play-sharp-fill
പനി വന്നാൽ വവ്വാലിനെ കൊല്ലണോ; ചിക്കനിൽ നിന്നും വൈറസ് പടരുമോ..? സോഷ്യൽ മീഡിയയിലെ വ്യാജ പ്രചരണങ്ങളെ പൊളിച്ചടുക്കി ഒരു ഡോക്ടർ

പനി വന്നാൽ വവ്വാലിനെ കൊല്ലണോ; ചിക്കനിൽ നിന്നും വൈറസ് പടരുമോ..? സോഷ്യൽ മീഡിയയിലെ വ്യാജ പ്രചരണങ്ങളെ പൊളിച്ചടുക്കി ഒരു ഡോക്ടർ

സ്വന്തം ലേഖകൻ

കൊച്ചി: പനി വന്നാൽ വവ്വാലിനെ കൊല്ലണോ..? ചിക്കനിൽ നിന്നും വൈറസ് പടരുമോ..? ബീഫും ചിക്കനും കഴിച്ചാൽ നിപാ വൈറസ് പടരുമെന്ന സോഷ്യൽ മീഡിയയിലെ വ്യാജ പ്രചാരണങ്ങൾക്കെതിരെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർ പി.എസ് ജിനേഷിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. വവ്വാലുകളെ കൊല്ലണമെന്നും, ഓടിക്കണമെന്നും നിർദേശിക്കുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റുകൾക്കെതിരെയാണ് ഇപ്പോൾ ജിനേഷ് രംഗത്ത് എത്തിയിരിക്കുന്നത്. ജനേഷിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ നിന്ന്…


1. വവ്വാലുകളെ ഓടിക്കുകയോ കൊല്ലുകയോ ചെയ്യേണ്ട കാര്യമില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വവ്വാലുകളിൽ നിന്നാണ് ഇവിടെ നിപ്പാ വൈറസ് പടർന്നുപിടിച്ചത് എന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

കിണറ്റിനുള്ളിൽ നിന്നും ലഭിച്ചത് ഇൻസെക്ടിവോർസ് വവ്വാലുകളെ ആണ്. അതായത് ചെറിയ വവ്വാലുകളെ. ഇപ്പോൾ പിടിച്ച സ്പീഷീസിൽ നിപ്പാ വൈറസിന്റെ സാന്നിധ്യം മുൻപ് കണ്ടുപിടിച്ചിട്ടില്ലാത്തതാണ്. എന്തായാലും വവ്വാലിനെ പിടിച്ച് സാമ്പിൾ വൈറോളജി ലാബിൽ അയച്ചിട്ടുണ്ട്, റിസൾട്ട് നാളെ ലഭിച്ചേക്കും.

ചെറു പ്രാണികളും കൊതുകുകളും നിശാശലഭങ്ങളും ഒക്കെയാണ് ഇവന്റെ ആഹാരം. ഏതാണ്ട് ശരീരഭാരത്തിന് അടുപ്പിച്ച് ആഹാരം ഇവർ ദിവസവും അകത്താക്കും. അതായത് നമ്മുടെ കൊതുകുകളെ നിയന്ത്രിക്കുന്നതിൽ ഇവർക്ക് വളരെ വലിയ പങ്കുണ്ടെന്ന്. സസ്യങ്ങളിൽ ചില രോഗങ്ങൾ ഉണ്ടാക്കുന്ന നിശാശലഭങ്ങളെയും അകത്താക്കും. അഞ്ച് കിലോമീറ്റർ ഒക്കെയാണ് ദിവസ സഞ്ചാരം. 10 കിലോമീറ്ററിനപ്പുറം പോകാനുള്ള കഴിവൊന്നും ഇല്ല. ചെറിയ വവ്വാലുകൾ ആകെ അൻപതോളം സ്പീഷീസുകൾ കേരളത്തിലുണ്ട്.

ഫ്രൂട്ട് വവ്വാലുകൾ, അഥവാ വലിയ വവ്വാലുകൾ കേരളത്തിലാകെ ആറ് സ്പീഷീസ്. ഒന്നിൽ നിന്നും കേരളത്തിൽ ഇതുവരെ നിപ്പാ വൈറസ് കണ്ടുപിടിച്ചിട്ടില്ല. എന്നാൽ കേരളത്തിനു വെളിയിൽ ഇതിലെ മൂന്ന് സ്പീഷീസുകളിൽ നിന്നും വൈറസിനെ കണ്ടുപിടിച്ചിട്ടുണ്ട്.

സസ്യങ്ങളുടെ വിത്തു വിതരണത്തിന് വലിയ സഹായം ചെയ്യുന്നത് ഈ വലിയ വവ്വാലുകളാണ്.

സ്ഥിരീകരിക്കാത്ത ഒരു സംശയത്തിന്റെ പേരിൽ ഇവയെ ഉപദ്രവിച്ചാൽ, ഗുണത്തെക്കാളേറെ ദോഷം ചെയ്യും.

വവ്വാലുകളെ കൊന്നാൽ വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ആക്ട് 1972 പ്രകാരം ശിക്ഷിക്കപ്പെടാൻ സാധ്യതയുണ്ട്.

2. വവ്വാലുകളിൽ നിന്നും ആണ് മലേഷ്യയിലും ബംഗ്ലാദേശിലും ഒക്കെ നിപ്പാ വൈറസ് ബാധ ആരംഭിച്ചത് എന്നതിനാലാണ് വവ്വാലുകളും പക്ഷിമൃഗാദികളും ഭാഗികമായി ആഹരിച്ച ചാമ്പങ്ങ, പേരക്ക, മാങ്ങ, ഞാവൽ പഴം തുടങ്ങിയവ ആഹരിക്കരുത് എന്ന് പറഞ്ഞത്. കടയിൽനിന്നും വാങ്ങുന്ന കായ്ഫലങ്ങൾ ഉപയോഗിക്കരുത് എന്നല്ല പറഞ്ഞത്. സാധാരണഗതിയിൽ അവയിൽ ഒരു കാരണവശാലും ഈ വൈറസ് ഉണ്ടാവില്ല. ധൈര്യമായി വാങ്ങി കഴിക്കാം. കഴുകി വൃത്തിയാക്കിയ ശേഷം കഴിക്കുക.

3. ബ്രോയിലർ ചിക്കനിൽ ഇതുവരെ ഈ വൈറസ് കണ്ടെത്തിയിട്ടില്ല. പക്ഷികളിൽ ഒന്നിൽനിന്നും ഇത്രനാളിനിടെ ഈ വൈറസ് ലഭിച്ചിട്ടില്ല, കേരളത്തിൽ മാത്രമല്ല പുറത്തും (ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ). ബ്രോയിലർ ചിക്കൻ വാങ്ങുന്നതിൽ ഒരു കുഴപ്പവുമില്ല. നന്നായി പാകം ചെയ്ത് ഭക്ഷിക്കുക.

4. മൃഗങ്ങളിൽ പന്നികളിലാണ് അസുഖ ബാധയേറ്റവും കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. പട്ടി, പൂച്ച, ആട്, കുതിര എന്നിവയുടെ ശരീരത്തിൽനിന്നും ആന്റിബോഡി വേർതിരിച്ചെടുത്തിട്ടുണ്ട്. എന്നാലും കേരളത്തിൽ ഇങ്ങനെയൊരു സാഹചര്യം ഇതുവരെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല.

പശുവിന്റെയോ ആടിന്റെയോ പാൽ ഉപയോഗിക്കുന്നതിൽ ഒരു കുഴപ്പവുമില്ല.

എന്നാൽ മൃഗങ്ങളിൽ കൂട്ടമായി എന്തെങ്കിലും രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ശ്രദ്ധിക്കണം. മൃഗസംരക്ഷണ വകുപ്പിനെയോ മൃഗഡോക്ടറെയോ കാണിക്കണം. അത്രമാത്രം …

പുര കത്തുമ്പോൾ വാഴ വെട്ടരുത്.

പരിഭ്രമിക്കേണ്ട കാര്യമില്ല. ജാഗ്രതയോടെ, കരുതലോടെ സമൂഹമെന്ന നിലയിൽ നമുക്കൊരുമിച്ച് മുന്നോട്ട് പോകാം.