പുതിയ നോട്ടുകൾ കീറിയാൽ മാറ്റി നൽകില്ല; ബാങ്കുകൾ

പുതിയ നോട്ടുകൾ കീറിയാൽ മാറ്റി നൽകില്ല; ബാങ്കുകൾ

സ്വന്തം ലേഖകൻ

എറണാകുളം: റിസർവ് ബാങ്ക് നയത്തിൽ തിരുത്തൽ വരുത്താത്തതിനാൽ പുതിയ കറൻസി നോട്ടുകൾ കീറിയാൽ മാറ്റിക്കൊടുക്കേണ്ടതില്ലെന്ന് ബാങ്കുകൾ. ഇതിനാൽ നോട്ട് അസാധുവാക്കൽ പ്രഖ്യാപനത്തിന് ശേഷം പുറത്തിറക്കിയ മഹാത്മാ ഗാന്ധി സീരീസിൽപ്പെട്ട 2000, 500, 200, 50, 10 രൂപ നോട്ടുകൾ കീറുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ മാറ്റിവാങ്ങാനാവില്ല. റിസർവ് ബാങ്ക് 2009 ൽ പ്രഖ്യാപിച്ച നോട്ട് റീഫണ്ട് റൂളിൽ ഈ നോട്ടുകൾ ഉൾപ്പെടാത്തതാണ് തിരിച്ചെടുക്കലിനെ ബാധിച്ചത്. ആവശ്യമായ തിരുത്തൽ വരുത്താൻ റിസർവ് ബാങ്ക് തയാറായിട്ടില്ല. ചെളി പിടിച്ചതോ കീറലുള്ളതോ ആയ നോട്ടുകൾ മാറ്റിനൽകാൻ 2009 ലെ നോട്ട് റീഫണ്ട് റൂളിൽ വ്യവസ്ഥയുണ്ട്. എന്നാൽ, പുതിയ നോട്ടുകൾ ബാങ്കുകൾ സ്വീകരിച്ചാലും റിസർവ് ബാങ്ക് തിരിച്ചെടുക്കുന്നില്ല. ഇത്തരത്തിൽ വിവിധ ബാങ്കുകൾ സ്വീകരിച്ച ലക്ഷക്കണക്കിന് രൂപ ബ്രാഞ്ചുകളിൽ കെട്ടിക്കിടക്കുകയാണ്. അതിനാൽ ഇത്തരം നോട്ടുകൾ ബാങ്കുകളിൽ എത്തിയാൽ മാറ്റിനൽകേണ്ടെന്ന തീരുമാനത്തിലാണ് ബാങ്കുകൾ. ഉപഭോക്താക്കൾ സാമ്പത്തിക വിനിമയം നടത്തുമ്പോൾ കീറിയതോ ചെളിയോ മഷിയോ പുരണ്ടതായ നോട്ടുകൾ വാങ്ങാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് ബാങ്ക് അധികൃതർ അറിയിച്ചു.