കോഴിക്കോട്: ജില്ലയില്‍ നിപ വീണ്ടും റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എന്‍ഐടി)വരും ദിവസങ്ങളില്‍ നടത്താന്‍ നിശ്ചയിച്ച എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
റെഗുലര്‍ ക്ലാസുകള്‍ ഒഴിവാക്കി ഈ മാസം 23 വരെ ഓണ്‍ലൈനായി ക്ലാസുകള്‍ നടത്താനും തീരുമാനിച്ചു. അതിനിടെ ക്യാമ്പസില്‍ മാസ്‌ക് നിര്‍ബന്ധമാക്കി. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ താമസിക്കുന്നവര്‍ എന്‍ഐടിയില്‍ പ്രവേശിക്കരുതെന്നും ഉത്തരവില്‍ പറയുന്നു.
നിപ നിയന്ത്രണങ്ങള്‍ ലംഘിച്ച് ക്ലാസുകളും പരീക്ഷയും തുടരുന്നുവെന്ന പരാതിയുമായി വിദ്യാര്‍ഥികള്‍ രംഗത്തുവന്ന പശ്ചാത്തലത്തിലാണ് നടപടി. ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടും ക്ലാസുകള്‍ തുടര്‍ന്നതോടെ വിദ്യാര്‍ഥികള്‍ എന്‍ഐടി അധികൃതരെ സമീപിച്ചിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ അല്ലാത്തതിനാല്‍ പരീക്ഷ മാറ്റില്ലെന്നും പ്രദേശത്ത് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതിനാല്‍ അവധി നല്‍കാനാവില്ലെന്നുമായിരുന്നു അധികൃതരുടെ വാദം. വിദ്യാര്‍ഥികള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും ആരോഗ്യവകുപ്പ് അധികൃതര്‍ക്കും പരാതി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് പരീക്ഷകള്‍ മാറ്റിവച്ചത്.
നിപ വൈറസ് ബാധയെ തുടര്‍ന്ന് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സെപ്റ്റംബര്‍ 23 വരെ അടച്ചിടാന്‍ നിര്‍ദേശം നല്‍കിയിരുന്നു. തിങ്കളാഴ്ച മുതല്‍ 23 വരെ ക്ലാസുകള്‍ ഓണ്‍ലൈനായി നടത്താനാണ് നിര്‍ദേശം. ട്യൂഷന്‍ സെന്ററുകള്‍ക്കും കോച്ചിങ് സെന്ററുകള്‍ക്കും ഉള്‍പ്പെടെ നിര്‍ദേശം ബാധകമാണ്.