
നിലമ്പൂര്‍: ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് ഹോട്ടലില്‍ പരിശോധന നടത്തി പിഴയടയ്ക്കാന്‍ ആവശ്യപ്പെട്ട തമിഴ്‌നാട് ഗൂഡല്ലൂര്‍ സ്വദേശികളായ ദമ്പതിമാര്‍ പോലീസിന്റെ പിടിയില്‍. കഴിഞ്ഞദിവസം ഉച്ചയ്ക്ക് 12.45-ന് നിലമ്പൂര്‍ ചന്തക്കുന്ന് ബസ് സ്റ്റാന്‍ഡിനു സമീപത്തെ ഹോട്ടലിലാണു സംഭവം.
ഗൂഡല്ലൂര്‍ ആമക്കുളം സുബൈദ (35), ഭര്‍ത്താവ് ധര്‍മരാജന്‍ (38) എന്നിവരെയാണ് എസ്‌ഐ തോമസ് കുട്ടി ജോസഫ് കസ്റ്റഡിയിലെടുത്തത്. ഉടമ അത്തിമണ്ണില്‍ ഷാനവാസിന്റെ പരാതിയിലാണ് കേസെടുത്തത്.
ഉദ്യോഗസ്ഥര്‍ ചമഞ്ഞ് ഹോട്ടലിലെത്തിയ ദമ്പതിമാര്‍ ആദ്യം ലൈസന്‍സ് ആവശ്യപ്പെട്ടു. ലൈസന്‍സ് കാലാവധി തീരാറായതിനാൽ പിഴ അടയ്ക്കണം എന്ന് ഭീഷണിപ്പെടുത്തി. ഓരോ ഊണും ബിരിയാണിയും പാഴ്‌സല്‍ ആവശ്യപ്പെട്ടു. അലമാരയിലെ ഭക്ഷണസാധനങ്ങള്‍ പാത്രത്തോടെ എടുത്ത് നിലത്തെറിഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭക്ഷണം കഴിക്കാനെത്തിയ മുന്‍ ഹോട്ടലുടമ തെയ്യത്തുംകാവില്‍ മുനീറിന് ഇരുവരുടെയും പെരുമാറ്റത്തില്‍ സംശയംതോന്നി ഇടപെട്ടു. ഉടന്‍ സുബെദ മൂന്നുലക്ഷം രൂപ പിഴയടയ്ക്കണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ മുനീര്‍ തിരിച്ചറിയല്‍ രേഖ കാണിക്കാന്‍ ആവശ്യപ്പെട്ടു. രേഖ പരിശോധിച്ചപ്പോള്‍ പ്ലേസ്‌മെന്റ് സര്‍വീസ് സ്ഥാപനത്തിലെ ജോലിക്കാരിയാണെന്നു മനസ്സിലായി.
പിന്നാലെ ഹോട്ടല്‍ ഉടമയും നാട്ടുകാരും ചേര്‍ന്ന് ഇരുവരെയും തടഞ്ഞുവച്ചു പോലീസില്‍ വിവരം അറിയിച്ചു. സിപിഒ മാരായ പി. ദീപ, കെ. അജേഷ് എന്നിവര്‍ ചേര്‍ന്ന് ഇവരെ കസ്റ്റഡിയിലെടുത്തു. ആള്‍മാറാട്ടത്തിനു കേസ് രജിസ്റ്റര്‍ ചെയ്തു.







