
തിരുവനന്തപുരം: അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയതായി ആരോപണമുള്ള നിതിൻ രാജിന്റെ കുടുംബത്തിന് വീട് നിർമ്മിച്ച് നൽകുമെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചു. ഇതിന്റെ ഭാഗമായി ആദ്യഘട്ടമായി അഞ്ച് ലക്ഷം രൂപയുടെ ചെക്ക് ഇന്ന് കുടുംബത്തിന് കൈമാറും. പ്രതിപക്ഷ നേതാവിന്റെ നിർദ്ദേശപ്രകാരം മുൻമന്ത്രി വി.എസ്. ശിവകുമാർ നിതിന്റെ വീട്ടിലെത്തി ചെക്ക് കൈമാറും. വീടിന്റെ നിർമാണം ആരംഭിച്ചതിന് ശേഷം രണ്ടാംഘട്ട സഹായവും നൽകും.
നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദേശിയായ നിതിൻ രാജ് അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച കോളേജ് കെട്ടിടത്തിൽ നിന്ന് വീണ നിലയിൽ കണ്ടെത്തിയ നിതിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കോളേജിലെ അധ്യാപകർ നിതിനെ മാനസികമായി ഉപദ്രവിക്കുകയും ജാതീയമായി അധിക്ഷേപിക്കുകയും ചെയ്തിരുന്നുവെന്നാണ് കുടുംബത്തിന്റെ പരാതി. സംഭവവുമായി ബന്ധപ്പെട്ട് ഡെന്റൽ അനാട്ടമി വിഭാഗം മേധാവി ഡോ. റാം, അസോസിയേറ്റ് പ്രൊഫസർ ഡോ. സംഗീത എന്നിവരെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. ഇവർക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി പൊലീസ് കേസെടുത്തതോടൊപ്പം പട്ടികജാതി-പട്ടികവർഗ്ഗ അതിക്രമ നിരോധന നിയമവും ചുമത്തിയിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group


