ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണം; സിറ്റി കമ്മീഷണർ അന്വേഷിക്കണം, കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

Spread the love

കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ മെഡിക്കൽ കോളജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. വിദ്യാർഥിയുടെ മരണത്തെ കുറിച്ച് കുടുംബം ഉയർത്തുന്ന ഗുരുതര ആരോപണങ്ങൾ ഒരാഴ്ചക്കകം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ നിർദേശം നൽകി. ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് ആണ് കണ്ണൂർ സിറ്റി പൊലീസ് മേധാവിയ്ക്ക് നിർദേശം നൽകിയത്. കഴിഞ്ഞ ദിവസമാണ് നിതിനെ കോളേജ് കെട്ടിടത്തിൽ നിന്നും വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരം ആനമങ്ങാട് സ്വദേശി നിതിൻ രാജിന്റെ മരണത്തിൽ കോളേജിലെ അധ്യാപകൻ ജാതി പറഞ്ഞും മറ്റും അപമാനിച്ചതായി പിതാവ് ആരോപണം ഉന്നയിച്ചിരുന്നു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ സ്വമേധയാ കേസെടുത്തത്.

video
play-sharp-fill

മകൻ അധ്യാപകരിൽ നിന്ന് കടുത്ത ജാതിയധിപേക്ഷം നേരിട്ടിരുന്നുവെന്നും മകനെ തള്ളിയിട്ടു കൊന്നതാണെന്ന് സംശയമുണ്ടെന്നും കുടുംബം പറയുന്നു. അധ്യാപകരിൽ നിന്നുണ്ടായ ദുരനുഭവങ്ങൾ വ്യക്തമാക്കുന്ന ശബ്ദരേഖയും പുറത്തുവന്നു. കയ്യും കാലും വെട്ടുമെന്ന് ഭീഷണിപ്പെടുത്തി, അമ്മയെ കുറിച്ച് പരിഹസിച്ചു , പുഴുത്ത പട്ടിയെന്നായിരുന്നു വിളിപ്പേര് തുടങ്ങി നേരിട്ടത് അധിക്ഷേപ പെരുമഴയാണ്. അനുഭവിച്ച ദുരിതങ്ങൾ നിതിൻ സഹോദരങ്ങളോടും പങ്കുവെച്ചിരുന്നു. മകനെ തള്ളിയിട്ടു കൊന്നതാണോയെന്ന് സംശയമുണ്ടെന്നും ആത്മഹത്യ ചെയ്യാൻ സാധ്യതയില്ലെന്നും കുടുംബം ആരോപിക്കുന്നുണ്ട്.