
ആലപ്പുഴയിൽ നവകേരള സദസിനിടെ മുന്‍ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് നേതാക്കളെ മർദിച്ച സംഭവത്തിൽ ഉന്നത ഉദ്യോഗസ്ഥർ കുടുങ്ങാൻ സാധ്യത. കേസിലെ ആദൃ അന്വേഷണ ഉദ്യോഗസ്ഥനായ സുനിൽ രാജിന്‍റെ മൊഴിയെടുക്കും. പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ മൊഴിനൽകാനാണ് നിർദേശം. കേസ് ഫയൽ തിരുത്തിയെന്ന് അന്വേഷണ സംഘത്തിലെ എസ്ഐയും രണ്ട് പൊലീസുകാരും മൊഴി നൽകിയിരുന്നു. അട്ടിമറിയിൽ വിശദമായ റിപ്പോർട്ട് എസ്ഐടി തയ്യാറാക്കും. ക്രമസമാധാന ചുമതലയുണ്ടായിരുന്ന മുൻ എഡിജിപിക്ക് എതിരെയാണ് ആരോപണം. മൊഴി തിരുത്താൻ കരുക്കൾ നീക്കിയ ഉന്നതനും കുടുങ്ങും. വ്യാജരേഖയുണ്ടാക്കിയതിന് നിയമനടപടി നേരിടേണ്ടിവരും. ഔദ്യോഗിക രേഖകളിലും കൃത്യമം നടത്തി എന്നാണ് വിവരം.
അതേസമയം ആലപ്പുഴ മുൻ എസ്പി ചൈത്ര തെരേസ ജോൺ നൽകിയ റിപ്പോർട്ട് ആഭ്യന്തര വകുപ്പ് പൂഴ്ത്തിയതിന്റെ തെളിവ് എസ്ഐടിക്ക് ലഭിച്ചു. കേസിലെ മുഖ്യസാക്ഷിയായ മാധ്യമപ്രവർത്തകൻ ജോജി ജോസഫിന്റെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. ഗൺമാൻമാരുടെ മർദനം ചട്ടവിരുദ്ധമെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ടായിരുന്നു ആലപ്പുഴ മുൻ എസ്പി ചൈത്ര തെരേസ ജോൺ ആഭ്യന്തര വകുപ്പിന് റിപ്പോർട്ട് കൈമാറിയത്. എന്നാൽ ഈ റിപ്പോർട്ട് ആഭ്യന്തര വകുപ്പ് പൂഴ്ത്തിയെന്നാണ് എസ്ഐടി നിർണായക കണ്ടെത്തൽ. മർദ്ദന ദൃശ്യങ്ങളുടെ ആധികാരികതയിലും എസ്ഐടിക്ക് സംശയമില്ല.






