മാണിയെ കാണാൻ യു.ഡി.എഫ്. നേതാക്കൾ പാലായിലെ വീട്ടിൽ; കെ.എം. മാണി യു.ഡി.എഫിലേക്ക് ; പ്രഖ്യാപനം ചൊവ്വാഴ്ച ഉണ്ടായേക്കും

മാണിയെ കാണാൻ യു.ഡി.എഫ്. നേതാക്കൾ പാലായിലെ വീട്ടിൽ; കെ.എം. മാണി യു.ഡി.എഫിലേക്ക് ; പ്രഖ്യാപനം ചൊവ്വാഴ്ച ഉണ്ടായേക്കും

 

പാലാ: കെ.എം. മാണി തിരികെ യു.ഡി.എഫിലേക്കെന്ന് സൂചന. പ്രഖ്യാപനം ചൊവ്വാഴ്ച രാവിലെ പത്തിനു പാലായിൽ ഉണ്ടായേക്കും. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് പിന്തുണ അഭ്യർത്ഥിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, കെ.പി.സി.സി. പ്രസിഡന്റ് എം.എം. ഹസൻ, മുസ്ലീംലീഗ് നേതാവും എം.പി.യുമായ പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവർ തിങ്കളാഴ്ച വൈകിട്ട് നാലരയോടെ പാലായിലെ കെ.എം. മാണിയുടെ വസതിയിലെത്തി അദ്ദേഹവുമായി ഒന്നേകാൽ മണിക്കൂറോളം ചർച്ച നടത്തിയതിനു പിന്നാലെയാണ് മാണിയുടെ മടക്കത്തിന് ആക്കംകൂടുന്നത്. ചെങ്ങന്നൂരിൽ യു.ഡി.എഫ്. സ്ഥാനാർത്ഥിക്ക് കേരള കോൺഗ്രസിന്റെ(എം) പിന്തുണ ആവശ്യപ്പെട്ടതിനൊപ്പം യു.ഡി.എഫിലേക്ക് കെ.എം. മാണി തിരിച്ചുവരണമെന്നാണ് തങ്ങളും കേരളത്തിലെ ജനാധിപത്യ വിശ്വാസികളും ആഗ്രഹിക്കുന്നതെന്നും അതിന് അദ്ദേഹത്തോട് അഭ്യർത്ഥിച്ചതായും ചർച്ചയ്ക്കുശേഷം പുറത്തുവന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. യു.ഡി.എഫ്. നേതൃനിരയിൽ വർഷങ്ങളായി പ്രവർത്തിച്ചുവന്നയാളാണ് കെ.എം. മാണിയെന്നും അതിനാൽ അദ്ദേഹം യു.ഡി.എഫിലേക്കുതന്നെ മടങ്ങിവരണമെന്നുമാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്നും ഉമ്മൻചാണ്ടിയും പറഞ്ഞു. യു.ഡി.എഫിന് കേരള കോൺഗ്രസ് അനിവാര്യ ഘടകമാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് എം.എം. ഹസനും യു.ഡി.എഫിനൊപ്പം കേരള കോൺഗ്രസ് എന്നുമുണ്ടാകണമെന്നാണ് മുസ്ലീംലീഗിന്റെ നിലപാടെന്നും പി.കെ. കുഞ്ഞാലിക്കുട്ടിയും മാണിയെ അറിയിച്ചതായി നേതാക്കൾ പറഞ്ഞു. ചെങ്ങന്നൂരിൽ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച് തീരുമാനമെടുക്കാൻ കേരള കോൺഗ്രസ് സബ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കെ.എം. മാണി, പി.ജെ. ജോസഫ്, സി.എഫ്. തോമസ്, മോൻസ് ജോസഫ്, റോഷി അഗസ്റ്റിൻ, എൻ. ജയരാജ് എന്നീ എം.എൽ.എ.മാർക്കു പുറമേ എം.പി.മാരായ ജോസ് കെ. മാണി, ജോയി ഏബ്രഹാം, പാർട്ടി സംസ്ഥാന കമ്മിറ്റിയംഗങ്ങളായ തോമസ് ജോസഫ് എക്സ് എം.എൽ.എ, പി.ടി. ജോസ് എന്നിവരുമടങ്ങുന്നതാണ് പത്തംഗ സബ് കമ്മിറ്റി.
ചൊവ്വാഴ്ച രാവിലെ പാലായിൽ കെ.എം. മാണിയുടെ വസതിയിൽ സബ്കമ്മിറ്റി ചേരും. തുടർന്ന് പാർട്ടി ആലോചിച്ച് തീരുമാനം പ്രഖ്യാപിക്കുമെന്ന് കെ.എം. മാണി യു.ഡി.എഫ്. നേതാക്കൾ മടങ്ങിയശേഷം അറിയിച്ചു. യു.ഡി.എഫിനോട് നിഷേധാത്മക നിലപാടില്ലെന്ന് തുടർന്ന് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി മാണി പറഞ്ഞതുംകൂടിയാകുമ്പോൾ ചെങ്ങന്നൂർ തെരഞ്ഞെടുപ്പ് പിന്തുണയ്ക്കൊപ്പം യു.ഡി.എഫിലേക്ക് മടങ്ങുമെന്ന വ്യക്തമായ സൂചനയാണ് അദ്ദേഹം നൽകിയിരിക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് മൂന്നുമാസത്തിനുശേഷം യു.ഡി.എഫ്. വിട്ട മാണിക്ക് ഒന്നരവർഷത്തിലേറെയായി തുടർന്ന അനിശ്ചിതാവസ്ഥയ്ക്കൊടുവിൽ എൽ.ഡി.എഫിൽ ചേരുന്നതിനെതിരേ സി.പി.ഐ. നേതാക്കൾ നിരന്തരം ഉയർത്തിയ പ്രതിരോധവും കഴിഞ്ഞ ദിവസം വി.എസ്. അച്യുതാനന്ദൻ ഉയർത്തിയ എതിർപ്പുമാണ് യു.ഡി.എഫിലേക്ക് പെട്ടെന്നൊരു മടക്കത്തിന് പ്രേരിപ്പിച്ചത്. ചെങ്ങന്നൂർ തെരഞ്ഞെടുപ്പ് അതിന് വഴിതുറക്കുകയും യു.ഡി.എഫ്. നേതാക്കൾ അഭ്യർത്ഥനയുമായി സമീപിക്കുകയുംകൂടി ചെയ്തപ്പോൾ തീരുമാനത്തിന് ആക്കംകൂടി.