
ന്യൂഡൽഹി: നീറ്റ്- യുജി ചോദ്യപേപ്പർ ചോർച്ചക്കേസിൽ പ്രതിയെക്കൂടി സിബിഐ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു.
പൂനെയിലെ സേത്ത് ഹീരലാൽ സറഫ് പ്രശാലയിലെ ജീവനക്കാരിയായ മനീഷ സഞ്ജയ് ഹവിൽദാറാണ് അറസ്റ്റിലായത്.
ഫിസിക്‌സ് ചോദ്യപേപ്പർ ചോർത്തിയതുമായി ബന്ധപ്പെട്ടാണ് ഇവരെ പിടികൂടിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) പരീക്ഷാ പ്രക്രിയയുമായി ബന്ധപ്പെട്ട ഒരു വിദഗ്ധയായി മനീഷ ഹവിൽദാറെ നിയമിച്ചിരുന്നു.
സിബിഐ അന്വേഷിക്കുന്ന ചോദ്യപേപ്പർ ചോർച്ചാ ശൃംഖലയിലെ മറ്റൊരു പ്രതിക്ക് ഫിസിക്‌സ് ചോദ്യങ്ങൾ കൈമാറുന്നതിൽ ഇവർ കേന്ദ്രബിന്ദുവായി പ്രവർത്തിച്ചുവെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന സൂചന.
പരീക്ഷാ വിദഗ്ധ എന്ന നിലയിൽ മനീഷയ്ക്ക് നീറ്റ് പരീക്ഷയുടെ ഫിസിക്‌സ് ചോദ്യപേപ്പർ മുൻകൂട്ടി ലഭിച്ചിരുന്നതായി സിബിഐ വക്താവ് അറിയിച്ചു.
2026 ഏപ്രിലിൽ ഇവർ ഈ ചോദ്യങ്ങൾ കേസിൽ നേരത്തെ അറസ്റ്റിലായ മറ്റൊരു പ്രതിക്ക് കൈമാറുകയായിരുന്നു.
മനീഷ ചോർത്തി നൽകിയ ചോദ്യങ്ങൾ പിന്നീട് നടന്ന നീറ്റ് പരീക്ഷയുടെ യഥാർഥ ചോദ്യപേപ്പറുമായി ഒത്തുനോക്കി സിബിഐ ഉദ്യോഗസ്ഥർ കൃത്യത ഉറപ്പുവരുത്തിയിട്ടുണ്ട്.
”രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ തിരച്ചിലിൽ കുറ്റകരമായ നിരവധി രേഖകൾ, ലാപ്‌ടോപ്പുകൾ, ബാങ്ക് സ്റ്റേറ്റ്മെന്റുകൾ, മൊബൈൽ ഫോണുകൾ എന്നിവ പിടിച്ചെടുത്തു.
ഇവയുടെ വിശദമായ പരിശോധന നടന്നുവരികയാണ്”- സിബിഐ പ്രസ്താവനയിൽ വ്യക്തമാക്കി.
അന്വേഷണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി രാജ്യത്തുടനീളം നടത്തിയ ഏകോപിപ്പിച്ച റെയ്ഡുകളിലൂടെ ഇതുവരെ 11 പേരാണ് അറസ്റ്റിലായിട്ടുള്ളത്.
ചോദ്യപേപ്പർ ചോർന്ന വഴികളും ഈ ശൃംഖലയിലെ മറ്റ് കണ്ണികളെയും കണ്ടെത്താൻ ഡിജിറ്റൽ, രേഖാമൂലമുള്ള തെളിവുകൾ ഏജൻസി പരിശോധിച്ചുവരികയാണ്.
കേസുമായി ബന്ധപ്പെട്ട് പൂനെ മോഡേൺ കോളജ് ഓഫ് ആർട്‌സിലെ ബയോളജി വിദഗ്ധയായ മനീഷ മന്ധാരെയെ മെയ് 16-ന് സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ബോട്ടണി, സുവോളജി അടക്കമുള്ള ബയോളജി വിഭാഗത്തിലെ ചോദ്യങ്ങൾ കൈകാര്യം ചെയ്തിരുന്നതിനാൽ ഇവർക്ക് പരീക്ഷാ സാമഗ്രികളിലേക്ക് വലിയ തോതിൽ പ്രവേശനമുണ്ടായിരുന്നുവെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു.
ചോദ്യപേപ്പർ ചോർച്ചാ വിവാദത്തെത്തുടർന്ന് മേയ് മൂന്നിന് മെഡിക്കൽ പ്രവേശനത്തിനായി നടത്തിയ നീറ്റ് പരീക്ഷ മെയ് 12-ന് എൻടിഎ റദ്ദാക്കിയിരുന്നു.







