
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തില്‍ വൈറ്റ് കോട്ടൂരി പ്രതിഷേധിച്ച് വിദ്യാർത്ഥികള്‍. മരണത്തിന് കാരണക്കാരായവർക്കെതിരെ നടപടിയാവശ്യപ്പെട്ടാണ് കോളേജിനുമുന്നില്‍ വിദ്യാർത്ഥികള്‍ പ്രതിഷേധം നടത്തിയത്.
ഡെന്റല്‍ വിദ്യാർത്ഥികള്‍ക്കൊപ്പം കാമ്പസിലെ മറ്റ് വിഭാഗങ്ങളിലെ വിദ്യാർത്ഥികളും പ്രതിഷേധത്തില്‍ പങ്കുചേർന്നു. കേരളത്തിലെ പ്രധാനപ്പെട്ട വിദ്യാർത്ഥി സംഘടനകള്‍ക്ക് പ്രവർത്തിക്കാൻ കഴിയാത്തതാണ് കാമ്പസിലെ അരാഷ്‌ട്രീയമായ സാഹചര്യങ്ങള്‍ക്ക് കാരണമെന്നും ഇന്നുമുതല്‍ എസ്‌എഫ്‌ഐയുടെ ഒരു യൂണിറ്റ് കാമ്പസില്‍ സ്ഥാപിക്കുമെന്നും എസ്‌എഫ്‌ഐ നേതാവ് പ്രതിഷേധത്തില്‍ പറഞ്ഞു.
ഇന്ന് രാവിലെ കോളേജിലേക്ക് പട്ടിക ജാതി ക്ഷേമസമിതിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധ മാർച്ച് നടന്നിരുന്നു. ഡോ. റാമിന്റെ ഇടക്കാടുള്ള ക്ലിനിക്കിലേക്ക് ഡിവൈഎഫ്‌ഐയുടെ നേതൃത്തില്‍ പ്രതിഷേധമാർച്ചും ഇന്ന് നടക്കും. നിതിൻ രാജിന്റെ മരണത്തിന് പിന്നാലെ കുറ്റാരോപിതരായ അദ്ധ്യാപകർക്കെതിരെയുള്ള പരാതികള്‍ രേഖാമൂലം തന്നെ വിദ്യാർത്ഥികള്‍ അധികൃതർക്ക് നല്‍കിയിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രതിഷേധങ്ങള്‍ ശക്തമാകുമ്പോഴും കുറ്റാരോപിതരെ പിടികൂടാൻ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കാൻ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ നിർദേശം നല്‍കിയിരുന്നു. ആരോഗ്യ സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനാണ് ചാൻസിലർ കൂടിയായ ഗവർണർ നിർദേശം നല്‍കിയത്. വിസി മോഹനൻ കുന്നുമ്മല്‍ ഗവർണറുമായി കൂടിക്കാഴ്ച നടത്തി പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
ആരോഗ്യ സർവകലാശാല അന്വേഷണസമിതി ഇന്ന് കോളേജിലെത്തി തെളിവെടുപ്പ് നടത്തും. വിദ്യാർത്ഥികളുടെ മൊഴി എടുക്കുമെന്നാണ് റിപ്പോർട്ട്. സർവകലാശാല ഗവേർണിംഗ് കൗണ്‍സില്‍ അംഗം മേജർ ജനറല്‍ അജിത് നീലകണ്ഠൻ ആണ് അന്വേഷണ തലവൻ.



