വ്യക്തിവിരോധം തീർക്കാൻ വ്യാജ നോട്ടീസ് ഇറക്കുന്ന പാർട്ടി ശത്രുക്കളെ ഒറ്റപ്പെടുത്തണം ; നീണ്ടൂര്‍ സിപിഎമ്മിലെ കലഹം: കുര്യാക്കോസിനെ തള്ളി സിപിഎം പ്രസ്താവന
സ്വന്തം ലേഖകൻ
ഏറ്റുമാനൂർ: സിപിഎം നീണ്ടൂർ ലോക്കല്‍ സെക്രട്ടറി എം.എസ്. ഷാജിക്കെതിരേ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് പ്രസ്താവന പ്രസിദ്ധീകരിച്ച മുൻ ലോക്കല്‍ സെക്രട്ടറിയും നീണ്ടൂർ സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്‍റുമായ വി.കെ. കുര്യാക്കോസിനെ സിപിഎം തള്ളിപ്പറഞ്ഞു.
വ്യക്തിവിരോധം തീർക്കാൻ വ്യാജ നോട്ടീസ് ഇറക്കുന്ന പാർട്ടി ശത്രുക്കളെ ഒറ്റപ്പെടുത്താൻ ആഹ്വാനം ചെയ്തും കുര്യാക്കോസിന്‍റെ ആരോപണങ്ങളെ അപ്പാടെ തള്ളിക്കളഞ്ഞും സിപിഎം ഏറ്റുമാനൂർ ഏരിയാ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന കെ.എൻ. വേണുഗോപാല്‍ പ്രസ്താവനയിറക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുര്യാക്കോസിന്‍റെ പേരില്‍ ഇറങ്ങിയിട്ടുള്ള നോട്ടീസ് സിപിഎമ്മിനെ കളങ്കപ്പെടുത്തുന്നതും കളവും ദുരുദേശപരവും ആണെന്ന് പ്രസ്താവനയില്‍ പറയുന്നു. ലോക്കല്‍ സെക്രട്ടറിക്കെതിരായി അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് നോട്ടീസില്‍ ഉന്നയിച്ചിട്ടുള്ളത്. കിടപ്പാടം ജപ്തി ചെയ്യാൻ ബാങ്കധികൃതർ വീട്ടിലെത്തുമ്ബോള്‍ പണം അടയ്ക്കാൻ സാവകാശം ലഭിക്കുന്നതിലേക്കും നടപടികള്‍ നീട്ടിവയ്ക്കുന്നതിലേക്കുമായി ആളുകള്‍ ലോക്കല്‍ സെക്രട്ടറിയെ സമീപിക്കുന്നത് സ്വാഭാവികമാണ്.
ബാങ്കിന് ദോഷകരമാകാത്ത വിധത്തില്‍ അത്തരക്കാർക്ക് താത്കാലിക ആശ്വാസം സാധ്യമാക്കുന്നത് തെറ്റാണെന്ന് പാർട്ടി കരുതുന്നില്ല. നഷ്ടത്തില്‍ പ്രവർത്തിക്കുന്ന ബാങ്കിന്‍റെ ജീവനക്കാരും ബോർഡ് മെംബർമാരും ബാങ്ക് തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ ഉല്ലാസയാത്രയ്ക്ക് പോകുന്നതു പാടില്ലായെന്ന് പാർട്ടിയുടെ ബോർഡ് മെംബർമാരെ അറിയിക്കാൻ പാർട്ടി തീരുമാനിച്ചിരുന്നു. അത് സെക്രട്ടറിയുടെ മാത്രം തീരുമാനമല്ല. ആ വിരോധമാണ് ഈ നോട്ടീസിനു പിന്നിലുള്ള ഒരു കാരണം.
ഉന്നയിച്ചിട്ടുള്ള മറ്റ് ആരോപണങ്ങളെല്ലാം വ്യക്തിവിരോധത്തില്‍നിന്ന് ഉണ്ടായിട്ടുള്ളതാണ്. അതെല്ലാം കളവും കൃത്രിമവും പാർട്ടിയുടെ ശത്രുക്കളോടൊപ്പം ചേർന്ന് അവരെ സഹായിക്കുന്നിലേക്ക് മാത്രം ഉദ്ദേശിച്ചിട്ടുള്ളതുമാണ്. വി.കെ. കുര്യാക്കോസിന്‍റെ പ്രവർത്തനങ്ങള്‍ പാർട്ടി നയങ്ങള്‍ക്കു നിരക്കുന്നതല്ലെന്ന് പാർട്ടിക്ക് ബോധ്യമായതിനാല്‍ ബാങ്കിലേക്ക് വീണ്ടും മത്സരിപ്പിക്കേണ്ടതില്ലെന്നും പാർട്ടി മെംബർഷിപ്പ് പുതുക്കി നല്‍കേണ്ടതില്ലെന്നും പാർട്ടി തീരുമാനിച്ചിരുന്നതാണ്.
നീണ്ടൂർ പഞ്ചായത്തില്‍ സമീപകാലത്തായി സിപിഎമ്മിന് അഭൂതപൂർവമായ വളർച്ചയും ജനപിന്തുണയും ആർജിക്കാനായിട്ടുണ്ട്. വലിയ ഭൂരിപക്ഷത്തില്‍ നീണ്ടൂർ പഞ്ചായത്ത് ഭരണവും കൈപ്പുഴ, നീണ്ടൂർ ബാങ്ക് ഭരണവും നേടുവാൻ സിപിഎം നേതൃത്വത്തില്‍ കഴിഞ്ഞു. പാർട്ടിയുടെ ഈ വളർച്ചയില്‍ വിളിപൂണ്ട എതിരാളികളുടെ ചട്ടുകമായി നിന്നുകൊണ്ട് ഇത്തരം വാർത്തകള്‍ ഇറക്കുന്നത് പാർട്ടിയെ പിന്തുണയ്ക്കുന്ന ബഹുജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും കെ.എൻ. വേണുഗോപാല്‍ പ്രസ്താവനയില്‍ പറഞ്ഞു.
അതേസമയം, സിപിഎമ്മിന്‍റെ ഭാഗത്തുനിന്നും എന്തു നടപടി ഉണ്ടായാലും നേരിടാൻ തയ്യാറാണെന്ന സൂചനയാണ് കുര്യാക്കോസിനെ അനുകൂലിക്കുന്നവർ നല്‍കുന്നത്.
തെരഞ്ഞെടുപ്പു കഴിയുംവരെ നിശബ്ദരാകാനാണത്രെ ഇവരുടെ തീരുമാനം. രക്തസാക്ഷികളായ ആലി, വാവ, ഗോപിമാരുടെ നാട്ടില്‍ സിപിഎമ്മില്‍ ഇതുവരെ ഉണ്ടാകാത്ത വിധത്തിലുള്ള അസംതൃപ്തിയും വിഭാഗീയതയും ചേരിതിരിവും ഉണ്ടായിരിക്കുന്നതായും ഇവർപറയുന്നു.