരിൽ നിന്നുണ്ടായ ദുരനുഭവങ്ങളെ തുടർന്നെന്ന് വ്യക്തമാക്കുന്ന ശബ്ദരേഖയും പുറത്തുവന്നിരുന്നു.


