കോട്ടയം പാര്‍ലമെന്റ്‌ മണ്‌ഡലത്തിലെ തെരെഞ്ഞെടുപ്പ്‌ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി കമ്മറ്റിക്ക്‌ രൂപം നല്‍കി കേരളാ കോണ്‍ഗ്രസ്സ്‌ (എം)

കോട്ടയം പാര്‍ലമെന്റ്‌ മണ്‌ഡലത്തിലെ തെരെഞ്ഞെടുപ്പ്‌ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി കമ്മറ്റിക്ക്‌ രൂപം നല്‍കി കേരളാ കോണ്‍ഗ്രസ്സ്‌ (എം)

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : 2019 ലെ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പിന്‌ തയ്യാറെടുക്കാന്‍ കേരളാ കോണ്‍ഗ്രസ്‌ (എം) ജില്ലാ നേതൃയോഗം തീരുമാനിച്ചു. ചെയര്‍മാന്‍ കെ.എം.മാണിയുടെയും വൈസ്‌ ചെയര്‍മാന്‍ ജോസ്‌ കെ.മാണിയുടെയും സംസ്ഥാന ഭാരവാഹികളുടെയും സാന്നിദ്ധ്യത്തില്‍ കേരളാ കോണ്‍ഗ്രസ്‌ (എം) സംസ്ഥാന കമ്മിറ്റി ഓഫീസില്‍ കൂടിയ യോഗത്തിലാണ്‌ തീരുമാനമെടുത്തത്‌.
പാര്‍ട്ടിയുടെ സിറ്റിംഗ്‌ സീറ്റായ കോട്ടയം പാര്‍ലമെന്റ്‌ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പ്‌ കമ്മിറ്റിക്ക്‌ നേതൃയോഗം രൂപം നല്‍കി. ജോസ്‌ കെ.മാണി എം.പിയുടെ നേരിട്ടുള്ള സംഘടനാ ചുമതലയിലായിരിക്കും പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പ്‌ കമ്മിറ്റി പ്രവര്‍ത്തിക്കുന്നത്‌.
ഇതേ മാതൃകയില്‍ പാര്‍ലമെന്റ്‌ മണ്ഡലത്തില്‍പ്പെട്ട വിവിധ അസംബ്ലി മണ്ഡലങ്ങളില്‍ അസംബ്ലി കമ്മിറ്റികളും നിലവില്‍ വരും. അസംബ്ലി മണ്ഡലം കമ്മിറ്റികള്‍ക്ക്‌ സംസ്ഥാന ഭാരവാഹികള്‍ തന്നെ നേരിട്ട്‌ ചുമതല നിര്‍വ്വഹിക്കും.
ബൂത്ത്‌ അടിസ്ഥാനത്തില്‍ രാഷ്‌ട്രീയ സംഘടനാ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിനായി ബൂത്ത്‌ കമ്മിറ്റികളുടെ രൂപീകരണം ജൂലൈ 14, 15 തീയതികളിലായി നടക്കും. കോട്ടയം പാര്‍ലമെന്റ്‌ മണ്ഡലത്തിലെ എല്ലാ ബൂത്തുകളിലും 14, 15 ദിനങ്ങളില്‍ ബൂത്ത്‌ രൂപീകരണ യോഗങ്ങള്‍ ചേര്‍ന്ന്‌ ഭാരവാഹികളെ തെരഞ്ഞെടുക്കും. വോട്ടര്‍ പട്ടിക ബൂത്ത്‌ തലത്തില്‍ പരിശോധിച്ച്‌ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും.
ജോസ്‌ കെ.മാണി എം.പിയുടെ നേതൃത്വത്തില്‍ കോട്ടയം പാര്‍ലമെന്റ്‌ മണ്ഡലത്തില്‍ നടന്നിട്ടുള്ള ബൃഹത്തായ വികസനപദ്ധതികളുടെ പ്രചരണം ജനങ്ങളിലേയ്‌ക്ക്‌ എത്തിക്കുന്നതിനായി പാര്‍ലമെന്റ്‌ മണ്ഡലം അടിസ്ഥാനത്തില്‍ കമ്മിറ്റികള്‍ രൂപീകരിക്കും. അസംബ്ലി മണ്ഡലം അടിസ്ഥാനത്തിലും ഇതേ മാതൃകയില്‍ കമ്മിറ്റികള്‍ രൂപീകരിക്കാനും തീരുമാനിച്ചു. ജില്ലയിലെ പാര്‍ട്ടിയെ രാഷ്‌ട്രീയമായും സംഘടനാപരമായും ശക്തിപ്പെടുത്തുന്നതിനും തീരുമാനമെടുത്തു.ഈ മാസം 10,11 തീയതികളില്‍ നിയോജകമണ്‌ഡലം നേതാക്കളുടെ വിലയിരുത്തല്‍ യോഗം കോട്ടയത്ത്‌ ചേരും. 28 ന്‌ വീണ്ടും ജില്ലാ നേതൃയോഗം ചേരുന്നതാണ്‌. ലോക്‌സഭാ തെരെഞ്ഞെടുപ്പിന്‌ മുന്നോടിയായി ഓഗസ്റ്റ്‌ 16 ന്‌ ജില്ലാ ക്യാമ്പ്‌ നടത്തുന്നതിനും തീരുമാനിച്ചു.
യോഗം പാര്‍ട്ടി ചെയര്‍മാന്‍ കെ.എം മാണി ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ സണ്ണി തെക്കേടം അധ്യക്ഷത വഹിച്ചു. വൈസ്‌ ചെയര്‍മാന്‍ ജോസ്‌ കെ.മാണി എം.പി, ജനറല്‍ സെക്രട്ടറി ജോയ്‌ എബ്രഹാം എക്‌സ്‌.എം.പി, തോമസ്‌ ചാഴിക്കാടന്‍, ജോബ്‌ മൈക്കിള്‍, സ്റ്റീഫന്‍ ജോര്‍ജ്‌, പ്രിന്‍സ്‌ ലൂക്കേസ്‌, കെ.എഫ്‌ വര്‍ഗ്ഗീസ്‌, ജോസഫ്‌ ചാമക്കാല, മുഹമ്മദ്‌ ഇക്ക്‌ബാല്‍, മാത്തുകുട്ടി പ്ലാത്താനം, എ.എം മാത്യു, ജോസ്‌ ഇടവഴിക്കല്‍, മാത്തുകുട്ടി ഞായര്‍കുളം, മജു പുളിക്കന്‍ തുടങ്ങിയവര്‍ സംസാരിച്ചു.