നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റെന്ന പേരിൽ കോടികളുടെ നിക്ഷേപതട്ടിപ്പ്; കോട്ടയത്തെ എൻസിഎസ് വസ്ത്രം ടെക്സ്റ്റൈൽസ് ഉടമ എൻ.എം. രാജുവും കുടുംബവും അറസ്റ്റില്‍; വസ്ത്രം ടെക്സ്റ്റൈൽസിന്റെ പരസ്യം നൽകിയ മാധ്യമങ്ങൾക്ക് പണം നൽകാതെ പറ്റിച്ച മുതലാളി കോട്ടയത്തെ ഷോറൂമിലെ സെക്യൂരിറ്റി ജീവനക്കാർക്കും ശമ്പളം നൽകാതെ പറ്റിച്ചു; ഗതികെട്ട സെക്യൂരിറ്റി ഏജൻസി ഉടമ കിട്ടാനുള്ള പണത്തിന് പകരം തുണിയെടുത്ത് തുക ഈടാക്കി
തിരുവല്ല/കോട്ടയം: സംസ്ഥാന വ്യാപകമായി നിക്ഷേപകരില്‍ നിന്ന് 500 കോടിയോളം രൂപ തട്ടിയെടുത്തെന്ന പരാതികളുടെ അടിസ്ഥാനത്തിൽ തിരുവല്ല കേന്ദ്രീകരിച്ചുള്ള നെടുംപറമ്പിൽ ഫിനാൻസ് ഉടമ എൻ.എം.രാജുവി(രാജു ജോർജ്)നെയും കുടുംബത്തെയും പൊലീസ് അറസ്റ്റ് ചെയ്തു.
രാജുവിന് പുറമേ ഭാര്യ ഗ്രേസ്, മക്കളായ അലൻ ജോർജ്, അൻസൻ ജോർജ് എന്നിവരെയാണ് തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തത്.
നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് ഇവർക്കെതിരേ തിരുവല്ല സ്റ്റേഷനില്‍ പത്തും പുളിക്കീഴ് മൂന്നും കേസുകള്‍ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിന് പുറമേ ജില്ലയിലെ മറ്റു സ്റ്റേഷനുകളിലും പരാതികൾ ലഭിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, പത്തനംതിട്ട, തൃശൂർ, ആലപ്പുഴ ജില്ലകളിലായി നൂറു കണക്കിന് നിക്ഷേപകരില്‍ നിന്ന് കോടികളാണ് എൻ.എം. രാജു നിക്ഷേപം സ്വീകരിച്ചിട്ടുള്ളത്.
അമേരിക്ക, ഗള്‍ഫ് രാജ്യങ്ങള്‍, യു.കെ എന്നിവിടങ്ങളില്‍ നിന്നുള്ള വിദേശമലയാളികളില്‍ നിന്നാണ് രാജുവിന്റെ നെടുംപറമ്പിൽ സിൻഡിക്കേറ്റ് പണം സമാഹരിച്ചിരുന്നത്. കോടികളാണ് പലരും നിക്ഷേപിച്ചിട്ടുള്ളത്. രണ്ടു മാസം മുൻപ് ഇലവുംതിട്ട പൊലീസ് സ്റ്റേഷനില്‍ 1.43 കോടി തിരികെ കിട്ടാനുണ്ടെന്ന് പറഞ്ഞ് അമേരിക്കൻ മലയാളി നല്‍കിയ പരാതിയില്‍ കേസ് എടുത്തിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വസ്ത്രം ടെക്സ്റ്റൈൽസിന്റെ പരസ്യം നൽകിയ മാധ്യമങ്ങൾക്കും പരസ്യ ഏജൻസികൾക്കും ലക്ഷങ്ങളാണ് രാജു നൽകാനുള്ളത്.
കോട്ടയത്തെ വസ്ത്രം ടെക്സ്റ്റയിൽസ് ഷോറൂമിലെ സെക്യൂരിറ്റി ജീവനക്കാർക്കും ശമ്പളം നൽകാതെ രാജു പറ്റിച്ചു. ശമ്പളം കിട്ടാനായി സെക്യൂരിറ്റി ഏജൻസിയും ജീവനക്കാരും പല തവണ കടയിലെത്തിയെങ്കിലും പണം പൂർണ്ണമായി നൽകിയില്ല. ഗതികെട്ട സെക്യൂരിറ്റി ഏജൻസി ഉടമ കിട്ടാനുള്ള പണത്തിന് പകരം തുണിയെടുത്ത് തുക ഈടാക്കുകയായിരുന്നു.
നെടുംപറമ്പിൽ ഗ്രൂപ്പിന് സാമ്പത്തിക സ്ഥാപനങ്ങൾക്ക് പുറമേ വാഹന വില്‍പ്പന ഷോറൂമുകളും വസ്ത്രവ്യാപാര സ്ഥാപനവും ഉണ്ട്. ഇവിടെ നിന്ന് ഏറെ നാളായി നിക്ഷേപകർക്ക് കാലാവധി കഴിഞ്ഞിട്ടും തുക മടക്കി നല്‍കുന്നില്ലെന്ന് പരാതി ഉയർന്നിരുന്നു.
കോട്ടയം, തിരുവല്ല എന്നിവിടങ്ങളില്‍ ഉണ്ടായിരുന്ന കരിക്കിനേത്ത് സില്‍ക്സ് വാങ്ങിയാണ് എൻസിഎസ് വസ്ത്രം എന്ന പേരില്‍ തുണിക്കടകള്‍ തുടങ്ങിയത്. കോട്ടയത്ത് തുണിക്കട ഇരുന്ന കെട്ടിടത്തിന്റെ വാടക നല്‍കാതെ വന്നതും വിവാദത്തിന് കാരണമായി. ക്രൈസ്തവ സഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ വാടക നല്‍കാതെ ഇരിക്കാൻ കഴിയില്ലെന്ന് വിശ്വാസികള്‍ അറിയിക്കുകയും കടയ്ക്ക് മുന്നില്‍ സമരം തുടങ്ങുകയും ചെയ്തിരുന്നു.